സ്കൂൾ കലോത്സവം: പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വി. ശിവൻകുട്ടി
text_fieldsസംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരം നൽകില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ദൃശ്യാവിഷ്കാരം വേദിയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് പരിശോധിച്ചിരുന്നു. അപ്പോള്‍ വിവാദമായ വേഷം ഉണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ദൃശ്യാവിഷ്‌ക്കാരത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റുൾപ്പെടെ പ്രസ്താവനയുമായി രംഗത്തെത്തി.
ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരും കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണ്.
തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും സിപിഎം വ്യക്തമാക്കി. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അവശ്യപ്പെട്ടിരുന്നു. ഇതിനിടെ, കലോത്സവ ദ്യശ്യാവിഷ്കാര വിവാദം മോദിയാണോ അന്വേഷിക്കേണ്ടതെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി രംഗത്തെത്തി. സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയാണ് കലോത്സവം. പരിപാടിയിൽ വിദ്യാഭ്യാസ മന്ത്രി മുഴുവൻ സമയവും അവിടെയുണ്ടായിരുന്നു. ചെയർമാൻ കോഴിക്കോട് ജില്ലക്കാരൻ കൂടിയായ മുഹമ്മദ് റിയാസും അവിടെയുണ്ടായിരുന്നു. ഇരുവരും അറിയാതെ എങ്ങനെയാണ് ആ സ്വാഗത ഗാനം വന്നത്.
സംസ്ഥാന സർക്കാർ നടത്തിയ കലോത്സവത്തെ കുറിച്ച് അന്വേഷിക്കേണ്ടത് മോദിയാണോ. അതുകൊണ്ട് തന്നെ ഇതിന്റെ ധാർമിക ഉത്തരവാദിത്തം സർക്കാരിനും മുഖ്യമന്ത്രിയായ പിണറായി വിജയനുമുണ്ട്. അദ്ദേഹം ഈ നാട്ടിലെ ന്യൂനപക്ഷ വിഭാഗത്തോട് മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.