കടൽ മണൽ ഖനനം: സംസ്ഥാന നിലപാടിൽ ദുരൂഹത
text_fieldsകൊല്ലം: എതിർപ്പുകൾ അവഗണിച്ച് കടൽ മണൽ ഖനന നടപടി പുരോഗമിക്കുമ്പോഴും സംസ്ഥാന സർക്കാറിന്റെ നിലപാടിൽ ദുരൂഹത. കേന്ദ്ര നിയന്ത്രണത്തിൽ കടൽ മണൽ ഖനനം നടത്തുന്നതിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കാൻപോലും തയാറാകാത്ത സംസ്ഥാന സർക്കാർ മുമ്പ് നടത്തിയ ഇടപെടലുകളാണ് സംശയനിഴലിൽ.
ഖനനത്തിന് ടെൻഡർ നടപടിക്കായി ജനുവരിയിൽ കൊച്ചിയിൽ കേന്ദ്ര മന്ത്രാലയം സംഘടിപ്പിച്ച ശിൽപശാലയിൽ സംസ്ഥാന സർക്കാർ പ്രതിനിധി പങ്കെടുത്തതടക്കം സംശയപട്ടികയിലാണ്. കേന്ദ്ര സർക്കാറിന്റെ ബ്ലൂ ഇക്കോണമി പ്രഖ്യാപനത്തിന് മുമ്പ് തന്നെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ആഗോള നിക്ഷേപ ഉച്ചകോടികളിൽ തീരക്കടലിലെ ഖനനത്തിന് പങ്കാളിത്ത പദ്ധതികളുടെ രൂപരേഖ അവതരിപ്പിച്ചിരുന്നു.
ഓഫ്ഷോർ മൈനിങ് നിയമം ഭേദഗതിചെയ്ത് സംസ്ഥാനത്തിന്റെ സമുദ്രാതിർത്തിക്കുള്ളിലെ ഖനനാധികാരം കേന്ദ്രം ഏറ്റെടുത്തതിലും മൈനിങ്ങിലൂടെ ലഭിക്കുന്ന റോയൽറ്റി മുഴുവൻ കേന്ദ്രം സ്വന്തമാക്കുന്നതിലും മാത്രമാണ് സംസ്ഥാനം എതിർപ്പ് പറഞ്ഞത്. ഈ നിയമഭേദഗതി വരുംമുമ്പ് കേന്ദ്രം അഭിപ്രായം തേടിയിരുന്നു. അതിന് 2023 മാർച്ചിൽ കേന്ദ്ര ഖനി മന്ത്രാലയം ഡയറക്ടർക്ക് സംസ്ഥാന ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കത്തയക്കുകയും ഖനന പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന ടെൻഡർ നടപടിയോഗത്തിൽ പ്രതിനിധിയെ അയച്ച് സഹകരിച്ചതിലാണ് ദുരൂഹത. മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് തടസ്സം വരാത്തരീതിയിലേ കടൽ മണൽ ഖനനം പോലുള്ള പദ്ധതി നടപ്പാക്കാവൂ എന്ന് നിലപാട് മയപ്പെടുത്തിയാണ് ടെൻഡർ നടപടിയിൽ സഹകരിച്ചത്. കരിമണൽ ഖനനത്തിന് കൊച്ചി ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് അനുമതി നൽകാൻ കഴിഞ്ഞ പിണറായി സർക്കാർ നീക്കം നടത്തിയതും ചേർത്ത് വായിക്കണം.
നിർമാണ ആവശ്യത്തിനുള്ള മണൽ ഖനനം നടത്തുമെന്ന് പറഞ്ഞാണ് ടെൻഡർ ക്ഷണിച്ചതെങ്കിലും പദ്ധതിയുടെ മറവിൽ ടൈറ്റാനിയം അടക്കം ധാതുമണൽ തന്നെയാണ് ലക്ഷ്യമിടുന്നത്. ഖനനത്തിന് ആദ്യം തെരഞ്ഞെടുത്ത സ്ഥലം കൊല്ലം പരപ്പ് പ്രദേശം ആയതിന് പിന്നിലും ഇതേ ലക്ഷ്യമാണ്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽനിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള കമ്പനി അടക്കം ടെൻഡർ നൽകിയ പദ്ധതിയിൽ ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി ഏപ്രിൽ രണ്ടുവരെ നീട്ടിയിട്ടുണ്ട്. ഇടത് സംഘടനകൾ അടക്കം ഖനനത്തിനെതിരെ സമരരംഗത്തുണ്ടെങ്കിലും സി.പി.എമ്മോ സർക്കാറോ ആ സ്വഭാവത്തിൽ ഇടപെടുന്നില്ലെന്നത് ഇരട്ടത്താപ്പായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ടെൻഡർ നടപടി നീട്ടിയതിന് പിന്നിൽ സി.പി.എം സമ്മേളനം
കൊല്ലം: കടൽ മണൽ ഖനനത്തിന് താൽപര്യപത്രം സമർപ്പിച്ച് ഈ മാസം 28ന് ടെൻഡർ നടപടി പൂർത്തിയാകുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്, കേന്ദ്ര സർക്കാർ ഉദ്ദേശിച്ച കമ്പനികളെല്ലാം താൽപര്യ പത്രം സമർപ്പിച്ചുകഴിഞ്ഞതായാണ് വിവരം. എന്നാൽ ഏപ്രിൽ രണ്ടുവരെ ടെൻഡർ സമയപരിധി നീട്ടിയതിന് പിന്നിൽ കൊല്ലത്ത് മാർച്ച് ആദ്യവാരം നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനമാണെന്നാണ് ആക്ഷേപം.ൽ സർക്കാറിന്റെയും പാർട്ടിയുടെയും നിലപാട് വ്യക്തമാക്കപ്പെടാത്തത് സമ്മേളനത്തിൽ ചർച്ചയാവുകയും അതേ അവസരത്തിൽ തീരദേശം കലുഷിതമാകുകയും ചെയ്താൽ കോർപറേറ്റുകൾക്ക് ക്ഷീണമാകുമെന്നതാണത്രെ ടെൻഡർ നടപടി നീട്ടിയതിന് കാരണം. മത്സ്യമേഖലയിൽ രൂപംകൊണ്ട പ്രതിഷേധം ശമിപ്പിക്കാനും ഒരുമാസ കാലയളവിൽ സാധ്യമാകും.