സമസ്തയിൽ താൽക്കാലിക വെടിനിർത്തൽ; പരിഹാരം പിന്നീട്
text_fieldsകോഴിക്കോട്: സമസ്തയിലെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചേർന്ന യോഗത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപനം. ഇരുവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ കേട്ടശേഷം ലീഗ്, സമസ്ത നേതൃത്വം പരിഹാര നടപടികൾ പ്രഖ്യാപിക്കുന്നതുവരെ പരസ്പരമുള്ള വിഴുപ്പലക്കലുകളും വിമർശനങ്ങളും ഒഴിവാക്കണമെന്ന് നിർദേശിച്ചു. അത്തരത്തിലുള്ള സമീപനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും നടപടിയുണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
ലീഗിന്റെ ഭാഗത്തുനിന്ന് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും സമസ്തയുടെ ഭാഗത്തുനിന്ന് ജിഫ്രി തങ്ങൾ, എം.ടി. അബ്ദുല്ല മുസ്ലിയാർ, കൊയ്യോട് ഉമർ മുസ്ലിയാർ എന്നിവരുമാണ് നേതൃനിരയിലുണ്ടായിരുന്നത്. എം.സി. മായിൻ ഹാജിയുടെ നേതൃത്വത്തിൽ 10 പേർ ലീഗ് അനുകൂല വിഭാഗത്തിൽനിന്നും ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തിൽ 10 പേർ മറുഭാഗത്തുനിന്നും ചർച്ചയിൽ പങ്കെടുത്തു.
കോഴിക്കോട് ഹൈസൺ ഹോട്ടലിൽ രാവിലെ ഒമ്പതിന് തുടങ്ങിയ ചർച്ച നാല് മണിക്കൂർ നീണ്ടു. ഇരുവിഭാഗവും തങ്ങളുടെ പ്രശ്നങ്ങൾ നേതാക്കൾക്കുമുന്നിൽ അവതരിപ്പിച്ച ശേഷം രണ്ടുവിഭാഗത്തെ വെവ്വേറെയും നേതൃത്വം കേട്ടു. എല്ലാം പരിഹരിച്ചുവെന്ന് ഒഴുക്കൻമട്ടിൽ പറഞ്ഞ് പിരിഞ്ഞാൽ പോരെന്നും ഓരോ പ്രശ്നത്തിനും പരിഹാരവും തീരുമാനവുമുണ്ടാകണമെന്നുമുള്ള നിലപാടിൽ ഇരുവിഭാഗവും ഉറച്ചുനിന്നു. സി.ഐ.സി പ്രശ്നമാണ് ലീഗ് വിരുദ്ധ നിലപാടുള്ളവർ ചൂണ്ടിക്കാട്ടിയ പ്രധാന വിഷയം. ഇതുസംബന്ധിച്ച് സമസ്ത മുശാവറ എടുത്ത തീരുമാനങ്ങൾ അവഗണിച്ച് മുന്നോട്ടുപോകുന്നത് നേതൃത്വത്തെ അപമാനിക്കലാണെന്നും തീരുമാനം നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. മഹല്ല് തലങ്ങളിൽ ഖാദി ഫൗണ്ടേഷൻ സമസ്തക്കെതിരെ ദുരുപയോഗം ചെയ്യുന്നതാണ് അവർ ഉയർത്തിയ രണ്ടാമത്തെ പ്രധാന പ്രശ്നം. ഫൗണ്ടേഷൻ സമസ്തക്ക് സമാന്തരമായി പ്രവർത്തിക്കാനുള്ള വേദിയാക്കുകയാണ്. സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) പണ്ഡിതന്മാരെ അവഗണിച്ച് ഉമറാക്കളുടെയും മഹല്ല് കമ്മിറ്റിക്കാരുടെയും വേദിയാക്കാൻ നടക്കുന്ന ശ്രമങ്ങളും അനുവദിക്കാൻ പാടില്ലെന്ന് ലീഗ് വിരുദ്ധ വിഭാഗം ആവശ്യപ്പെട്ടു.
