ഫാർമസിസ്റ്റ് അല്ലാത്തവർ മരുന്ന് നൽകിയാൽ പിഴ രണ്ടു ലക്ഷം; നിയമങ്ങൾ കടലാസിൽ, പരിശോധന സംവിധാനമില്ല
text_fieldsപാലക്കാട്: ഫാർമസി നിയമം നിലവിൽ വന്ന് 75 വർഷം പിന്നിട്ടുവെങ്കിലും അവ പാലിക്കപ്പെടുന്നത് പരിശോധിക്കാൻ ഫലപ്രദ സംവിധാനമില്ല. ഫാർമസി നിയമങ്ങൾ പാലിക്കപ്പെടുന്നു എന്നുറപ്പ് വരുത്തേണ്ടത് കേന്ദ്രസംസ്ഥാന ഫാർമസി കൗൺസിലുകൾ ആണ്. ഇതിനു വേണ്ട പരിശോധന സംവിധാനങ്ങൾ ഒരുക്കാൻ നാളിതുവരെയായി ഫാർമസി കൗൺസിലുകൾക്കായിട്ടില്ല.
നേരത്തെ കേരളം ഉൾപ്പെടെ ചുരുങ്ങിയ സംസ്ഥാനങ്ങളിൽ പാർട്ട് ടൈം ഇൻസ്‌പെക്ടർമാരെ നിയമിച്ചിരുന്നു. കേരളത്തിൽ ജില്ലയിൽ ഒന്ന് എന്ന കണക്കിൽ പാർട്ട് ടൈം ഇൻസ്‌പെക്ടർമാരെ നിയമിക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ ഇന്ന് മിക്ക തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. 1948ലെ ഫാർമസി നിയമം അനുസരിച്ചു രോഗികൾക്ക് മരുന്ന് എടുത്ത്കൊടുക്കേണ്ടത് രജിട്രേഡ് ഫാർമസിസ്റ്റുകൾ ആണ്. അല്ലാത്തവർ മരുന്ന് നൽകിയാൽ ഫാർമസി നിയമം സെക്ഷൻ 42 ബി പ്രകാരം ആറ് മാസം തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. 2023ൽ പാർലമെന്റ് ഇതിൽ ഭേദഗതി വരുത്തുകയും പിഴ രണ്ടു ലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു. എന്നാൽ, ഇന്ന് മരുന്ന് എടുത്തുകൊടുക്കുന്നവരിൽ 80 ശതമാനവും യോഗ്യത ഇല്ലാത്തവർ ആയിട്ടും പേരിനു പോലും നിയമനടപടികൾ ഉണ്ടാകുന്നില്ല.
സർക്കാർ മേഖലയിലെ ഫാർമസിസ്റ്റുകൾ നേരിടുന്ന മുഖ്യ പ്രശ്നമാണ് തസ്തികകൾ അനുവദിക്കാത്തതിനാലുള്ള ജോലി ഭാരം സൃഷ്ടിക്കുന്ന സമ്മർദം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജുകൾ വരെ 1961ലെ സ്റ്റാഫ് പാറ്റേൺ ആണ് തുടരുന്നത്. കലഹരണപ്പെട്ട ഈ സ്റ്റാഫ് പാറ്റേൺ പരിഷ്കരിച്ചിട്ടില്ല. 500 ലധികം രോഗികൾക്ക് വരെ ഒരു ഫാർമസിസ്റ്റ് മരുന്ന് നൽകേണ്ടിവരുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകൾക്ക് ഉച്ച ഭക്ഷണ ഇടവേള പോലും ഇല്ല. തിരക്ക് കുറഞ്ഞു ഭക്ഷണം കഴിക്കാമെന്നു വെച്ചാൽ പോലും, മരുന്ന് വിതരണം മുടക്കരുതെന്നു നിർദേശമുള്ളതിനാൽ അതിനു സാധിക്കാറില്ല. ശുചിമുറിയിൽ പോകാൻ പേലും സമയം ലഭിക്കുന്നില്ലെന്നാണ് വനിത ഫാർമസിസ്റ്റുകളുടെ പരാതി.
സ്വകാര്യ ആശുപത്രികളിലും ഫാർമസികളിലും ഫാർമസിസ്റ്റുകൾക്ക് മിനിമം വേതനം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അത് നൽകാൻ ഉടമകൾ തയ്യാറാകുന്നില്ല. പലയിടത്തും ലൈസൻസ് ആവശ്യത്തിന് ഒരാളെ നിയമിച്ച് ബാക്കി കുറഞ്ഞ വേതനത്തിന് യോഗ്യത നേടാത്ത ജീവനക്കാരെ വെക്കുകയാണ്. രോഗികൾക്ക് മരുന്നിനോടൊപ്പം അവയുടെ ശരിയായ ഉപയോഗ നിർദേശങ്ങൾ, കൗൺസിലിങ് എന്നിവ നൽകുന്നത് അസുഖം ഭേദമാകാൻ സഹായിക്കും. രോഗികൾക്ക് പലവിധ സംശയങ്ങൾ തീർത്തു നൽകേണ്ടതും ഫാർമസിസ്റ്റിന്റെ ഉത്തരവാദിത്തമാണ്.


