സമസ്ത-ലീഗ് സമവായം: ചർച്ചകളിൽ മെല്ലപ്പോക്ക്
text_fieldsമലപ്പുറം: പ്രതീക്ഷയുയർത്തി വളരെയേറെ മുന്നോട്ടുപോയ സമസ്ത-ലീഗ് സമവായശ്രമം മന്ദഗതിയിൽ. സി.ഐ.സിയുമായി (കോഓഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസ്) ബന്ധപ്പെട്ട വിഷയത്തിൽ ലീഗ് വിരുദ്ധ പക്ഷം മുന്നോട്ടുവെച്ച നിർദേശങ്ങളിൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തീരുമാനമറിയിച്ചിട്ടില്ല. മുശാവറയിൽ സാദിഖലി തങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച ധാരണ വൈകുന്നതും ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ തടസ്സമായി നിൽക്കുകയാണ്.
സാദിഖലി തങ്ങളെ മുശാവറയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം കോഴിക്കോട്ട് നടന്ന ഒന്നാംഘട്ട ചർച്ചയിൽ ഉന്നയിക്കപ്പെട്ടിരുന്നില്ലെങ്കിലും ഈ വിഷയം പരമപ്രധാനമായി ലീഗ് പക്ഷം കാണുന്നുണ്ട്. കഴിഞ്ഞ മുശാവറ യോഗത്തിൽ ഈ നിർദേശം ഉയർന്നെങ്കിലും ചർച്ചയുണ്ടായില്ല. അതിനിടെ, സാദിഖലി തങ്ങൾക്കു പകരം അബ്ബാസലി തങ്ങളെ മുശാവറയുടെ ഭാഗമാക്കാമെന്ന നിർദേശം മധ്യസ്ഥരുടെ ഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ലീഗ് പക്ഷം നിലപാട് അറിയിച്ചിട്ടില്ല.
സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരിയെ മാറ്റണമെന്നാണ് സമസ്തയുടെ ഭാഗത്തുനിന്നുള്ള പ്രധാന ആവശ്യം. സി.ഐ.സി വിഷയത്തിൽ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കാമെന്നാണ് സമവായചർച്ചയിൽ സാദിഖലി തങ്ങൾ പറഞ്ഞത്. വിഷയം സാദിഖലി തങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം തീരുമാനമറിയിക്കുമെന്നും കഴിഞ്ഞ മുശാവറ യോഗത്തിനുശേഷം ജിഫ്രി തങ്ങൾ വ്യക്തമാക്കിയിരുന്നു. സി.ഐ.സി വിഷയത്തിൽ പരിഹാരം കാണാതെ മധ്യസ്ഥചർച്ചയിൽ ഉന്നയിക്കപ്പെട്ട മറ്റു പ്രശ്നങ്ങളിൽ തീരുമാനമായതുകൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് ലീഗ് വിരുദ്ധ പക്ഷം.
കോഴിക്കോട്ട് നടന്ന അനുരഞ്ജന ചർച്ചയിൽ തീരുമാനിച്ചപ്രകാരം ചേളാരിയിലെ സമസ്ത ആസ്ഥാനത്ത് രണ്ടാംനിര നേതാക്കളുടെ യോഗം നടന്നെങ്കിലും ലീഗ് വിരുദ്ധ വിഭാഗത്തിൽനിന്ന് കൂടുതൽ നേതാക്കൾ എത്താത്തതിനാൽ വിശദ ചർച്ച അന്ന് നടന്നിരുന്നില്ല. വിദ്യാഭ്യാസ ബോർഡിലും സുപ്രഭാതം പത്രത്തിലും ജംഇയ്യതുൽ മുഅല്ലിമീനിലും പ്രാതിനിധ്യം വേണമെന്നാണ് സമവായ ചർച്ചയിൽ ലീഗ് പക്ഷം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.
സി.ഐ.സി വിഷയത്തിനു പുറമേ സുന്നി മഹല്ല് ഫെഡറേഷനിൽ ഭാരവാഹിത്വം, ജാമിഅ നൂരിയ്യ, ദാറുൽഹുദ സ്ഥാപനങ്ങളും പോഷകസംഘടനയായ എസ്.എം.എഫും സമസ്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കണം എന്നതടക്കം ആവശ്യങ്ങൾ ലീഗ് വിരുദ്ധ പക്ഷം ഉന്നയിക്കുന്നുണ്ട്. ലീഗ് ദേശീയ ആസ്ഥാന ഉദ്ഘാടനച്ചടങ്ങുകളുമായി ബന്ധപ്പെട്ടും മറ്റും പ്രമുഖ നേതാക്കൾ തിരക്കുകളിലായതിനാലാണ് സമവായ നീക്കങ്ങളുടെ വേഗം കുറഞ്ഞതെന്നാണ് പാർട്ടികേന്ദ്രങ്ങൾ നൽകുന്ന സൂചന.