എസ്.എം.എഫ് തെരഞ്ഞെടുപ്പ് മാന്വൽ ഭേദഗതിയിലൂടെ ശാഖതലങ്ങളിൽ പണ്ഡിതരെ ഒഴിവാക്കിയുള്ള കമ്മിറ്റി രൂപവത്കരണം അംഗീകരിക്കാനാവില്ല. ആദർശ സംരക്ഷണ സമിതിയെന്ന പേരിൽ സമാന്തര സംഘടനയുണ്ടാക്കിയത് അച്ചടക്ക ലംഘനമായി കാണണം. സമസ്ത നടപടി എടുത്തവരെ പരിപാടികളിലോ പ്രവർത്തനങ്ങളിലോ പങ്കെടുപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
‘മുസ്ലിം ലീഗിനും പാണക്കാട് തങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിൽനിന്ന് പിന്തിരിപ്പിക്കണം’
മുസ്ലിം ലീഗിനും പാണക്കാട് തങ്ങൾക്കുമെതിരായ പ്രവർത്തനങ്ങളിൽനിന്ന് ബന്ധപ്പെട്ടവരെ പിന്തിരിപ്പിക്കണമെന്നും അത്തരം നടപടികൾ സ്വീകരിക്കുന്നവരുമായി ഒത്തുപോകാൻ സാധ്യമല്ലെന്നും ലീഗ് അനുകൂല വിഭാഗം വ്യക്തമാക്കി. 1989ൽ കാന്തപുരം അബൂബക്കർ മുസ്ലിയാർ സമാന്തര സംഘടന രൂപവത്കരിച്ച് വേറിട്ട് പോയപ്പോൾ സമസ്തയെ പിടിച്ചുനിർത്തിയത് മുസ്ലിം ലീഗാണ്. കാന്തപുരം സംഘടിപ്പിച്ച എറണാകുളം സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ലീഗ് പ്രവർത്തകരെ വിലക്കി. എസ്.എസ്.എഫിന് ബദലായി യൂത്ത്ലീഗുകാരെ ഉപയോഗിച്ച് എസ്.കെ.എസ്.എസ്.എഫ് ഉണ്ടാക്കിയതും ലീഗ് നേതൃത്വമാണ്.
കേസുകളുണ്ടായപ്പോൾ പണവും സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിച്ചതും ലീഗാണ്. ഈ ചരിത്രമൊക്കെ വിസ്മരിച്ച് ലീഗിനെയും പാണക്കാട് തങ്ങളെയും തള്ളിപ്പറയുന്നത് മറുവിഭാഗം ഒഴിവാക്കണം. ഇങ്ങനെയാണ് പോക്കെങ്കിൽ സമസ്ത 100ാം വാർഷികം സമാന്തരമായി ആഘോഷിക്കേണ്ടിവരുമെന്ന് അവർ മുന്നറിയിപ്പ് നൽകി. സി.ഐ.സി പ്രശ്നത്തിൽ അതിന്റെ അധ്യക്ഷനായ സാദിഖലി തങ്ങൾ നടത്തുന്ന പരിഹാരശ്രമങ്ങൾ പൂർത്തിയാകാതെ അവരുമായുള്ള ബന്ധം സമസ്ത വിച്ഛേദിക്കാൻ പാടില്ല. വാഫി കോഴ്സിൽ കുട്ടികളെ ചേർക്കൽ രക്ഷിതാക്കളുടെ തീരുമാനമാണ്. അതിനെ തടയിടുന്ന നടപടിയുണ്ടാകരുത്. പാണക്കാട് കുടുംബവും സമസ്തയും തമ്മിലെ ബന്ധം തകർക്കാൻ ശ്രമിക്കുന്നവരെ നിലക്കുനിർത്തണം. ഇല്ലെങ്കിൽ മഹല്ലുകൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇരുവിഭാഗങ്ങളുടെയും പ്രശ്നങ്ങൾ എം.ടി. അബ്ദുല്ല മുസ്ലിയാരാണ് രേഖപ്പെടുത്തിയത്. ഇത് ഇരുവിഭാഗത്തെയും വായിച്ചു കേൾപ്പിച്ചശേഷം തീരുമാനം നേതൃത്വം കൂടിയാലോചിച്ച് ഉടൻ പ്രഖ്യാപിക്കുമെന്ന് ജിഫ്രി തങ്ങൾ അറിയിച്ചു. അതുവരെ ആരെങ്കിലും പരസ്യമായി പരസ്പരം കുറ്റപ്പെടുത്തുന്ന സമീപനം സ്വീകരിച്ചാൽ നടപടിയുണ്ടാകുമെന്നും അദ്ദേഹവും സാദിഖലി തങ്ങളും വ്യക്തമാക്കി.
കേന്ദ്ര മുശാവറ അംഗം മുസ്തഫൽ ഫൈസിക്കെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന ലീഗ് അനുകൂലികളുടെ ആവശ്യത്തിൽ മുശാവറയാണ് തീരുമാനമെടുക്കേണ്ടതെന്നും നേതാക്കൾ വ്യക്തമാക്കി.