Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസജി ചെറിയാന്റെ എം.എൽ.എ...

സജി ചെറിയാന്റെ എം.എൽ.എ സ്ഥാനവും നിയമക്കുരുക്കിൽ

text_fields
bookmark_border
സജി ചെറിയാന്റെ എം.എൽ.എ സ്ഥാനവും നിയമക്കുരുക്കിൽ
cancel

കൊച്ചി: മന്ത്രിസ്ഥാനം ഒഴിഞ്ഞെങ്കിലും എം.എൽ.എ സ്ഥാനത്ത് തുടരാനാവുമോയെന്ന നിയമപ്രശ്നം സജി ചെറിയാന് വീണ്ടും കുരുക്കാവും. ഭരണഘടനാനുസൃതമായി സത്യപ്രതിജ്ഞ ചെയ്ത് മന്ത്രി സ്ഥാനം ഏൽക്കുന്ന നടപടിക്രമങ്ങൾ തന്നെയാണ് എം.എൽ.എയായി ചുമതലയേൽക്കാനും ചട്ടപ്രകാരം പിന്തുടരുന്നത്. ഭരണഘടനയെ അവഹേളിച്ചെന്ന ആരോപണം ശക്തമായതോടെയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ സാഹചര്യത്തിൽ ഇതേ കാരണങ്ങളാൽ എം.എൽ.എ സ്ഥാനം ഒഴിയാനും സജി ചെറിയാൻ ബാധ്യസ്ഥനാണെന്നാണ് നിയമവൃത്തങ്ങളുടെ അഭിപ്രായം.

ഭരണഘടനയെതന്നെ തള്ളിപ്പറഞ്ഞതിലൂടെ മന്ത്രിയെന്ന നിലയിൽ മാത്രമല്ല, ജനപ്രതിനിധിയായി തുടരാനുള്ള അയോഗ്യതയും സജി ചെറിയാൻ ക്ഷണിച്ചു വരുത്തി. മന്ത്രിസ്ഥാനം ഒഴിയാതിരുന്നെങ്കിൽ വിഷയം കോടതി കയറാനും കോടതി പരാമർശമുണ്ടായാൽ നാണം കെട്ട് രാജിവെക്കാനും ഇടയാകുമായിരുന്നുവെന്ന് തന്നെയാണ് നിയമ മേഖലയിൽ പൊതുവെയുള്ള വിലയിരുത്തൽ. ഇതുകൂടി മുന്നിൽക്കണ്ടാണ് മന്ത്രിസ്ഥാനം ഒഴിഞ്ഞത്.

എങ്കിലും, സജി ചെറിയാനെതിരെ ഉണ്ടാകാൻ സാധ്യതയുള്ള നിയമ നടപടികൾ ഇല്ലാതാകില്ല. എം.എൽ.എ സ്ഥാനത്തുനിന്ന് സജിയെ നീക്കാൻ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയിട്ടുണ്ട്. സമാന പരാതികൾ പലയിടങ്ങളിൽനിന്ന് വേറെയുമുണ്ടാകാം. വിഷയം കോടതിയിലെത്തിയാൽ സജി ചെറിയാന്‍റെ പരാമർശത്തിൽ ഭരണഘടന അവഹേളനമുണ്ടോയെന്ന വിഷയം ഇഴകീറി പരിശോധിക്കപ്പെടും. പരാമർശവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ കോടതി തന്നെ വ്യാഖ്യാനിക്കാനുള്ള സാധ്യതയുമുണ്ട്. കോടതിയിൽനിന്ന് ദോഷകരമായ പരാമർശമുണ്ടായാൽ അത് സജി ചെറിയാന്‍റെ എം.എൽ.എ സ്ഥാനത്തിനും ഭിഷണിയാകും. അത്തരം പരാമർശങ്ങൾ ഇല്ലാത്തപക്ഷം തിരികെ മന്ത്രിസ്ഥാനത്ത് എത്താം.

തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നുമുള്ള സജി ചെറിയാന്‍റെ നിലപാട് നിയമനടപടികളെ നേരിടേണ്ട വ്യക്തിയെന്ന നിലയിൽ ബോധപൂർവം സ്വീകരിച്ച നിലപാടായി വേണം കരുതാനെന്നാണ് ചില നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. കുറ്റം സമ്മതിച്ച് ക്ഷമാപണം നടത്തുന്നത് കോടതിയിൽ തന്‍റെ പ്രതിരോധം ദുർബലമാക്കാനിടയുണ്ടെന്ന തിരിച്ചറിവിലാകാം ഈ നിലപാട്.

ഇത് വ്യക്തമായ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലുമാകാം. ഭരണഘടനാ അവഹേളനം നടന്നിട്ടുണ്ടെന്ന് കോടതികളിൽനിന്ന് പരാമർശമുണ്ടായാൽ ഇന്ത്യൻ ശിക്ഷാനിയമ പ്രകാരമുള്ള നടപടികളും നേരിടേണ്ടി വരും.

Show Full Article
TAGS:MLA Saji Cheriyan 
News Summary - Saji Cherian's MLA position is also in legal trouble
Next Story