Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പ സംഗമത്തിന്...

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം: സമുദായങ്ങളെ സർക്കാർ തരം തിരിച്ച് അഭിസംബോധന ചെയ്യുന്നതെന്തിന്? -ചോദ്യവുമായി സത്താർ പന്തലൂർ

text_fields
bookmark_border
അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം: സമുദായങ്ങളെ സർക്കാർ തരം തിരിച്ച് അഭിസംബോധന ചെയ്യുന്നതെന്തിന്? -ചോദ്യവുമായി സത്താർ പന്തലൂർ
cancel

കോഴിക്കോട്: സംസ്ഥാന സർക്കാറിന്‍റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമവും നടത്താനുള്ള തീരുമാനത്തിൽ പ്രതികരണവുമായി എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ. ജാതി തിരിച്ചുള്ള അഭിസംബോധന എന്തിനെന്ന ചോദ്യമാണ് സത്താർ പന്തലൂർ ഉന്നയിക്കുന്നത്. ഇത്തരം വേർതിരിവുകൾ സർക്കാർ കാർമികത്വത്തിൽ നടത്തുന്നത് ആർക്കാണ് ഗുണം ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ന്യൂനപക്ഷക്കാരനും ഭൂരിപക്ഷക്കാരനും പിന്നാക്കക്കാരനും മുന്നാക്കക്കാരനും എല്ലാം ചേർന്ന വോട്ടർമാരാണല്ലോ ഇടത് മുന്നണി സർക്കാറിനെ തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിച്ചതെന്നും പിന്നെ എന്തിനാണ് ആ സർക്കാർ ജനങ്ങളിലേക്ക് വരുമ്പോൾ ജാതിയും മതവും സമുദായവുമൊക്കെയായി വേറിട്ട് നിർത്തുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ്:

സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന അയ്യപ്പ സംഗമത്തിന് പിറകെ ന്യൂനപക്ഷ സംഗമവും വിവാദമായിരിക്കുകയാണ്. സർക്കാറിൻ്റെ 33 വകുപ്പുകളും സംഗമം / സെമിനാർ സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ ന്യൂനപക്ഷ വകുപ്പാണ് ന്യൂനപക്ഷ സംഗമം നടത്തുന്നതെന്നുമാണ് ഒടുവിൽ വന്ന വിശദീകരണം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ചില നമ്പറുകളാണ് ഇതെല്ലാം എന്ന വിമർശനവും ഉയർന്നു.
അതെല്ലാം അതിൻ്റെ വഴിക്ക് നടക്കട്ടെ.

കേരള ജനതയിലെ ഭൂരിപക്ഷം വോട്ടർമാരാണല്ലൊ ഇടത് മുന്നണി സർക്കാറിനെ തുടർച്ചയായി രണ്ട് തവണ അധികാരത്തിലെത്തിച്ചത്. ന്യൂനപക്ഷക്കാരനും ഭൂരിപക്ഷക്കാരനും പിന്നാക്കക്കാരനും മുന്നാക്കക്കാരനും എല്ലാം, വോട്ടവകാശമുള്ള മലയാളികൾ ഒരുമിച്ചാണ് വോട്ടു ചെയ്തത്. എന്നാൽ ആ സർക്കാർ ജനങ്ങളിലേക്ക് വരുമ്പോൾ ജാതിയും മതവും സമുദായവുമൊക്കെയായി വേറിട്ട് നിർത്തുന്നതെന്തിനാണ്?

ഒരു സർക്കാർ സമുദായങ്ങളെ തരം തിരിച്ച് അഭിസംബോധന ചെയ്യുന്നത് ആർക്കാണ് ഗുണം ചെയ്യുക ?
കേരളത്തിൽ വർഗീയ ധ്രുവീകരണം ലക്ഷ്യം വെക്കുന്നവർക്ക് ഇത് വലിയ അവസരമല്ലേ നൽകുന്നത് ?
സംസ്ഥാനം ഭരിക്കുന്ന സർക്കാറിന് കേരളീയരെ ഒന്നിച്ച് അഭിമുഖീകരിച്ചു കൂടെ?

അതൊന്നുമല്ല, സർക്കാർ അവശ ജനവിഭാഗങ്ങളേയും പിന്നാക്ക ന്യൂനപക്ഷങ്ങളേയും പ്രത്യേകം പരിഗണിക്കുകയെന്ന സദുദ്ദേശത്തോടെയാണോ ? എങ്കിൽ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കുമ്പോൾ കഴിഞ്ഞ ഒൻപത് വർഷം ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ചെയ്ത പ്രവർത്തനങ്ങൾ വിശദീകരിക്കണം. ന്യൂനപക്ഷങ്ങൾ എല്ലാം നേടുന്നുവെന്ന വ്യാജ പ്രചാരണത്തിൻ്റെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ സർക്കാർ ഈ സംഗമം ഉപയോഗിക്കണം. ഇക്കാര്യത്തിൽ നിരന്തരം വിദ്വേഷ പ്രചാരണം നടത്തുന്ന വെള്ളാപ്പള്ളിയെ കയറൂരി വിടുകയും അദ്ദേഹത്തെ സ്തുതിക്കുകയും ചെയ്യുമ്പോൾ സർക്കാറിൻ്റെ ന്യൂനപക്ഷത്തോടുള്ള കരുതൽ അവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടല്ലൊ.

യാതൊരു പഠനവുമില്ലാതെ ധൃതി പിടിച്ച് മുന്നാക്ക സംവരണം നടപ്പാക്കിയത് കൊണ്ട് ഇവിടെ എന്ത് സംഭവിച്ചു?
സംവരണ അട്ടിമറികൾ തുടർക്കഥയായപ്പോൾ ന്യൂനപക്ഷ - പിന്നാക്ക വിഭാഗങ്ങളെ അതെങ്ങിനെ ബാധിച്ചു?
മുസ്ലിം സമുദായ ശാക്തീകരണത്തിന് മാത്രമായി കർണാടക സർക്കാർ വഖ്ഫ് ബോർഡിന് 1000 കോടി രൂപ നീക്കിവെച്ചപ്പോൾ കേരളത്തിൽ അനുവദിച്ച തുക എത്രയായിരുന്നു ?
ബജറ്റിൽ ന്യൂനപക്ഷങ്ങൾക്ക് വേണ്ടി എത്ര തുക നീക്കിവെച്ചു ? അതിൽ എത്ര ചെലവഴിച്ചു? ഇതെല്ലാം അക്കമിട്ട് നിരത്തുന്നതാകണം സർക്കാറിൻ്റെ ന്യൂനപക്ഷ സംഗമം. അതല്ല, ഓരോ സംഗമത്തിലും പ്രത്യേകം പ്രത്യേകം സുഖിപ്പിക്കലാണങ്കിൽ അത് തിരിച്ചറിയാൻ ബന്ധപ്പെട്ടവർക്ക് കഴിയും.

Show Full Article
TAGS:Minority Gathering Minority Seminar 
News Summary - Sathar panthaloor FB post against LDG govt minority Gathering
Next Story