പട്ടികജാതി-വർഗ അതിക്രമം; ഒമ്പതുവർഷത്തിനിടെ 11,000 കേസ്, അറസ്റ്റിലായത് 12,793 പേർ
text_fieldsകൊച്ചി: ഒമ്പതുവർഷത്തിനിടെ സംസ്ഥാനത്ത് പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ പരാതികളിൽ രജിസ്റ്റർ ചെയ്തത് 11,000 ത്തിലേറെ കേസ്. പട്ടികജാതി-പട്ടിക വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളാണിത്. 2016 മുതൽ കഴിഞ്ഞ മാർച്ച് 13 വരെയുള്ള കണക്കുപ്രകാരം 11,235 കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി 12,793 പേർ അറസ്റ്റിലായിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 2023 ലാണ് -1335. കുറവ് കേസുകളുണ്ടായത് 2020ലാണ് -1112. ഈ വർഷം മാർച്ച് 12 വരെ 222 കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിക്രമ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് 2022ലാണ്. പ്രതികളായ 1629 പേരെയാണ് ആ വർഷം അറസ്റ്റ് ചെയ്തത്. ഈ വർഷം മാർച്ച് 13 വരെ 211 പേരും അറസ്റ്റിലായിട്ടുണ്ട്.
ഇക്കാലയളവിൽ വിവിധ കേസുകളിൽ പ്രതിേചർക്കപ്പെട്ട മൂന്നൂറോളം പേർ അറസ്റ്റിലാകാനുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുന്നില്ലെങ്കിലും വലിയ രീതിയിൽ കുറവ് വരുന്നില്ല. അതേ സമയം, വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്യുമ്പോഴും ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണം കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
രജിസ്റ്റർ ചെയ്യുന്ന കേസുകൾ പലപ്പോഴും തെളിവുകളുടെയും സാക്ഷികളുടെയും അഭാവം മൂലം കോടതികളിൽ നിലനിൽക്കാതെ വരുന്നതും പതിവാണ്. ഇതോടൊപ്പം തന്നെ നിയമം വ്യക്തിവിരോധം തീർക്കാനും മറ്റും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.