പ്രസവാനന്തര ശസ്ത്രക്രിയയിൽ ഡോക്ടറുടെ ഗുരുതര വീഴ്ച; യുവതി ദുരിതത്തിൽ
text_fieldsപ്രതീകാത്മക ചിത്രം
നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി. 23 വയസുള്ള യുവതിക്ക് പ്രസവ ശസ്ത്രക്രിയക്കു ശേഷം മലം പോകുന്നത് യോനിയിലൂടെ. നെടുമങ്ങാട് ജില്ല ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിന്റെ ചികിത്സയിലായിരുന്നു യുവതി.
കുഞ്ഞിന് മുലയൂട്ടാനോ പരസഹായം ഇല്ലാതെ ഇരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് യുവതി. ചികിത്സാപിഴവ് പരിഹരിക്കാനെന്നു പറഞ്ഞ് യുവതി നേരിട്ടത് നിരവധി ശാസ്ത്രക്രിയകൾ. എന്നിട്ടും പരിഹാരമില്ലാത്ത ദുരിതത്തിലായതോടെയാണ് ഇവർ പരാതിയുമായി രംഗത്തുവന്നത്.
വിതുര പട്ടൻകുളിച്ച പാറയിൽ ഷഹജാദിന്റെ ഭാര്യ ഹസ്ന ഫാത്തിമയാണ് ചികിത്സാപിഴവിലൂടെ ദുരിതത്തിലായത്. പ്രസവത്തെതുടർന്ന് എപ്പിസിയോടോമി ചെയ്തതിൽ ഡോക്ടറുടെ കൈപിഴവ് ആണ് ഈ ഗതിയിലേക്ക് യുവതിയെ എത്തിച്ചതെന്നാണ് ആക്ഷേപം.
2025 ജൂൺ18 ന് ആണ് പ്രസവത്തിനായി ഡോ. ബിന്ദുസുന്ദർ ഹസ്നയെ അഡ്മിറ്റ് ചെയ്തത്. തുടർന്ന് അടുത്ത ദിവസം സുഖപ്രസവവും നടന്നു. എന്നാൽ പ്രസവസമയത്ത് എപ്പിസിയോടോമി ചെയ്തതിൽ മലദ്വാരത്തിന്റെ ഞരമ്പ് മുറിഞ്ഞു പോയിരുന്നു. ഇത് മറച്ചുവെച്ച് തുന്നലിട്ട് വാർഡിലേക്ക് മാറ്റി. മൂന്നാംനാൾ തുന്നൽ ഇട്ട ഭാഗത്ത് യോനിയിൽകൂടി മലം പോകുന്നതായി അറിഞ്ഞ് ഹസ്ന ഭർത്താവിനോട് വിവരം പറയുകയും വിഷയം ഡോക്ടറെ അറിയിച്ചപ്പോൾ മുറിവുള്ളതുകൊണ്ടാണെന്നും മുറിവ് ഉണങ്ങുമ്പോൾ ശരിയാകുമെന്നും പറഞ്ഞു.
എന്നാൽ 10 ദിവസത്തിനു ശേഷവും മുറിവ് ഉണങ്ങാതിരുന്നിട്ടും ഇവരെ ഡിസ്ചാർജ് ചെയ്തു. വീട്ടിൽ എത്തിയിട്ടും അവസ്ഥക്ക് മാറ്റം ഉണ്ടായില്ല. തുടർന്ന് വീണ്ടും ആശുപത്രിയിലെത്തി. മലം ഇപ്പോഴും മാറിയാണ് പോകുന്നതെന്ന് ഡോക്ടറോട് പറഞ്ഞു. പരിശോധിച്ച ശേഷം യാത്ര ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ഒരാഴ്ച സമയം കൊടുത്താൽ പൂർവസ്ഥിതിയിലാക്കാമെന്നും പറഞ്ഞ് ആശുപത്രിയിൽ ഒരാഴ്ചത്തേക്ക് അഡ്മിറ്റ് ചെയ്തു.
മുറിവിൽ വന്നിരിക്കുന്ന മലം നീക്കം ചെയ്യുന്നതിന് ഒരു ശസ്ത്രക്രിയകൂടി വേണ്ടി വരുമെന്നു പറഞ്ഞ് ഒരാഴ്ചക്കുശേഷം മെഡിക്കൽ കോളജിലേക്ക് പോകാൻ പറയുകയും അവിടെ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടന്നും ഡോക്ടർ പറഞ്ഞു. പുറത്തുള്ള ആംബുലൻസ് വരുത്തി ഡോക്ടർ തന്നെ മെഡിക്കൽകോളേജ് ആശുപത്രിയിലേക്കയച്ചു. അവിടെ നടത്തിയ പരിശോധനകളിൽ വജൈന ഫിസ്റ്റുലയാണെന്നും ഇതിന് പരിഹാരമായി സ്റ്റോം ബാഗ് ഇടണമെന്ന നിർദേശം നൽകി.
