Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരത്തെ...

മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർഥി പിന്മാറി; പാർട്ടിയിൽ പൊട്ടിത്തെറി, ഭാരവാഹിത്വം രാജിവെക്കുമെന്ന് കെ.എം. അഷ്റഫ്

text_fields
bookmark_border
മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർഥി പിന്മാറി; പാർട്ടിയിൽ പൊട്ടിത്തെറി, ഭാരവാഹിത്വം രാജിവെക്കുമെന്ന് കെ.എം. അഷ്റഫ്
cancel

കാസർകോട്: ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിക്കാനുള്ള തീരുമാനം പാർട്ടിക്കകത്തും പുറത്തും ഏറെ വിവാദമായതോടെ പിൻമാറി എസ്.ഡി.പി.ഐ. മഞ്ചേശ്വരത്തെ സ്ഥാനാർഥി കെ.എം. അഷ്റഫ് എന്ന അഷ്റഫ് ബഡാജെ പത്രിക പിൻവലിച്ചു.

ഇന്ന് ഉപ്പള വ്യാപാരഭവനിൽ സംസ്ഥാന പ്രസിഡന്റ് പ​ങ്കെടുത്ത പാർട്ടി യോഗത്തിലാണ് സ്ഥാനാർഥിത്വം പിൻവലിക്കാൻ ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെ അഷ്റഫ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ കൗൺസിൽ അംഗത്വവും രാജിവെക്കാൻ തീരുമാനിച്ചതായി കെ.എം. അഷ്റഫ് മാധ്യമങ്ങളോട് പറഞ്ഞു.

‘എന്നെ സ്ഥാനാർഥിയാക്കിയത് പാർട്ടിയാണ്, എന്നോട് പിൻവലിക്കാൻ പാർട്ടി പറഞ്ഞാൽ പിൻവലിക്കും. ഇപ്പോൾ പാർട്ടി പിൻവലിക്കാൻ പറഞ്ഞു. അതിന് വേണ്ടിയാണ് യോഗത്തിൽനിന്ന് ഇറങ്ങിയത്. അല്ലാതെ പ്രതിഷേധിച്ചിട്ടല്ല. ഞാൻ, ജില്ലാ ഭാരവാഹിത്വവും രാജിവെക്കുകയാണ്’ -അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയും സി.പി.എമ്മും ചേർന്നുള്ള മഴവിൽ സഖ്യം നിലവിലുണ്ടെന്നും എസ്.ഡി.പി.ഐ ഈ സഖ്യത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് തുളസീധരൻ പള്ളിക്കൽ ഇന്നലെ തുറന്നടിച്ചിരുന്നു. മഞ്ചേശ്വരത്ത് അടക്കം ഫാഷിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന പാർട്ടിയിൽ തുടരുന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ജമാഅത്തെ ഇസ്‍ലാമിയെ മുൻനിർത്തി മുസ്‍ലിം സമുദായത്തിനെതിരെ തീവ്രവാദാരോപണം ഉന്നയിക്കുന്ന ഇടതുപക്ഷം, തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ആ പട്ടികയിൽനിന്ന് എസ്.ഡി.പി.ഐയെ ഒഴിവാക്കി. മഞ്ചേശ്വരത്ത് സ്ഥാനാർഥിക്കുവേണ്ടി കടുംപിടിത്തം നടത്തിയ ദേശീയ ജനറൽ സെക്രട്ടറിയുടെ നിലപാട് ഈ ഡീലിന്‍റെ ഭാഗമാണ്. ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ള മണ്ഡലങ്ങൾ ഒഴിവാക്കിയാണ് എസ്.ഡി.പി.ഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. യു.ഡി.എഫിന് വിജയസാധ്യതയുള്ള കളമശ്ശേരിയിലും കരുനാഗപ്പള്ളിയിലുമടക്കം മത്സരിച്ച് വോട്ട് വിഭജനമാണ് ലക്ഷ്യമിടുന്നത്’ -അദ്ദേഹം പറഞ്ഞു

അതേസമയം, മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കുന്നതു സംബന്ധിച്ച് പുനരാലോചനക്ക് സന്നദ്ധമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ‘ബി.ജെ.പിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളെ മുഴുവൻ ഒഴിവാക്കിത്തുടങ്ങിയാൽ എസ്.ഡി.പി.ഐക്ക് മത്സരിക്കാൻ ബംഗ്ലാദേശിൽ പോകേണ്ടിവരും. ഒരു പാർട്ടി വിജയിക്കുമോ ഇല്ലേയെന്നുമാത്രം നോക്കി സ്ഥാനാർഥിയെ നിർത്തുന്നത് എസ്.ഡി.പി.ഐക്ക് മാത്രമുള്ള മാനദണ്ഡമാക്കുന്നത് അപകടമാണ്. എസ്.ഡി.പി.ഐ 45 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. മത്സരിക്കാത്ത ഇടങ്ങളിൽ ആരെ പിന്തുണക്കണമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കാം. മഞ്ചേശ്വരത്തെ സ്ഥാനാർഥി അപരനല്ല. കെ.എം. അഷ്റഫ് എന്ന അഷ്റഫ് ബഡാജെ പാർട്ടി ജില്ല കമ്മിറ്റിയംഗവും ബ്ലോക്ക് പഞ്ചായത്തിൽ മത്സരിച്ചയാളും മണ്ഡലത്തിന്റെ പൾസ് അറിയുന്ന ആളുമായതിനാലാണ് സ്ഥാനാർഥിയാക്കിയത്. എസ്.ഡി.പി.ഐ മഞ്ചേശ്വരത്ത് മത്സരിച്ചാൽ മതേതര വോട്ടുകൾ ഭിന്നിക്കുമെന്നാണ് പാണക്കാട് തങ്ങൾ പറഞ്ഞത്. എസ്.ഡി.പി.ഐയും എസ്.ഡി.പി.ഐ വോട്ടും മതേതരമായി പരിഗണിക്കാൻ കഴിയുന്നത് സ്വാഗതാർഹമാണ്. മഞ്ചേശ്വരത്തെ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.ഫ് നേതാക്കൾ ബന്ധപ്പെടുന്നുണ്ട്. എസ്.ഡി.പി.ഐയെ ശത്രുവായി കാണുന്ന യു.ഡി.എഫിന്റെ സമീപനത്തിൽ മാറ്റം വരുത്തിയിട്ടുമതി ആവശ്യമുന്നയിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:SDPI manjeswaram Kerala Assembly Election 2026 assembly election 
News Summary - SDPI candidate from Manjeswaram will withdraw; KM Ashraf says he will resign from district committee
Next Story