പ്രബുദ്ധ മലയാളി വീണ്ടും തട്ടിപ്പിന് തലവെച്ചു; ഓണക്കിറ്റിലൂടെ വിശ്വാസ്യത നേടി, അടിമുടി തട്ടിപ്പ്
text_fieldsഅനന്തു കൃഷ്ണൻ
കണ്ണൂർ: 3000 രൂപയുടെ പലചരക്ക് കിറ്റ് പാതിവിലക്ക് നൽകിയാണ് തട്ടിപ്പ് സംഘത്തിന്റെ തുടക്കം. സ്കൂൾ ബാഗുകളും വാട്ടർ പ്യൂരിഫയറും തയ്യൽ മെഷീനും വാട്ടർ ടാങ്കുമെല്ലാം ഇങ്ങനെ വിലകുറച്ച് നൽകി ശ്രദ്ധപിടിച്ചുപറ്റി. ഒടുവിൽ 1,20,000 രൂപയുടെ സ്കൂട്ടർ പാതിവിലക്ക് നൽകുന്ന തട്ടിപ്പ് പുറത്തെടുത്തു. നൂറുകണക്കിന് പേർ ഓഫറിൽ വിശ്വസിച്ചു. പലരും സ്കൂട്ടറിന്റെ പാതിവിലയായ 60,000 രൂപ ഉടൻ അടച്ചു. പാതിവിലക്ക് സ്കൂട്ടർ നൽകുന്നതിന് 200 രൂപയുടെ മുദ്രപത്രത്തിൽ കരാറുമുണ്ടാക്കി. എല്ലാറ്റിനും സർക്കാർ സംവിധാനത്തിന്റെ സ്വഭാവം.
പണമടച്ചവരെയും അല്ലാത്തവരെയും കണ്ണൂരിലെ വലിയൊരു ഹാളിലേക്ക് ഇവർ വിളിപ്പിച്ചു. വിവിധ കമ്പനികളുടെ സ്കൂട്ടർ നിരത്തിവെച്ചത് കണ്ടപ്പോൾ ആർക്കും ഒരു സംശയവും തോന്നിയില്ല. 100 ദിവസത്തിനകം സ്കൂട്ടർ നൽകുമെന്ന വാഗ്ദാനം ലംഘിക്കപ്പെട്ടപ്പോഴാണ് കേരളം കണ്ട ഏറ്റവും വലിയൊരു തട്ടിപ്പാണിതെന്ന് പണം നൽകിയവർ അറിയുന്നത്.
സ്ത്രീകൾ കൂടുതൽ ജോലിചെയ്യുന്ന ഇടങ്ങളിൽ ജനപ്രതിനിധികളുടെകൂടി ഒത്താശയോടെയാണ് തട്ടിപ്പ് സംഘം സഞ്ചരിച്ചത്. ഇവരുടെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുകയാണ് ആദ്യ കടമ്പ. അതിന് അംഗത്വ ഫീസായി 350 രൂപ ഈടാക്കി. ഓഫറുകളുടെ പെരുമഴയാണ് വാട്സ്ആപ് ഗ്രൂപ് മുഴുവൻ.
സ്കൂട്ടറിന് 60,000 രൂപ നൽകിയതിന്റെ മുദ്രപത്രം നോട്ടറി സാക്ഷ്യപ്പെടുത്തണമെന്ന വകയിൽ 500 രൂപ വേറെയും ഈടാക്കി. മെംബർമാരുടെ യോഗത്തിൽ പങ്കെടുക്കാൻ തട്ടിപ്പ് കേസിലെ പ്രധാനിയായ അനന്തു കൃഷ്ണനും കണ്ണൂരിൽ പലതവണ വന്നു. ജില്ലയിലെ ചില എം.എൽ.എമാരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
സ്വർണം പണയംവെച്ചാണ് അഴീക്കോട് സ്വദേശിനിയായ സിന്ധു പണം നൽകിയത്. പണയംവെച്ച തുക മതിയാവാത്തതിനാൽ കുട്ടികളുടെ ആഭരണം വിറ്റ കഥയാണ് വളപട്ടണം സ്വദേശിനി പങ്കുവെച്ചത്. 100 ദിവസം കഴിഞ്ഞിട്ടും സ്കൂട്ടർ കിട്ടാതെ വന്നപ്പോൾ പ്രതികരിച്ചവരെ ഗ്രൂപ്പിൽനിന്ന് ഒഴിവാക്കി. കേസ് നൽകിയാൽ പണം കിട്ടില്ലെന്ന് പറഞ്ഞുള്ള ഭീഷണി വേറെ. കണ്ണൂരിൽനിന്ന് 10 കോടിയിലേറെ തുക പിരിച്ചെന്നാണ് നിഗമനം. കൂടുതൽ പരാതിക്കാർ അടുത്ത ദിവസങ്ങളിൽ വരുമ്പോൾ സംഖ്യ കൂടുമെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
ഉരുൾ ദുരന്തബാധിതരുടെ പണവും തട്ടി
മേപ്പാടി: സ്ത്രീകൾക്ക് പകുതി വിലക്ക് സ്കൂട്ടർ നൽകുമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ മുണ്ടക്കൈ ഉരുൾ ദുരന്ത ബാധിതർക്കും പണം നഷ്ടമായി. മേപ്പാടി മേഖലയിലെ നൂറുകണക്കിന് ദുരന്തബാധിതരും തോട്ടംതൊഴിലാളികളും ഇത്തരത്തിൽ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. കൽപറ്റ ബ്ലോക്ക് പരിധിയിലുള്ളവരാണ് കൂടുതലും.
