Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാകും സമസ്ത ജന....

ആരാകും സമസ്ത ജന. സെക്രട്ടറി? സമസ്തയിലും ലീഗിലും ചർച്ച, മുൻതൂക്കം കൊയ്യോട് ഉമർ മുസ്ലിയാർക്ക്

text_fields
bookmark_border
ആരാകും സമസ്ത ജന. സെക്രട്ടറി? സമസ്തയിലും ലീഗിലും ചർച്ച, മുൻതൂക്കം കൊയ്യോട് ഉമർ മുസ്ലിയാർക്ക്
cancel

കോഴിക്കോട്: പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് സമസ്തയുടെ പുതിയ ജന. സെക്രട്ടറി ആരാകുമെന്നതു സംബന്ധിച്ച് സമസ്ത നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും ചർച്ച സജീവം.

പുതിയ സാഹചര്യത്തിൽ ജന. സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയോഗം മുസ്ലിം ലീഗിനും നിർണായകമാണ്.

സാധാരണനിലയിൽ സമസ്ത നേതൃത്വം പാണക്കാട് കുടുംബവുമായി കൂടിയാലോചിച്ചാണ് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാറുള്ളത്. സമസ്ത-ലീഗ് ഭിന്നതയിൽ അടുത്ത കാലത്ത് മഞ്ഞുരുക്കമുണ്ടായിട്ടുണ്ടെങ്കിലും ഇരുകൂട്ടർക്കും സ്വീകാര്യനായ വ്യക്തിയെ ജന. സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കാനാണ് സാധ്യത.

കൊയ്യോട് പി.പി. ഉമർ മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളതെന്ന് അറിയുന്നു. എം.ടി. അബ്ദുല്ല മുസ്ലിയാർ നിലവിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജന. സെക്രട്ടറിയായതിനാൽ കൊയ്യോട് ഉമർ മുസ്ലിയാർക്കാണ് മുൻതൂക്കം.

2022ൽ ചേലക്കാട് മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തെ തുടർന്ന് സമസ്ത ട്രഷറർ സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട ഉമർ മുസ്ലിയാർക്ക് ജംഇയ്യത്തുൽ ഖുത്വബ ജന. സെക്രട്ടറി, വിദ്യാഭ്യാസ ബോർഡ് ജോ. സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തന പരിചയമുണ്ട്.

നിരവധി മഹല്ലുകളിലെ ഖാദിയും പ്രഭാഷകനുമായ അദ്ദേഹം മുസ്ലിം ലീഗിന് കൂടി സ്വീകാര്യനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

2016ൽ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാരുടെ വിയോഗത്തെ തുടർന്ന് ജന. സെക്രട്ടറിയായ കെ. ആലിക്കുട്ടി മുസ്ലിയാർ 10 വർഷമാണ് സ്ഥാനത്തുണ്ടായിരുന്നത്. വാഫി പ്രശ്നവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സമസ്ത-ലീഗ് ഭിന്നത രമ്യതയിൽ എത്തിക്കണമെന്ന താൽപര്യത്തോടെ പ്രവർത്തിച്ച അദ്ദേഹത്തിന് പാണക്കാട് കുടുംബവുമായി നല്ല ബന്ധമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് കത്തിനിന്ന വിഷയം പിന്നീട് തണുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചും അപസ്വരങ്ങളുയർന്നു.

ലീഗ് നിർത്തിയ വനിത സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്കെതിരെ ഒരുവിഭാഗം പരസ്യ പ്രസ്താവനകളുമായി രംഗത്തിറങ്ങിയെങ്കിലും ഏശിയില്ല. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം പ്രശ്നങ്ങൾ കെട്ടടങ്ങിയ അവസ്ഥയിലാണ്.

ഭിന്നതക്ക് അടിസ്ഥാനമായി പരിഹരിക്കാതെ കിടക്കുന്ന പ്രശ്നങ്ങൾ ഇപ്പോഴുമുള്ളതിനാൽ എല്ലാവരെയും കോർത്തിണക്കി മുന്നോട്ടുപോകാൻ കഴിയുന്ന നേതൃത്വം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമസ്ത പ്രവർത്തകർ.

Show Full Article
TAGS:Samastha Muslim League Discussion Kerala News 
News Summary - ആരാകും സമസ്ത ജന. സെക്രട്ടറി? സമസ്തയിലും ലീഗിലും ചർച്ച മുൻതൂക്കം കൊയ്യോട് ഉമർ മുസ്ലിയാർക്ക്
Next Story