സമസ്ത-ലീഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തി; പ്രശ്നപരിഹാരത്തിന് തിരക്കിട്ട ശ്രമം
text_fieldsകോഴിക്കോട്: സമസ്തയും മുസ്ലിം ലീഗും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഇരു സംഘടനകളുടെയും നേതാക്കൾ കോഴിക്കോട് കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച സ്വകാര്യ ഹോട്ടലിൽ നടന്ന ചർച്ചയിൽ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും സമസ്തയിൽനിന്ന് ജിഫ്രി തങ്ങളും എം.ടി. അബ്ദുല്ല മുസ്ലിയാരും കൊയ്യോട് ഉമർ മുസ്ലിയാരുമാണ് പങ്കെടുത്തത്.
രണ്ട് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വിവിധ വിഷയങ്ങളിൽ ധാരണയായതായാണ് വിവരം. കേന്ദ്ര മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സസ്പെൻഡ് ചെയ്ത നടപടിയോടെ സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ പ്രശ്നങ്ങൾ പരിധി വിട്ടതോടെയാണ് നേതാക്കൾ തിരക്കിട്ട അനുരഞ്ജന നീക്കത്തിന് ഇറങ്ങിയത്.
സമസ്തയിലെ ഒരു വിഭാഗത്തിന്‍റെ മുസ്ലിം ലീഗ് വിരോധവും സി.പി.എം അനുകൂല നിലപാടുകളുമാണ് ലീഗിനെ പ്രതിസന്ധിയിലാക്കുന്നത്.
സമസ്ത നേതൃത്വത്തിന് മുന്നിൽ ലീഗ് ഉയർത്തുന്ന കാതലായ പ്രശ്നവും ഇതാണ്. ഇതിന് തടയിടാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെയാണ് സമസ്ത ആദർശ സംരക്ഷസമിതിയുടെ രൂപവത്കരണവും നവോത്ഥാന സമ്മേളനങ്ങളുമായി ലീഗ് അനുകൂല വിഭാഗം രംഗത്തിറങ്ങിയതും. ചർച്ചയിൽ അനുകൂല സമീപനം സ്വീകരിക്കുമ്പോൾതന്നെ സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ മറുവിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണ് പ്രശ്നപരിഹാരം അസാധ്യമാക്കുന്നതെന്ന് ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. പ്രശ്നത്തിൽ ഉറച്ച നിലപാട് സ്വീകരിക്കാത്തതിനെതിരെ സമസ്തയിലെ ലീഗ് അനുകൂല പ്രവർത്തകർ ജിഫ്രി തങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന സാഹചര്യവുമുണ്ട്. മലപ്പുറത്ത് നടന്ന നവോത്ഥാന സമ്മേളനത്തിൽ ജിഫ്രി തങ്ങൾക്കെതിരായ മുസ്തഫൽ ഫൈസിയുടെ പരോക്ഷ വിമർശനത്തിലും സമസ്തയിലെ ലീഗ് അനുകൂലികളുടെ വികാരമാണ് പ്രതിഫലിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സമ്മർദത്തിന് അടിപ്പെടാതെ പഴയരീതിയിൽ ലീഗ്-സമസ്ത ബന്ധം ഊട്ടിയുറപ്പിക്കാൻ ജിഫ്രി തങ്ങൾ മുൻകൈയെടുക്കണമെന്നതാണ് ഇപ്പോൾ നടക്കുന്ന അനുരഞ്ജന ചർച്ചയിൽ ലീഗ് മുന്നോട്ട് വെക്കുന്ന കാതലായ നിർദേശം. വ്യാഴാഴ്ച ചേർന്ന യോഗത്തിലുണ്ടായ ധാരണ പ്രകാരം മാർച്ച് ഒന്നിന് വിശദ ചർച്ച നടക്കും. ഇതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ലീഗ് കേന്ദ്രങ്ങൾ.
പരിഹാരമുണ്ടാകും
-സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത-ലീഗ് നേതാക്കൾ തമ്മിലെ കൂടിക്കാഴ്ച വളരെ പോസിറ്റീവായിരുന്നുവെന്ന് മുസ്ലിം ലീഗ് പ്രസിഡന്‍റ് സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാര്യങ്ങൾ ഇനിയും കൈവിട്ടു പോകാൻ അനുവദിച്ചുകൂടാ എന്നതാണ് എല്ലാവരുടെയും നിലപാട്. സമസ്ത നേതൃത്വത്തിനും ഈ നിലപാടാണുള്ളത്. പ്രശ്നം കൂടുതൽ രൂക്ഷമാകുമെന്നതിനാൽതന്നെ സത്വര പരിഹാരമുണ്ടാക്കും. മാർച്ച് ഒന്നിന് എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.