സുന്നി മഹല്ല് ഫെഡറേഷനിൽ പിടിമുറുക്കി ലീഗ് അനുകൂല വിഭാഗം
text_fieldsഡോ. ബഹാഉദ്ദീൻ നദ്വി (വർക്കിങ് പ്രസിഡന്റ്), നാസർ ഫൈസി കൂടത്തായി (ഓർഗനൈസിങ് സെക്രട്ടറി)
മലപ്പുറം: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനിൽ (എസ്.എം.എഫ്) സമ്പൂർണ ആധിപത്യം നേടി മുസ് ലിംലീഗ് അനുകൂലികൾ. ചെമ്മാട് ദാറുൽഹുദയിൽ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ, നിലവിലുള്ള പ്രധാന ഭാരവാഹികളെ അതേ സ്ഥാനങ്ങളിൽ നിലനിർത്തിയ ലീഗ് പക്ഷം പുതിയൊരു ചേരിയെക്കൂടി നേതൃത്വത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.
സമസ്ത ജനറൽ സെക്രട്ടറി കൂടിയായ കെ. ആലിക്കുട്ടി മുസ്ലിയാർ പ്രസിഡന്റായും യു. ഷാഫി ഹാജി ചെമ്മാട് ജന. സെക്രട്ടറിയായും പാണക്കാട് അബ്ബാസലി തങ്ങൾ ട്രഷററായും തുടരും. ഇതോടൊപ്പം പുതിയ വർക്കിങ് പ്രസിഡന്റായി ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വിയെയും വർക്കിങ് സെക്രട്ടറിയായി അബ്ദുസമദ് പൂക്കോട്ടൂരിനെയും ഓർഗനൈസിങ് സെക്രട്ടറിയായി നാസർ ഫൈസി കൂടത്തായിയെയും നിയമിച്ചു.
അബ്ദുസമദ് പൂക്കോട്ടൂർ മുൻ കമ്മിറ്റിയിലും വർക്കിങ് സെക്രട്ടറിയായിരുന്നു. ലീഗ് പക്ഷത്തിനായി ശക്തമായി നിലകൊള്ളുന്ന ബഹാഉദ്ദീൻ നദ്വിയുടെയും നാസർ ഫൈസി കൂടത്തായിയുടെയും നേതൃത്വത്തിലേക്കുള്ള ആരോഹണം മഹല്ല് ഫെഡറേഷനിൽ ലീഗ് പക്ഷം പിടിമുറുക്കുന്നതിന്റെ സൂചനയാണ്.
സമസ്തയിലെ ലീഗ് വിരുദ്ധരായ ഉമർ ഫൈസി മുക്കം അടക്കമുള്ള പ്രധാനികൾ കമ്മിറ്റികളിൽ തഴയപ്പെട്ടു. സമസ്തക്ക് കീഴിലുള്ള നാലായിരത്തോളം മഹല്ലുകളുടെ ഭരണത്തിന് നേതൃത്വം നൽകുന്ന എസ്.എം.എഫ്, നേരത്തെതന്നെ ലീഗ് അനുകൂലികൾക്ക് മേധാവിത്വമുള്ള സംഘടനയാണ്. എസ്.എം.എഫിൽ പ്രാതിനിധ്യമുറപ്പിക്കാനുള്ള ലീഗ് വിരുദ്ധരുടെ നീക്കം, കീഴ്ഘടകങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽതന്നെ ലീഗ് പക്ഷം തടയിട്ടിരുന്നു.
പഞ്ചായത്ത്, മേഖല, ജില്ല, സംസ്ഥാന കൗൺസിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിലേറെയും ലീഗ് അനുകൂലികളാണ്. 14 ജില്ല കൗൺസിലുകളിൽ പാലക്കാട് ഒഴികെയുള്ളവ ലീഗ് പക്ഷത്തിന്റെ സമ്പൂർണ നിയന്ത്രണത്തിലാണ്. കീഴ്ഘടകങ്ങളിൽനിന്നുള്ള നാനൂറോളം പേർ സംസ്ഥാന കൗൺസിലിൽ പ്രതിനിധികളായുണ്ട്.
ലീഗ് നേതാക്കളായ അബ്ദുറഹിമാൻ കല്ലായിയും എം.സി. മായിൻ ഹാജിയും വൈസ് പ്രസിഡന്റുമാരായി പുതിയ കമ്മിറ്റിയിലുണ്ട്. തെരഞ്ഞെടുപ്പ് മാന്വലിൽ മാറ്റംവരുത്തി മഹല്ല് കമ്മിറ്റികളിൽപ്പെടാത്തവരെ മേൽഘടകങ്ങളിൽ ഉൾപ്പെടുത്തിയെന്നും അർഹരായ പലരേയും വെട്ടിനിരത്തിയെന്നുമാണ് ലീഗ് വിരുദ്ധരുടെ ആരോപണം.
നേരത്തെ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ വരണാധികാരി സ്ഥാനത്തുനിന്ന് നീക്കിയത് വിവാദമായിരുന്നു. മാന്വൽമാറ്റം ഭരണഘടന വിരുദ്ധമാണെന്നും സംഘടന തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്നുമുള്ള മറുവിഭാഗത്തിന്റെ അപേക്ഷ പരപ്പനങ്ങാടി മുൻസിഫ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.
ജില്ല കൗൺസിലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 396 പേരാണ് സംസ്ഥാന കൗൺസിലിലുള്ളത്. 81 അംഗ പ്രവർത്തക സമിതിയും എസ്.എം.എഫിനുണ്ട്. 15 സംസ്ഥാന ഭാരവാഹികളുടെയും പ്രവർത്തക സമിതി അംഗങ്ങളുടെയും 14 ഉപസമിതി ഭാരവാഹികളുടെയും തെരഞ്ഞെടുപ്പാണ് ബുധനാഴ്ച പൂർത്തിയായത്.