നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സിക്കാൻ സെക്യൂരിറ്റി ജീവനക്കാരനും
text_fieldsനെടുമങ്ങാട് : നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സിക്കാൻ സെക്യൂരിറ്റി ജീവനക്കാരനും. ചൊവ്വാഴ്ച വൈകുന്നേരം 3.30 മണിയോടെ ഒരു അപകടത്തിൽ പരിക്കേറ്റു ചികിത്സക്കെത്തിയ യുവാവിന്റെ മുറിവ് വൃത്തിയാക്കി മരുന്ന് വച്ചു കെട്ടുന്ന സെക്യൂരിറ്റി ജീവനക്കാരന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി.
ജില്ല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തോട് ചേർന്നുള്ള മുറിയിലാണ് സെക്യൂരിറ്റി ജീവനക്കാരൻ രോഗിയെ ചികിത്സിക്കുന്നത്. ഈ സമയം ഡോക്ടറോ ആശുപത്രിയിലെ മറ്റ് ജീവനക്കാരോ ഒന്നും അടുത്തില്ല. രോഗിയോടൊപ്പം വന്ന ഒരാൾ മുറിയിലുള്ളത് വീഡിയോയിൽ കാണാം.
നെടുമങ്ങാട് ജില്ല ആശുപത്രിയെ കുറിച്ച് നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് സെക്യൂരിറ്റി ജീവനക്കാരൻ രോഗിയെ ചികിൽസിക്കുന്ന രംഗങ്ങൾ പുറത്തു വന്നത്. നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ അസിസ്റ്റന്റ് നേഴ്സിങ്, ഫാർമസിസ്റ്റ് തുടങ്ങിയ ഒഴിവുകൾ നികത്താൻ നിരവധി പരാതികൾ ഉയർന്നിട്ടും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.
ഇതിനിടയിൽ ചെറിയ അസുഖങ്ങളായി പോലും ഇവിടെയെത്തുന്നവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന സമ്പ്രദായം വർധിക്കുന്നതായും ഇത് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ ആംബുലൻസുകാരെ സഹായിക്കാനാണെന്നും പറയുന്നു.