ഗാന്ധിജിയെ അപഹസിച്ച സായ്പ്പിന്‍റെ മുഖത്തടിച്ച കൊച്ചുകൃഷ്ണൻ നായർ
text_fieldsഷൊർണൂർ: സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊള്ളുന്ന കാലം. 1942ൽ മഹാത്മാഗാന്ധി അന്നത്തെ സിലോണിന്‍റെ തലസ്ഥാനമായ കൊളംബോ സന്ദർശിക്കുന്നു. ഗാന്ധിജിയെ ദൈവതുല്യനായി കാണുന്ന ചെറുതുരുത്തി തട്ടാൻതൊടിയിൽഅന്ന് കൊളംബോയിലെ യൂറോപ്യൻ കമ്പനിയിൽ മാനേജിങ് ഡയറക്ടറുടെ സെക്രട്ടറിയായി ജോലി ചെയ്തുവരുകയാണ്.
പ്രവൃത്തി ദിനമായതിനാൽ ഉച്ചക്കുള്ള ഇടവേളയിൽ ഗാന്ധിജിയെ കാണാൻ ഗാന്ധിത്തൊപ്പിയണിഞ്ഞ് കൈയിൽ ത്രിവർണ പതാകയുമേന്തി കൊച്ചുകൃഷ്ണൻ നായരും പോയി.ഗാന്ധിജി പ്രതീക്ഷിച്ചതിലും ഒന്നരമണിക്കൂർ വൈകിയാണ് എത്തിയത്. കാത്തിരുന്നവരെല്ലാം അദ്ദേഹത്തിന്‍റെ പ്രസംഗം മുഴുവനും കേട്ട്, പാദനമസ്കാരവും ചെയ്ത് ഖാദി വസ്ത്രവും അണിഞ്ഞാണ് മടങ്ങിയത്. ഓഫിസ് മേധാവിയായ സായിപ്പ് വളരെ കണിശക്കാരനായിരുന്നു. അതിനാൽ ഉച്ചക്കുശേഷം അവധി അനുവദിക്കണമെന്ന അപേക്ഷയുമായാണ് കൊച്ചുകൃഷ്ണൻ നായർ ഓഫിസിലെത്തിയത്.
സായിപ്പിന്‍റെ അടുത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. ''ഞാൻ മഹാത്മാഗാന്ധിയെ കാണാൻ പോയി. അദ്ദേഹം വൈകിയാണ് വന്നത്. അതുകൊണ്ട് ഉച്ചക്കുശേഷം അവധി അനുവദിക്കണം...'' കൊച്ചുകൃഷ്ണൻ നായർ പറഞ്ഞുതീർന്നതും, ''ഹൂ ഈസ് ഗാന്ധി, യൂ ഇന്ത്യൻ ഫൂൾസ്'' സായിപ്പ് അട്ടഹസിച്ചു. ഇതുകേട്ട് സൗമ്യഭാവം കൈവിടാതെ നായർ ടൈപ്പ്റൈറ്റിങ് മെഷീന്‍റെ അടുത്തേക്ക് നീങ്ങി.
തെല്ലിട ശങ്കിക്കാതെ അദ്ദേഹം തന്‍റെ രാജിക്കത്ത് ടൈപ്പ് ചെയ്തു. കത്ത് നൽകി തന്‍റെ ചെരിപ്പ് ഊരി സായിപ്പിന്‍റെ മുഖത്തടിച്ച് തിരിച്ച് നടന്നു. വീട്ടിലെത്തി ഭാര്യ കവളപ്പാറ ഓട്ടൂർ പുത്തൻവീട്ടിൽ ദേവകി അമ്മയോട് കാര്യങ്ങൾ പറഞ്ഞു. കേട്ടയുടൻ ഉണ്ടാകാൻ പോകുന്ന പുകിലുകളെയോർത്ത് അവർ കരഞ്ഞുതുടങ്ങി. പൊലീസ് കേസാവുമെന്ന് ഭയന്ന് അടുത്തുള്ള മലയാളികളെക്കണ്ട് വിവരം പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞു, ജോലിയൊന്നുമില്ലാതെ ഏറക്കാലം അവിടെ ജീവിക്കാനായില്ല. പുതിയ ജോലിക്കായി ശ്രമം തുടങ്ങി. അടിക്കേണ്ടിയിരുന്നില്ലെന്ന് ചിലരെല്ലാം പറഞ്ഞു.
മേലാധികാരിയാണെങ്കിലും അദ്ദേഹം നമ്മുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. വികാരം അതിനാൽതന്നെ അതിര് വിടുകയായിരുന്നെന്ന് കൊച്ചുകൃഷ്ണൻ നായർ ന്യായീകരിച്ചു. പുതിയ ജോലി കിട്ടിയില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചുപോകും -നിശ്ചയദാർഢ്യം കൈവിടാതെ അദ്ദേഹം പറഞ്ഞു. ഒരുമാസം കൂടി കഴിഞ്ഞു. ഒരുദിവസം സായിപ്പ് നായരെ കാണാൻ വീട്ടിലെത്തി. കൂടെ ഒരുപാട് ഉദ്യോഗസ്ഥരും.
ദേവകി അമ്മ കരച്ചിലായി. നായർ വാതിൽ തുറന്ന് പുറത്തിറങ്ങി. ''അയാം വെരി സോറി മിസ്റ്റർ നായർ'' സായിപ്പ് ഹസ്തദാനം നൽകി പറഞ്ഞു. ഒന്നുകിൽ വാഹനത്തിൽ തന്‍റെ കൂടെവന്ന് ജോലിയിൽ തിരികെ പ്രവേശിക്കാം. അല്ലെങ്കിൽ ഈ കവർ സ്വീകരിക്കാം. അതുവരെ ജോലി ചെയ്തതിനുള്ള ശമ്പളവും ആനുകൂല്യവുമായിരുന്നു കവറിൽ. താങ്കളെപ്പോലെയുള്ളവരിൽനിന്നുള്ള സ്വാതന്ത്ര്യമാണ് ഗാന്ധിജിയുടെ ലക്ഷ്യമെന്നും അദ്ദേഹം തനിക്ക് ദൈവതുല്യനാണെന്നും പറഞ്ഞ് ഈ ദേശസ്നേഹി സായിപ്പിനെ മടക്കി.
താമസിയാതെ മറ്റൊരു സ്ഥാപനത്തിൽ ജോലിക്ക് കയറി. 1959ൽ സിലോൺ വിട്ട് ഇന്ത്യയിലെത്തി. ഇതിനിടെ ജവഹർലാൽ നെഹ്റു ഇന്ദിര ഗാന്ധിയെ കൂട്ടി സിലോണിലെത്തിയപ്പോൾ സ്വീകരണ കമ്മിറ്റി അംഗമായി പ്രവർത്തിച്ചതായും മകനും എഴുത്തുകാരനുമായ ഒ.പി. ബാലകൃഷ്ണൻ പറഞ്ഞു. 1982ൽ 76ാമത്തെ വയസ്സിൽ അദ്ദേഹം തന്‍റെ നിയോഗം പൂർത്തിയാക്കി കടന്നുപോയി.