അറസ്റ്റ് സാധ്യത; സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി
text_fieldsസന്ദീപ് വാര്യർ
കൊടുങ്ങല്ലൂർ: അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് കൊടുങ്ങല്ലൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി. നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം തിങ്കളാഴ്ച വൈകീട്ട് കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന പൊതുപരിപാടിയിലാണ് സന്ദീപ് വാര്യർ പ്രസംഗിക്കേണ്ടിയിരുന്നത്. ഇതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന വിധത്തിൽ വിവരങ്ങൾ വെളിപ്പെടുത്തി, സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളുമായി ബന്ധപ്പെട്ട കേസിൽ സന്ദീപ് വാര്യർ പ്രതിയായത്. കേസിലെ നാലാം പ്രതിയാണ് സന്ദീപ് വാര്യർ.
അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ സന്ദീപ് വാര്യർക്ക് അറസ്റ്റ് സാധ്യതയുണ്ടായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷന്റെ തൊട്ട് മുന്നിലാണ് സന്ദീപ് വാര്യർ പ്രസംഗിക്കേണ്ടിയിരുന്നതും. സന്ദീപിന്റെ വരവ് മുന്നിൽ കണ്ട് പൊലീസ് സന്നാഹത്തിനും ഒരുക്കങ്ങൾ നടത്തിയിരുന്നതായി അറിയുന്നു. സൂചന ലഭിച്ചതോടെ സംഘാടകർ സന്ദീപ് വാര്യരെ വിവരം അറിയിച്ചു. തുടർന്ന് പരിപാടി റദ്ദാക്കി.


