പുറത്ത് ചാടില്ല, പുറത്താക്കണം; പാർട്ടിക്കുള്ളിൽ സ്വയം തീയിട്ട് തരൂർ
text_fieldsതിരുവനന്തപുരം: പ്രധാനമന്ത്രിയെ പുകഴ്ത്തിയത് മുതൽ അടിയന്തരാവസ്ഥ മുൻനിർത്തി ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചത് വരെയുള്ള ശശി തരൂരിന്റെ വഴിമാറിനടത്തങ്ങൾക്ക് പിന്നിൽ കൃത്യമായ അജണ്ട. കോൺഗ്രസിനുള്ളിൽ വലിയ രാഷ്ട്രീയ ഭാവി പ്രതീക്ഷിക്കാത്ത തരൂർ പുതിയ ലാവണം തേടുന്നുവെന്ന സൂചനകൾ ഏറെക്കാലമായുണ്ട്. കോൺഗ്രസിൽനിന്ന് സ്വയം പുറത്തുപോകുന്നതിനു പകരം ‘തന്നെ പുറത്താക്കി’ എന്ന ഇരവാദം സൃഷ്ടിക്കാനാണ് ശ്രമം. തന്നെ ഒഴിവാക്കിയതിനാൽ മറ്റൊരു മാർഗം സ്വീകരിക്കുന്നു എന്ന ആദർശ പരിവേഷവും അജണ്ടക്ക് പിന്നിലുണ്ട്.
സംഘടനയെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ തരൂരിനെ സംബന്ധിച്ച് പുതിയ തട്ടകത്തിലേക്കുള്ള മൂലധനമാണ്. എന്നാൽ, ഇത് മുൻകൂട്ടി തിരിച്ചറിഞ്ഞാണ് സംസ്ഥാന നേതൃത്വം തരൂരിനെ അവഗണിക്കുന്നത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്നെ ക്ഷണിച്ചില്ലെന്ന് പരസ്യമായി പരാതി പറഞ്ഞ കോൺഗ്രസ് പ്രവർത്തകസമിതി അംഗം കൂടിയായ തരൂരിനോട് ‘പ്രത്യേകമായി ക്ഷണിക്കാൻ അവിടെ നടന്നത് കല്യാണമല്ലെന്ന്’ അതേ നാണയത്തിലുള്ള മറുപടികൾ കേരളത്തിൽനിന്നുണ്ടായതും ഈ സാഹചര്യത്തിലാണ്.
പാർട്ടി നിലപാടിന് നേരെ പുറംതിരിഞ്ഞ് സ്വയം വ്യത്യസ്തനാകാനുള്ള നീക്കങ്ങളായിരുന്നു ഇതുവരെയെങ്കിൽ, പാർട്ടി വിരുദ്ധ ലൈനും കടന്ന് ഇപ്പോൾ നേതൃത്വത്തെ തള്ളിപ്പറയും വിധത്തിലേക്ക് തരൂർ എത്തിയെന്നാണ് കെ.പി.സി.സി വിലയിരുത്തൽ. അടിയന്തരാവസ്ഥയെ വിമർശിച്ചും മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെയും മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ വിളിച്ചുപറഞ്ഞുമാണ് തരൂർ കോൺഗ്രസിൽ വിശ്വാസമില്ലെന്ന് പ്രഖ്യാപിക്കുന്നത്. അടിയന്തരാവസ്ഥയുടെ പേരിൽ കേന്ദ്രസർക്കാറും സംഘ്പരിവാറും കോൺഗ്രസിനെ കടന്നാക്രമിക്കുന്നതിനിടെയാണ് തരൂരിന്റെ പിന്നിൽനിന്നുള്ള കുത്ത്.
അപ്രഖ്യാപിത അടിയന്തരാവസ്ഥ കൺമുന്നിൽ ഉണ്ടായിരിക്കെ അമ്പതു വർഷം പിന്നിലേക്ക് നടന്ന് സ്വന്തം ചേരിയെ തന്നെ ചികഞ്ഞിട്ടത് കരുതിക്കൂട്ടി തന്നെയാണെന്നാണ് നേതൃത്വം കരുതുന്നത്. സംസ്ഥാന നേതൃത്വത്തിന് കടുത്ത അമർഷം ഉണ്ടെങ്കിലും പ്രതികരിച്ച് വിഷയം വലുതാക്കേണ്ട എന്നാണ് സമീപനം. ഗ്രൂപ് വ്യത്യാസമില്ലാതെ ഏറെക്കുറെ നേതാക്കൾക്കെല്ലാം ഈ സമീപനം തന്നെ. കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗം വരെ രമേശ് ചെന്നിത്തല തരൂരിനോട് അൽപമെങ്കിലും അനുഭാവം പുലർത്തിയിരുന്നു. തരൂരിനെ ചേർത്തുനിർത്തണമെന്ന് അന്ന് യോഗത്തിൽ ആവശ്യപ്പെട്ട ചെന്നിത്തല, പക്ഷേ അടിയന്തരാവസ്ഥ ലേഖനത്തോടെ നിലപാട് മാറ്റി.
തരൂരിനെ ചേർത്തുപിടിക്കണം എന്ന ആവശ്യം നേർത്ത് ഇല്ലാതായി എന്നതിനപ്പുറം അങ്ങനെ ആവശ്യമുന്നയിക്കുന്നവർ ഒറ്റപ്പെടുകയോ സംശയമുനയിലാവുകയോ ചെയ്യും വിധം സാഹചര്യങ്ങൾ മാറിക്കഴിഞ്ഞു. ഫലത്തിൽ ഫലസ്തീൻ വിഷയം, വിഴിഞ്ഞം സമരം, ഗുജറാത്ത് കലാപത്തെക്കുറിച്ച പരാമർശം, സംരംഭക വിഷയത്തിലെ സംസ്ഥാന സർക്കാറിനെക്കുറിച്ച വിലയിരുത്തൽ, കേന്ദ്രസംഘത്തിലെ പ്രാതിനിധ്യം തുടങ്ങിയവയിലെ തരൂർ ലൈനിനോട് സ്വീകരിച്ച സമീപനം പോലെ ഉദാരമാകില്ല ഇത്തവണത്തേതെന്ന് വ്യക്തമാണ്. ‘എ.ഐ.സി.സി അംഗത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ’ എന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.
മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവേ റിപ്പോർട്ട് തരൂർ ഷെയർ ചെയ്തത് പദവിയിലേക്കുള്ള പാലമായല്ല, കേരളത്തിലെ പാർട്ടിക്കുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. തരൂരിന്റെ വെബ്സൈറ്റ് അപ്ഗ്രേഡ് ചെയ്ത അതേ സംഘമാണ് സർവേക്ക് പിന്നിലെന്ന വിവരവും പുറത്തുവരുന്നുണ്ട്. മറുകണ്ടം ചാടിയാലും ഏതെങ്കിലും രാഷ്ട്രീയ പദവികൾക്കപ്പുറം യു.എൻ പോലുള്ള അന്തർദേശീയ സമിതികളിലെ ഇന്ത്യൻ പ്രതിനിധി ചുമതലകളിലാണ് തരൂരിന്റെ കണ്ണെന്നാണ് സൂചന.