വിജയം ആവർത്തിച്ച് കോട്ടയം നഗരസഭയിലെ ദമ്പതികൾ
text_fieldsകോട്ടയം: കോട്ടയം നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർഥികളായ ദമ്പതികൾക്ക് തിളക്കമാർന്ന വിജയം. കോൺഗ്രസ് നേതാവ് സന്തോഷ് കുമാർ ആറാം തവണയും ഭാര്യ ബിന്ദു സന്തോഷ് അഞ്ചാം തവണയുമാണ് വിജയിച്ചത്. സന്തോഷ് കുമാർ സി.പി.എമ്മിലെ പി.എച്ച്. സലിമിനെയും ബിന്ദു സന്തോഷ് സി.പി.എമ്മിലെ കൃഷ്ണേന്ദു പ്രകാശിനെയുമാണ് പോരാട്ടത്തിൽ പരാജയപ്പെടുത്തിയത്.
എം.പി സന്തോഷ് കുമാർ - 937, പി.എച്ച്. സലിം (സി.പി.എം)- 428, ഹരി കിഴക്കേകുറ്റ് (ബി.ജെ.പി)- 31 എന്നിങ്ങനെയും ബിന്ദു സന്തോഷ് കുമാർ - 865, കൃഷ്ണേന്ദു പ്രകാശ് (സി.പി.എം) - 344, അനിത ശ്രീകാന്ത് (ബി.ജെ.പി)-183 എന്നിങ്ങനെയുമാണ് വോട്ട് നില.
നഗരസഭ അധ്യക്ഷരും കൗൺസിലർമാരുമായിരുന്നു സന്തോഷ് കുമാറും ഭാര്യ ബിന്ദുവും. സന്തോഷ് ഇല്ലിക്കൽ വാർഡിലും ബിന്ദു പുളിനാക്കൽ വാർഡിലുമാണ് ഇത്തവണ മത്സരിച്ചത്.
1986 മുതൽ ഗ്രേഡ് യൂനിയൻ രംഗത്തുണ്ടായിരുന്ന സന്തോഷ് കുമാർ 2000ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് രംഗത്തെത്തിയത്. കല്ലുപുരക്കൽ വാർഡിൽ നിന്ന് ജയിച്ച് സന്തോഷ് രണ്ടര വർഷം വൈസ് ചെയർമാനായി. തുടർന്ന് ഇല്ലിക്കൽ, പുളിനാക്കൽ വാർഡുകളിൽ നിന്ന് ജയിച്ചു. പുളിനാക്കൽ വാർഡിൽ നിന്നാണ് കഴിഞ്ഞ വട്ടം മത്സരിച്ചത്. 20122 ഡിസംബർ അഞ്ച് മുതൽ രണ്ട് വർഷം ചെയർമാനായിരുന്നു.
പൊളിറ്റിക്സ് ബിരുദധാരിയായ ബിന്ദു വിവാഹശേഷമാണ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. കല്ലുപുരക്കൽ, പുളിനാക്കൽ വാർഡുകളിൽ നിന്നാണ് ബിന്ദു മത്സരിച്ചു ജയിച്ചത്. 2009ൽ ഒരു വർഷം ചെയർപേഴ്സനായി. 2017 നവംബർ മുതൽ രണ്ട് വർഷം ഉപാധ്യക്ഷയായിരുന്നു.
തെരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത ദമ്പതികൾ ഇത്തവണയും ആത്മവിശ്വാസത്തിലായിരുന്നു. ജനപ്രതിനിധിയായി വർഷങ്ങളുടെ അനുഭവജ്ഞാനവും ഭരണപാടവുമാണ് ഇവർക്ക് ഇത്തവണയും കരുത്തേകിയത്.


