ഫലസ്തീൻ ഐക്യദാർഢ്യ ടീഷർട്ട് ധരിച്ചുള്ള കോൽക്കളി തടഞ്ഞ് സ്കൂൾ പ്രിൻസിപ്പൽ
text_fieldsകണ്ണൂർ: ഇസ്രായേൽ വംശഹത്യക്കിരയാകുന്ന ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുള്ള ടീഷർട്ട് ധരിച്ച് വിദ്യാർഥികൾ കോൽക്കളി കളിച്ചത് സ്കൂൾ പ്രിൻസിപ്പൽ തടഞ്ഞു. കണ്ണൂർ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം.
സ്‌കൂൾ യുവജനോത്സവത്തോട് അനുബന്ധിച്ച് ഹയൽ സെക്കൻഡറി വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച കോൽക്കളിയാണ് തടഞ്ഞത്. കോൽക്കളി പുരോഗമിക്കവെ സ്റ്റേജിലേക്ക് ചാടിക്കയറി കർട്ടൻ താഴ്ത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർഥികളോട് കയർത്തു. ‘ഇറങ്ങ്, സ്റ്റേജിൽനിന്ന് ഇറങ്ങ്....’ എന്ന് വിദ്യാർഥികളോട് കയർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വിദ്യാർഥികൾ ടീഷർട്ട് ധരിച്ചത് യുവജനോത്സവ മാന്വലിന് വിരുദ്ധമാണ് എന്നാരോപിച്ചാണ് നടപടി. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂൾ. സംഭവത്തെ തുടർന്ന് എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.


