കടൽ മണൽ ഖനനം; കേന്ദ്ര വിശദീകരണം അന്താരാഷ്ട്ര കരാർ ലംഘന ഭീതിയിൽ
text_fieldsകൊല്ലം: കടൽ മണൽ ഖനനം ആരംഭിക്കുംമുമ്പ് പരിസ്ഥിതി ആഘാത പഠനം നടത്തുമെന്ന കേന്ദ്ര സർക്കാറിന്റെ വിശദീകരണം പ്രതിഷേധം കനത്തതിനെ തുടർന്ന്. കടലിലെ എന്തുതരം ഖനനം സംബന്ധിച്ചും അന്താരാഷ്ട്ര കരാറുകളുണ്ട്. അതിനെ മറികടന്നുള്ള നീക്കം രാജ്യാന്തര ബന്ധങ്ങളെ ബാധിക്കും. ഖനനത്തിനെതിരെ പ്രതിഷേധം കനത്തത് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ചർച്ചയായതോടെയാണ് കേന്ദ്ര ഖനി മന്ത്രാലയം വിശദീകരണവുമായി വന്നത്.
ഖനന ലേല നടപടികളുടെ തുടക്കം മാത്രമാണ് നടക്കുന്നതെന്നും പഠന-പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് രണ്ട്-മൂന്ന് വർഷമെടുക്കുമെന്നും ഖനി മന്ത്രാലയം സെക്രട്ടറി കെ.എൽ. കാന്തറാവു കഴിഞ്ഞ ദിവസം പറഞ്ഞു. മത്സ്യബന്ധനം നടക്കുന്ന മേഖലക്കും വളരെ അപ്പുറത്ത് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഖനനമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
പ്രതിഷേധം ശക്തമായതോടെ അത് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഖനിമന്ത്രാലയത്തിന്റേതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് ‘മാധ്യമ’ ത്തോട് പറഞ്ഞു. കാന്തറാവുവിന്റെ വിശദീകരണത്തിൽ തന്നെ അതിനുള്ള മറുപടിയുമുണ്ട്. കടലിന്റെ 50 കിലോമീറ്റർ ഉൾഭാഗമാണ് മത്സ്യബന്ധനത്തിന്റെ ഹൃദയഭാഗം. കടലിന്റെ 30-60 കിലോമീറ്റർ മേഖലയിലാണ് മത്സ്യബന്ധനം നടക്കുന്നത്. ഖനി മന്ത്രാലയം പരിസ്ഥിതി പഠനം നടത്തുമെന്ന് പറയുന്നത് കള്ളനെ താക്കോൽ ഏൽപ്പിക്കുംപോലെയാണ് -അദ്ദേഹം വ്യക്തമാക്കി.
70 രാജ്യങ്ങളിലെ 931 ഗവേഷകര്‍ ചേര്‍ന്ന് കഴിഞ്ഞ വർഷം കടൽ ഖനന കാര്യത്തിൽ പാരിസ്ഥിതിക പഠനം വേണമെന്ന് പ്രമേയം പാസാക്കിയിരുന്നു. സോളമന് ഐലന്റ്, നുവാരു, ടുവാലു, കിരിബാറ്റി തുടങ്ങിയ പസഫിക് ദ്വീപുകളും ന്യൂസിലന്‍ഡിന്റെ തീരവും ഇന്തോനേഷ്യയിലെ 12 ദ്വീപുകള്‍, ജര്‍മനി, നോര്‍വേ, തായ്ലന്റ്, ഫിന്‍ലന്‍ഡ് തുടങ്ങി വന്‍കിട രാജ്യങ്ങളും അടക്കം മണലെടുപ്പിന്റെ പ്രതിസന്ധി നേരിടുന്നതായാണ് പ്രമേയം ചൂണ്ടിക്കാട്ടിയത്.
അതേസമയം പരിസ്ഥിതി ആഘാത പഠനം നടത്തിമാത്രം ഖനനമെന്ന പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി കുഫോസ് മുൻ വി.സി പ്രഫ. ബി. മധുസൂദന കുറുപ്പ് പറഞ്ഞു. കടൽ ഖനനമടക്കമുള്ള കാര്യങ്ങളിൽ നിരവധി അന്താരാഷ്ട്രനിയമങ്ങളും രാജ്യാന്തര കരാറുകളുമുണ്ട്. 1982ലും 2012ലും 2015ലുമൊക്കെ ഇത്തരം കരാറുകൾ വന്നിട്ടുണ്ട്. അതൊക്കെ മറികടന്ന് ഖനന നടപടികളുമായി മുന്നോട്ട്പോകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരിസ്ഥിതിക ആഘാത പഠനം: യുക്തിക്ക് നിരക്കാത്തത്
ന്യൂഡൽഹി: കേരളത്തിൽ കടല്‍ മണല്‍ ഖനനത്തിന് ടെന്‍ഡര്‍ നല്കിയ കമ്പനി പാരിസ്ഥിതിക ആഘാത പഠനം നടത്തുമെന്നത് യുക്തിക്ക് നിരക്കാത്തതാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഇതുവരെ പാരിസ്ഥിതിക-സാമ്പത്തിക സാധ്യതാപഠനം നടത്തിയിട്ടില്ലെന്ന് സമ്മതിക്കുന്നത് കൂടിയാണ് ഖനി മന്ത്രാലയം സെക്രട്ടറി വി.എൽ. കാന്തറാവുവിന്റെ പ്രതികരണം. കടലിന്റെ ആവാസവ്യവസ്ഥക്കും മത്സ്യത്തൊഴിലാളി സമൂഹത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയത്തെ എത്ര ലാഘവത്തോടെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നു എന്നത് തുറന്നുകാട്ടുന്നതാണ് ഇത്. കടലിനെ കൊള്ളയടിക്കാനുള്ള ഗൂഢമായ കള്ളക്കളിയാണ് ഇതിന് പിന്നിലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.