ഇതിനുശേഷം ജൂലൈ 30 ന് ശസ്ത്രക്രിയ നടത്തി. രണ്ടു മാസം കഴിഞ്ഞ് ഫിസ്റ്റുല വന്ന ഭാഗം പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും നിർദേശിച്ചു. എന്നാൽ സ്റ്റോം ബാഗിന്റെ ശസ്ത്രക്രിയ കഴിഞ്ഞിട്ടും മുറിവിൽ കൂടി മലം വരുന്നതിന് മാറ്റം വന്നില്ല. തുടർന്ന് തുടയിൽ നിന്ന് മാംസം എടുത്ത് ഫിസ്റ്റുല അടച്ച് പ്ലാസ്റ്റിക് സർജറി ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല.
മാംസവും മലവും തമ്മിൽ ചേർന്ന് ബ്ലോക്ക് ആയി നിന്നു. അതിനു ശേഷം ഡോ. നിസാറുദീൻ റൂമിൽ വിളിച്ച് കുടലിന്റെ ഒരു ഭാഗം മാത്രം വെച്ചിട്ടുണ്ട്, അതുകൊണ്ടാണ് മലവും ബ്ലെഡ്‌ഡും വന്നത് എന്നും കുടലിന്റെ ഉൾഭാഗം കൂടി വെക്കണമെന്നും പറഞ്ഞു. അതിനായി നവംബർ 5 ന് ശസ്ത്രക്രിയ ചെയ്തു. നവംബർ 11 ന് ഡിസ്ചാർജ് ചെയ്തു. എന്നാൽ വീട്ടിൽ പോയപ്പോൾ വേദനയും നീരും സഹിക്കാൻ പറ്റാത്ത അവസ്ഥയായി. വീണ്ടും മെഡിക്കൽ കോളജിലെത്തി.
കുടൽ അകത്തു പോയെന്നും ഇനിയൊരു ശസ്ത്രക്രിയ ഉണ്ടെങ്കിൽ മാത്രമേ കുടൽ പുറത്തേക്കെടുക്കാൻ പറ്റുകയുള്ളു എന്നും ഇത് കൂടാതെ രണ്ട് ശസ്ത്രക്രിയകൾ കൂടി വേണ്ടിവരുമെന്നും പറഞ്ഞു. ഇങ്ങനെ നെടുമങ്ങാട് ആശുപത്രിയിലെയും മെഡിക്കൽ കോളജിലെയും ഡോക്ടർമാർ മാറിമാറി ഹസ്നയുടെ ശരീരം പല ഭാഗത്തും കീറിമുറിച്ചു. എന്നിട്ടും ഇതുവരെയും ഡോക്ടർ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. ഭർത്താവ് വയറിന്റെ രണ്ടു ഭാഗം കൈകൊണ്ട് അമർത്തിയാണ് മലവും മൂത്രവും പുറത്തെടുക്കുന്നത്.
പ്രശ്നമുണ്ടായപ്പോൾതന്നെ മൂടിവെക്കാതെ വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ തനിക്ക് ഈ അവസ്ഥ വരില്ലായിരുന്നെന്ന് വേദനയോടെ ഹസ്ന പറയുന്നു. പൊലീസിൽ നൽകിയ പരാതിക്ക് പുറമെ മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും മെഡിക്കൽ ഡിപ്പാർട്ട്മെന്റിനും ഉൾപ്പെടെ പരാതി നൽകുകയാണ് ഹസ്ന. ഓട്ടോ തൊഴിലാളിയായ ഹസ്നയുടെ ഭർത്താവ് ശസ്ത്രക്രിയയും മരുന്നുകൾക്കും ചിലവിനും ഒക്കെയായി നെട്ടോട്ടം ഓടുകയാണ്.
അന്വേഷണം പ്രഖ്യാപിച്ചു
നെടുമങ്ങാട്: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സാ പിഴവെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്. ഹസ്ന മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഡി.എം.ഒ തല അന്വഷണമാണ് നടത്തുക. ഡി.എൻ.ഒ, ജില്ല നഴ്സിങ് ഓഫിസർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുക. ചികിത്സാ രേഖകളുമായി ഇന്ന് നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്താൻ പരാതിക്കാരിക്ക് നിർദേശം നൽകിയിട്ടുണ്ട്.


