കള്ളാടി ദുരന്തം: ബിക്രം റാണക്കായി തിരച്ചിൽ തുടരുന്നു
text_fieldsകള്ളാടി: കള്ളാടി തുരങ്കപാത നിർമാണ പ്രദേശത്തെ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ള ഹിമാചൽ സ്വദേശിക്കായി ശനിയാഴ്ച വ്യാപക തിരച്ചിൽ നടത്തും. അപകടത്തിൽ കാണാതായ ഹിമാചൽപ്രദേശ് സ്വദേശി ബിക്രം സിങ് റാണയെയാണ് ഇനി കണ്ടെത്താനുള്ളത്. ഹിമാചലിലെ കാങ്ക്റ ജില്ലക്കാരനായ ബിക്രം, തുരങ്കപാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിൽ അഞ്ചര കൊല്ലമായി ജോലിചെയ്യുന്നു. മുമ്പ് രാജസ്ഥാനിലെ കോട്ട ജില്ലയിലായിരുന്നു ചുമതല. ഒന്നരകൊല്ലമായി വയനാട്ടിലെ തുരങ്കപാത പദ്ധതിയിൽ കൺസ്ട്രക്ഷൻ മാനേജരാണ്.
കഴിഞ്ഞ ചൊവ്വാഴ്ച 11.15നാണ് ദുരന്തം നടന്നത്. തുരങ്കം നിർമിക്കാൻ ലക്ഷ്യമിടുന്ന സ്ഥലത്തിന്റെ തൊട്ടപ്പുറം മീനാക്ഷിമലയുടെ ഭാഗം ഇടിഞ്ഞതിനെ തുടർന്നുള്ള മണ്ണ് ഒഴുകി കമ്പനി ജീവനക്കാരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. റോഡും മീനാക്ഷിപാലവും മണ്ണിനാൽ മൂടിപ്പോകുകയായിരുന്നു. മണ്ണിനടിയിൽപെട്ട മൂന്നുപേരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ചതന്നെ ലഭിച്ചിരുന്നു. വ്യാഴാഴ്ച മറ്റ് മൂന്നുപേരുടെ മൃതദേഹങ്ങളും ലഭിച്ചു.
വെള്ളിയാഴ്ചത്തെ തിരച്ചിലിൽ ഒരു മൃതദേഹമാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത പ്രതികരണ സേന, പൊലീസിന്റെ സ്പെഷൽ ഓപറേഷൻസ് ഗ്രൂപ്, അഗ്നിശമനസേന, സന്നദ്ധ സംഘടനാ വളണ്ടിയർമാര് സംയുക്തമായി പുഴയിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപകട സ്ഥലത്ത് നാല് സോണുകളായി തിരിച്ചുള്ള തിരച്ചിലാണ് ഇന്നലെയും പ്രദേശത്ത് നടന്നത്. ശനിയാഴ്ച സോൺ ഒന്നും രണ്ടും കേന്ദ്രീകരിച്ച് കൂടുതൽ വ്യാപക തിരച്ചിൽ നടത്താൻ അവലോകന യോഗത്തിൽ തീരുമാനിച്ചു. എൻ.ഡി.ആർ.എഫ്, അഗ്നിരക്ഷസേന, പൊലീസ് ഉദ്യോഗസ്ഥർ, സിവിൽ ഡിഫൻസ് വളണ്ടിയർമാർ, സന്നദ്ധപ്രവർത്തകർ എന്നിവരാണ് വ്യാപക തിരച്ചിൽ നടത്തുന്നത്.
ചികിത്സയിലുള്ളവർ സുഖം പ്രാപിക്കുന്നു
തുരങ്കപാത നിർമാണ മേഖലയിലെ അപകടത്തിൽ 18 പേരാണ് ഉൾപ്പെട്ടിരുന്നത്. അപകടദിനമായ ചൊവ്വാഴ്ചതന്നെ പരിക്കേറ്റവരെ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു.
ക്യാമ്പിൽ 132 പേർ
മേപ്പാടി ഗവ പോളിടെക്നിക്ക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്ക് ഭക്ഷണം, വെള്ളം, വസ്ത്രം, മരുന്ന് എന്നിവ കൃത്യമായി ലഭ്യമാക്കിയതായി അധികൃതർ അറിയിച്ചു. 49 കുടുംബങ്ങളിലെ 132 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്. 41 പുരുഷന്മാരും 43 സ്ത്രീകളും 37 കുട്ടികളും ക്യാമ്പിലുണ്ട്. ക്യാമ്പിൽ ക്രമീകരിച്ച കമ്യൂണിറ്റി കിച്ചൺ മുഖേന 800 പേർക്ക് ദിവസേന ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.


