കാവിവത്കരണം രാജ്ഭവന് പുറത്തേക്കും; നിഗൂഢ മൗനത്തിൽ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാജ്ഭവനുള്ളിൽ മാത്രമല്ല, പുറത്തേക്കും പ്രത്യക്ഷ സംഘ്പരിവാർ അജണ്ടകൾ ഗവർണർ നടപ്പാക്കിത്തുടങ്ങിയിട്ടും മിണ്ടാതെ സർക്കാറും മുഖ്യമന്ത്രിയും. ആർ.എസ്.എസ് നേതാവ് ഗുരുമൂർത്തിയുടെ പ്രഭാഷണവും ഭാരതാംബ വിവാദവും മുതൽ ഒടുവിൽ ആർ.എസ്.എസ് നേതാക്കളുടെ ചിത്രം സ്ഥാപിക്കുന്നതിൽ വരെ രാജ്ഭവൻ സാഹചര്യങ്ങൾ മാറുമ്പോഴും മുഖ്യമന്ത്രിയും സർക്കാറും ഡൽഹിയിൽ നടത്തിയ ബ്രേക്ക്ഫാസ്റ്റ് നയതന്ത്രത്തിന്റെ ഹാങ്ങോവറിലാണ്. തെരഞ്ഞെടുപ്പ് വർഷത്തിൽ ഏറ്റുമുട്ടലിനില്ലെന്ന അനുനയ നിലപാടിലാണ് സർക്കാർ.
14 സർവകലാശാലകളിലെയും വി.സിമാരുടെ യോഗം ചൊവ്വാഴ്ച വിളിച്ചിരിക്കുകയാണ് ഗവർണർ. സർവകലാശാലകളിലെ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക നിയമനങ്ങളാണ് രാജ്ഭവന്റെ പ്രധാന ലക്ഷ്യം. പുതിയ യു.ജി.സി റെഗുലേഷനോടെ സിൻഡിക്കേറ്റംഗങ്ങളെ ഒഴിവാക്കി, പകരം വി.സിയും വിഷയ വിദഗ്ധരും വകുപ്പ് മോധാവിയുമടങ്ങുന്ന സെലക്ഷൻ കമ്മിറ്റിക്കാണ് അധ്യാപക നിയമനത്തിന്റെ ചുമതല. 14ൽ പത്തോളം വി.സിമാരും രാജ്ഭവന്റെ താൽപര്യത്തിനൊത്ത് പ്രവർത്തിക്കുന്നവരാണ്.
രാജ്ഭവൻ പരിപാടിയിൽ ആർ.എസ്.എസ് നേതാവ് എസ്. ഗുരുമൂർത്തിയെ പങ്കെടുപ്പിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിട്ടും മയത്തിലായിരുന്നു സി.പി.എം പ്രതികരണം. പരിസ്ഥിതി ദിനാഘോഷത്തിലെ ഭാരതാംബ വിവാദത്തിൽ കൃഷിമന്ത്രി രാജ്ഭവനിലെ ചടങ്ങ് ബഹിഷ്കരിക്കുകയും സി.പി.ഐ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിട്ടും മിണ്ടാൻ മുഖ്യമന്ത്രി തയാറായില്ല.
ഇതിനിടെ, കൃഷിമന്ത്രി വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിച്ചെന്ന് വിമർശിച്ച് ഗവർണറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി തിങ്കളാഴ്ച ദേശീയ ദിനപത്രത്തിൽ കുറിപ്പുമെഴുതി. ഭാരതാംബയുടെ ചിത്രത്തിൽ താൽപര്യമുള്ളവർ മാത്രം പുഷ്പാർച്ചന നടത്തിയാൽ മതിയെന്ന ഉദാരസമീപനം രാജ്ഭവൻ സ്വീകരിച്ചിട്ടും മന്ത്രി വിഷയം രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിച്ചതെന്ന് കുറിപ്പ് കുറ്റപ്പെടുത്തുന്നു.
ഒടുവിൽ രാജ്ഭവനിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാർ, രണ്ടാം സർ സംഘ്ചാലക് ഗോൾവാൾക്കർ എന്നിവരുടെ ചിത്രങ്ങൾ സ്ഥാപിച്ചപ്പോഴും കാര്യമായ പ്രതികരണങ്ങളൊന്നും സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഐ.ഐ.വൈ.എഫ് പരസ്യപ്രതിഷേത്തിന് മുതിർന്ന സാഹചര്യത്തിൽ എസ്.എഫ്.ഐ രാജ്ഭവൻ മാർച്ച് നടത്തിയത് മാത്രമാണ് അപവാദം.