‘സജി ചെറിയാന്റെ പേര് മാറ്റി ‘സജി ചൊറിയാന്‍’ എന്നാക്കണം, നാടിനെ എങ്ങനെ ചൊറിയാം എന്നാണ് അദ്ദേഹത്തിന്റെ ഗവേഷണം’; വിമർശനവുമായി യൂത്ത് കോൺഗ്രസ്
text_fieldsസജി ചെറിയാൻ, അബിൻ വർക്കി
വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറി ആയി സി.പി.എം മാറിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവ വികാസങ്ങളിൽനിന്ന് അതാണ് മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ സാമുദായിക സൗഹാർദം തകർത്ത്, വർഗീയമായി നാടിനെ വിഭജിച്ചായാലും നാലു വോട്ട് പിടിക്കാനുള്ള കുടില തന്ത്രത്തിന്റെ ഭാഗമായി സി.പി.എമ്മും അതിന്റെ നേതാക്കന്മാരും കേരളം ഇന്നേവരെ കേട്ടിട്ടില്ലാത്ത രീതിയിൽ വർഗീയ പ്രസ്താവനകൾ നടത്തുന്നത് അത്യന്തം ഖേദകരമാണ്. ബി.ജെ.പിക്കാർ പോലും പറയാൻ അറയ്ക്കുന്ന വിധത്തിലുള്ള വർഗീയ പ്രസ്താവനകളാണ് അവർ നടത്തുന്നത്. തീർത്തും പ്രതിഷേധാർഹമാണിത്.
കേരളം എക്കാലത്തും മതേതര കാഴ്ചപ്പാടുകൾ ഈ രാജ്യത്തിന് സംഭാവന ചെയ്ത മണ്ണാണ്. ആ കേരളത്തെയാണ് വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും കാർഡിറക്കി വർഗീയതയുടെ വിളനിലമാക്കി മാറ്റാൻ സി.പി.എം ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. സത്യത്തിൽ, ഈ സജി ചെറിയാന്റെ പേര് മാറ്റി 'സജി ചൊറിയാന്‍' എന്ന് ആക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ അഭിപ്രായം. ഈ നാടിനെ എങ്ങനെ ചൊറിയാം എന്നുള്ളതിൽ അദ്ദേഹം ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
സജി ചെറിയാന്റെ വാക്കുകൾ ആർ.എസ്.എസിന്റെ വാക്കുകളാണെന്നത് അദ്ദേഹത്തിന്റെ മുൻകാല അനുഭവങ്ങളിൽനിന്ന് വ്യക്തമാണ്. ഇന്ത്യൻ ഭരണഘടന കുന്തവും കുടച്ചക്രവുമാണ് എന്ന് പറഞ്ഞയാളാണദ്ദേഹം. ഭരണഘടന മാറ്റിയെഴുതണമെന്നായിരുന്നു പറഞ്ഞത്.
ഈ പ്രസ്താവന മുമ്പേ പറഞ്ഞിട്ടുള്ളത് ബി.ജെ.പിയും ആർ.എസ്.എസുമാണ്. പേര് നോക്കിയാൽ അവന്മാരൊക്കെ ആരാണ് എന്ന് നമുക്ക് മനസ്സിലാക്കാം എന്നാണ് സജി ചെറിയാന്റെ പുതിയ പ്രസ്താവന. ഈ പ്രസ്‍താവന നമ്മൾ മുമ്പേ കേട്ടിട്ടുള്ളത് 2019ൽ ഝാർഖണ്ഡിൽ നരേന്ദ്ര മോദി പറഞ്ഞതിലൂടെയാണ്. പൗരത്വ സമരത്തിൽ പങ്കെടുക്കുന്നവരെ അവരുടെ വേഷം നോക്കിയാൽ അറിയാം എന്നാണ് അന്ന് മോദി പറഞ്ഞത്. ആർ.എസ്.എസിന്റെ നാവായി കേരളത്തിൽ വരുന്നത് ഇപ്പോൾ സജി ചെറിയാനാണ്‘- അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി.
ഇതുപോലെ പച്ചയായ വർഗീയത ഒരു ഉളുപ്പുമില്ലാതെ പറയാൻ സജി ചെറിയാന് നാണമില്ലേ? ഭരണഘടനയിൽതൊട്ട് സത്യം ചെയ്ത മന്ത്രിയാണ് ഇങ്ങനെയൊക്കെ പറയുന്നത്. നാടിനെ വിഭജിച്ച് നാലു വോട്ട് പിടിക്കാനുള്ള കുടില തന്ത്രം മാത്രമാണ് സജി ചെറിയാന്റെ മനസ്സിലുള്ളത്. സജി ചെറിയാൻ പ്രതിനിധീകരിക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ ഇക്കുറി നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ചു പഞ്ചായത്തുകളിൽ ബി.ജെ.പി ജയിച്ചത് ഏതു ഡീലിന്റെ ഭാഗമായാണെന്ന് വരുംകാല തെരഞ്ഞെടുപ്പുകളിൽ നിരീക്ഷിക്കേണ്ടതാണെന്നും അബിൻ പറഞ്ഞു.


