ഡാമുകളിലെ മണൽവാരൽ; ടെൻഡർ ഉടൻ
text_fieldsകോട്ടയം: കെ.എസ്.ഇ.ബിയുടെ കീഴിലുള്ള കല്ലാർക്കുട്ടി ഡാമിൽനിന്നും വെളളത്തൂവൽ ചെക്ക് ഡാമിൽനിന്നും മണൽ വാരാനുള്ള പദ്ധതിക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റിയുടെ അംഗീകാരം. കെ.എസ്.ഇ.ബി സമർപ്പിച്ച വിശദപദ്ധതി രേഖയും (ഡി.പി.ആർ) ടെക്നിക്കൽ റിപ്പോർട്ടും കമ്മിറ്റി അംഗീകരിച്ചതോടെ ഫയൽ ധനവകുപ്പിന്റെ പരിഗണനക്കായി കൈമാറിയിരിക്കുകയാണ്. ധനവകുപ്പ് അനുമതി നൽകിയാലുടൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ.ഐ.ഐ.ഡി.സി) ടെൻഡർ വിളിക്കും. ഇരുഡാമുകളിലുമായി കോടികളുടെ മണ്ണും ചെളിയുമുണ്ടെന്നാണ് വിലയിരുത്തൽ. മണൽ വിൽപനയിലൂടെ ലഭിക്കുന്ന തുകയിൽ 20 ശതമാനം റോയൽറ്റിയായി സർക്കാർ കെ.എസ്.ഇ.ബിക്ക് കൈമാറും.
ഡാമുകളുടെ പരിപാലനത്തിന് ഈ തുക ഉപയോഗിക്കാനാണ് ധാരണ. കെ.എസ്.ഇ.ബി ഡാമുകളുടെ ചുമതലയുള്ള ഡാം സേഫ്റ്റി ഓർഗനൈസേഷൻ നേരത്തെ നടത്തിയ പഠനത്തിൽ ഇടുക്കിയിലെ കല്ലാർകുട്ടി അണക്കെട്ടിന്റെ സംഭരണശേഷിയിൽ 43 ശതമാനത്തിന്റെ കുറവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇവിടെനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ മണൽവാരാൻ തീരുമാനിച്ചത്.
ചെക്ക് ഡാമാണെങ്കിലും ജലവൈദ്യൂതി ഉൽപാദനം നടക്കുന്നതിനാലാണ് വെള്ളത്തൂവലിൽനിന്ന് മണ്ണലും ചെളിയും മാറ്റുന്നത്.അതേസമയം, വൈദ്യൂതി ബോർഡിന്റെ കീഴിലുള്ള 18 അണക്കെട്ടുകളിൽ 16ലും ജലം സംഭരിക്കാനുള്ള അളവിൽ വലിയ മാറ്റമില്ലെന്നായിരുന്നു പഠനത്തിലെ കണ്ടെത്തൽ. വലിയ അണക്കെട്ടുകളായ ഇടുക്കി, കക്കി, ഇടമലയാർ, ബാണസുര സാഗർ എന്നിവയുടെ നിലവിലെ സംഭരണശേഷി കേന്ദ്ര ജലകമീഷൻ കണ്ടെത്തിയപ്പോൾ ചെറുഡാമുകളിൽ ഡാം സേഫ്റ്റി ഓർഗനൈസേഷൻ നിയോഗിച്ച സ്വകാര്യകമ്പനിയാണ് പഠനം നടത്തിയത്.
നിർമാണഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഇടുക്കി-5.35 ശതമാനം, കക്കി-7.78, ഇടമലയാർ-2.69 എന്നിങ്ങനെയാണ് സംഭരണശേഷിയിലുണ്ടായ കുറവ്. ഇത് കണക്കിലെടുത്ത് വലിയ ഡാമുകളുടെ ആഴം കൂട്ടേണ്ടെന്ന് കമീഷൻ സംസ്ഥാനത്തെ അറിയിച്ചിരുന്നു. ഡാമുകളുടെ അടിത്തട്ടിൽ വലിയതോതിൽ ചെളിയും മണ്ണും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് സംഭരണശേഷിയെ ബാധിച്ചെന്നുമുള്ള നിഗമനങ്ങളിലായിരുന്നു പഠനം.
ഇതിന് വിരുദ്ധമായിരുന്നു പഠനറിപ്പോർട്ട്. കെ.എസ്.ഇ.ബി ഡാമുകളിലേക്കുള്ള നീരൊഴുക്ക് പ്രധാനമായും വനമേഖലകളിൽനിന്നായതിനാലാകാം വലിയ തോതിൽ മണ്ണ് അടിഞ്ഞുകൂടാത്തത് എന്നാണ് ഡാം സേഫ്റ്റി ഓർഗനൈസേഷൻ അധികൃതർ പറയുന്നത്.തുടർന്ന് റിപ്പോർട്ട് വിലയിരുത്തി നാലിടങ്ങളിൽനിന്ന് മാത്രം മണലും ചെളിയും നീക്കാൻ കെ.എസ്.ഇ.ബി തീരുമാനിക്കുകയായിരുന്നു. കല്ലാർക്കുട്ടിയിൽനിന്നും വെളളത്തൂവൽ ചെക്ക് ഡാമിൽനിന്നുമുള്ള മണൽ നീക്കം വിജയകരമായാൽ സംഭരണത്തിൽ 15 ശതമാനം കുറവ് കണ്ടെത്തിയിട്ടുള്ള മൂഴിയാർ, ലോവർ പെരിയാർ ഡാമുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.