Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളം, ബോണസ്, വിപണി...

ശമ്പളം, ബോണസ്, വിപണി ഇടപെടൽ... സർക്കാറിന്‍റെ ഓണച്ചെലവ് 18,000 കോടി

text_fields
bookmark_border
VD Satheesan
cancel
camera_alt

വി.ഡി. സതീശൻ

തിരുവനന്തപുരം: ബോണസും ഉത്സവബത്തയും വിപണി ഇടപെടലുമടക്കം ഇക്കുറി ഓണച്ചെലവുകൾക്കായി സർക്കാർ നീക്കിവെക്കുന്നത് 18000 കോടി. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കമാണിത്. സാധാരണയുള്ള പ്രതിമാസ ബാധ്യതകൾക്ക് പുറമെ ഓണം പ്രമാണിച്ച് നേരിട്ട് കണ്ടെത്തേണ്ടത് 10,000 കോടിയാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ ഖജനാവിൽനിന്ന് ഇത്രയും ഭീമമായ തുക വിതരണം ചെയ്യുന്നത് ധനസ്ഥിതിയെ ഞെരുക്കും. എങ്കിലും താഴെത്തട്ടിലേക്ക് നേരിട്ട് പണമെത്തിക്കുന്നത് പ്രാദേശിക വിപണിയിൽ ഉപഭോഗ ആവശ്യകത വർധിക്കുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സജീവമാക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ബോണസും ക്ഷേമ പെൻഷനുകളും ഒരേസമയം എത്തുന്നത് പ്രാദേശിക വ്യാപാര മേഖലക്ക് താങ്ങാകും. ഫലത്തിൽ ഓണത്തിനു വിപണിയിൽ പണം എത്തിച്ചാൽ അടുത്ത മാസങ്ങളിൽ നികുതി വരുമാനത്തിൽ കാര്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഓണച്ചെലവുകൾക്കുള്ള അധിക വിഹിതം കണ്ടെത്താനായി 2200 കോടി കടമെടുക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആകെ കടമെടുക്കൽ 14,400 കോടിയാകും. ഏപ്രിൽ മുതൽ ഡിസംബർ വരെ 23,000 കോടി കടമെടുക്കാനാണ് കേന്ദ്ര അനുമതിയുള്ളത്. ഫലത്തിൽ ശേഷിക്കുന്ന നാല് മാസത്തേക്കുള്ള കടമെടുക്കൽ 8,600 കോടിയിൽ പരിമിതപ്പെടും. വരും മാസങ്ങളിൽ കടമെടുപ്പ് പരിധി പരിമിതപ്പെടുന്നതിനാൽ സർക്കാരിന്റെ ദൈനംദിന ചെലവുകൾക്ക് സാമ്പത്തിക നിയന്ത്രണം വേണ്ടി വരും. കടമെടുപ്പ് പരിധിയിൽ അൽപം കൂടി ഇളവ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയിട്ടില്ല.

ഓണക്കാലത്ത് സാമൂഹ്യ ക്ഷേമ പെൻഷനും ഒപ്പം സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യങ്ങൾക്കുമായി 1735 കോടിയാണ് നീക്കിവെക്കുന്നത്. വിലക്കയറ്റം പിടിച്ചുനിർത്താൻ സപ്ലൈകോയുടെ വിപണി ഇടപെടലുകൾക്കായി പ്രത്യേക ധനസഹായമാണ് മറ്റൊന്ന്. ഓണം വിപണികൾക്കും സബ്സിഡി വിതരണത്തിനുമായി 53 കോടി ചെലവിടും. കൺസ്യൂമർഫെഡ് ചന്തകൾക്കായി 25 കോടിയും. ആശാ, അങ്കണവാടി ജീവനക്കാർ, പ്രീ-പ്രൈമറി അധ്യാപകർ, സ്കൂൾ ഉച്ചഭക്ഷണ തൊഴിലാളികൾ, പാലിയേറ്റീവ് കെയർ നഴ്സുമാർ, ബഡ്സ് സ്കൂൾ ജീവനക്കാർ, സാക്ഷരതാ പ്രേരക്മാർ, എസ്.സി/എസ്.ടി പ്രൊമോട്ടർമാർ, ഹോംഗാർഡുകൾ, ലൈഫ് ഗാർഡുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ കരാർ-സ്കീം അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർക്കും പ്രത്യേക ഉത്സവബത്തകൾ നൽകാൻ തുക നീക്കിവെച്ചിട്ടുണ്ട്.

Show Full Article
TAGS:bonus VD Satheesan Market intervention onam 
News Summary - Salary, bonus, market intervention... Government's Onam spending touches Rs 18,000 crore
Next Story