കുട്ടികളുടെ ജീവന് പുല്ലുവില
text_fieldsകോട്ടയം: സ്കൂൾ വിദ്യാർഥികളുടെ ജീവൻ പന്താടാൻ അവസരം കൊടുത്ത് വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന അടുത്ത വർഷം ഏപ്രിൽ വരെ നീട്ടി. ജോയന്റ് ട്രാൻസ്പോർട്ട് കമീഷണർമാർ, ആർ.ടി.ഒമാർ എന്നിവർക്ക് ട്രാൻസ്പോർട്ട് കമീഷനർ സി.എച്ച്. നാഗരാജു ബുധനാഴ്ചയാണ് ഉത്തരവയച്ചത്. നിലവിൽ ഫിറ്റ്നസ് കാലാവധി കഴിഞ്ഞ സ്കൂൾ വാഹനങ്ങളെ തുടർന്നും പരിശോധനകളില്ലാതെ ഓടാൻ അനുവദിക്കുന്നതാണ് ഉത്തരവ്.
ഇത് വിദ്യാർഥികളുടെ ജീവന് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സ്കൂൾ ബസുകളുടെ സൗകര്യങ്ങൾ പരിശോധിക്കുന്ന പ്രിവന്റീവ് ചെക്കിങ്ങും ഏപ്രിൽ വരെ ഒഴിവാക്കിയിട്ടുണ്ട്. ഫിറ്റ്നസ് കാലാവധി കഴിഞ്ഞ വാഹനങ്ങൾ നിരത്തിലിറക്കുന്നത് നിയമ പ്രകാരം കുറ്റകരമായിരിക്കെയാണ് കാലാവധി നീട്ടിക്കൊണ്ടുള്ള പരോക്ഷ അനുമതി.
ഫിറ്റ്നസ് എപ്പോഴും ഉറപ്പാക്കേണ്ട വാഹനമാണ് സ്കൂൾ ബസുകൾ. അതേസമയം, പല സർവീസുകളും നടത്തി 15 വർഷത്തിന് മുകളിൽ പാഴക്കമുള്ളവയാണ് ഭൂരിഭാഗം സ്കൂൾ ബസുകൾ എന്നും പറയപ്പെടുന്നു. ഉത്തരവനുസരിച്ച് നിലവിൽ ഫിറ്റ്നസ് കാലാവധി തീർന്ന് ഓടാതിരിക്കുന്ന സ്കൂൾ ബസുകൾക്കും വരും മാസങ്ങളിൽ ഫിറ്റ്നസ് തീരുന്ന വാഹനങ്ങൾക്കും അടുത്ത ആറു മാസം കൂടി സർവീസ് നടത്താനാകും. ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്ന് ഈ മാസം 11 ന് വന്ന കത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവെന്നും അറിയുന്നു.