ദുരന്തബാധിതർക്ക് സർക്കാർ നൽകിയ സാമ്പത്തിക സഹായമടക്കമാണ് ഇത്തരത്തിൽ തട്ടിപ്പുകാർ കൈക്കലാക്കിയത്. വിശ്വസനീയമെന്ന് തോന്നിപ്പിക്കുന്ന വാഗ്ദാനങ്ങളിൽ കുടുങ്ങി ഇവർ 65,000 രൂപയിലധികം അടച്ചിട്ടുണ്ട്. ‘വുമൺ ഓൺ വീൽസ്’ എന്ന പേരിൽ സ്ത്രീകൾക്ക് പകുതി വിലക്ക് സ്കൂട്ടർ ലഭ്യമാക്കുന്ന സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണിതെന്നാണ് അനന്തു കൃഷ്ണനും സംഘവും വിശ്വസിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ഏതാനും പേർക്ക് സ്കൂട്ടർ നൽകി വിശ്വാസം നേടാനും ഇവർക്ക് കഴിഞ്ഞു. പല എൻ.ജി.ഒകൾ, അക്ഷയ കേന്ദ്രങ്ങൾ, ബാങ്ക് ശാഖകൾ എന്നിവരെയെല്ലാം ബന്ധപ്പെടുത്തിയുള്ള വലിയ ശൃംഖല തന്നെ ഇതിനായി തട്ടിപ്പുകാർ രൂപപ്പെടുത്തിയിരുന്നു. ഇതിനായി സീഡ് (സോഷ്യോ ഇക്കണോമിക് എൻവയോൺമെന്റൽ ഡവലപ്മെൻറ് സൊസൈറ്റി) എന്ന പേരിലുള്ള ഓഫിസ് കൽപറ്റയിൽ തുറന്നിരുന്നു. സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ആൻറ് ഡവലപ്മെൻറ് സ്റ്റഡീസിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ് തങ്ങളുടേതെന്നാണ് ഇവർ വിശ്വസിപ്പിച്ചത്. വലിയ ചില കമ്പനികളുടെ സി.എസ്.ആർ ഫണ്ടുകൾ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് ഇവർ ദുരന്തബാധിതരോടടക്കം പറഞ്ഞത്.
ജോലിയാവശ്യാർഥം ഉപയോഗിച്ചിരുന്ന മിക്കവരുടെയും ഇരുചക്രവാഹനങ്ങൾ ഉരുൾദുരന്തത്തിൽ നശിച്ചിരുന്നു. നിലവിൽ ദൂരസ്ഥലങ്ങളിൽ വാടകക്ക് താമസിക്കുന്ന അതിജീവിതർ പണിക്ക് പോകാൻ സ്കൂട്ടർ കിട്ടുമെന്ന് കരുതിയാണ് പണം അടച്ചത്. തിനപുരം, പുത്തൂർവയൽ എന്നിവിടങ്ങളിലുള്ള അക്ഷയ കേന്ദ്രങ്ങൾ മുഖേന രേഖകൾ ശരിയാക്കി വിവിധ ബാങ്ക് ശാഖകളിലൂടെ തുക അടക്കുകയായിരുന്നു. നോട്ടറി പബ്ലിക്ക് വക്കീൽ മുഖേന തയാറാക്കിയ പ്രോമിസറി നോട്ടുകളും തട്ടിപ്പുകാർ ഇരകൾക്ക് നൽകിയിരുന്നു.
മേപ്പാടി പൊലീസ് സ്റ്റേഷനിൽ തട്ടിപ്പിനിരയായവർ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെങ്കിലും ആരും പരാതി നൽകിയിട്ടില്ല. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ മേഖലകളിലും നിരവധിപേർ തട്ടിപ്പിനിരയായിട്ടുണ്ട്. മാനന്തവാടിയിൽ 83ഓളം പരാതികളാണ് കിട്ടിയത്. കൽപറ്റയിൽ ഒരു പരാതിയാണ് കിട്ടിയത്. പനമരം ഭാഗത്തും തട്ടിപ്പു നടന്നിട്ടുണ്ട്. സുൽത്താൻ ബത്തേരി മേഖലയിൽ 200ഓളം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. വിവിധയിടങ്ങളിൽ പരാതികൾ കിട്ടുന്നതിനനുസരിച്ച് കേസെടുക്കുകയാണെന്ന് പൊലീസ് അറിയിച്ചു.