സെർവറിന് ശേഷിയില്ല: രജിസ്ട്രേഷൻ സ്തംഭനത്തിൽ
text_fieldsതിരുവനന്തപുരം: സെര്‍വർ തകരാറിനെ തുടർന്ന് സംസ്ഥാനത്തെ സബ് രജിസ്ട്രാർ ഓഫിസുകളിൽ ഭൂമികൈമാറ്റ രജിസ്ട്രേഷന് സ്തംഭിച്ചു. രജിസ്ട്രേഷന് വകുപ്പില്‍ നാലു ദിവസമായി തുടരുന്ന പ്രതിസന്ധി ചൊവ്വാഴ്ച അതിരൂക്ഷമായി.
രജിസ്ട്രേഷനായി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും അടച്ചശേഷം രാവിലെ മുതല്‍ സബ് രജിസ്ട്രാർ ഓഫിസുകളിൽ എത്തിയവർ രജിസ്ട്രേഷന് നടത്താനാകാതെ മടങ്ങി. പ്രമാണം ചെയ്യുന്നതിനുവേണ്ടി വിദേശത്ത് നിന്നെത്തിയവരുള്‍പ്പെടെ കുടുങ്ങി. ബാധ്യത സര്‍ട്ടിഫിക്കറ്റ് , ആധാരം പകര്‍പ്പ്, പ്രത്യേക വിവാഹ രജിസ്ട്രേഷന് എന്നിവക്കായി ഫീസ് അടയ്ക്കുന്നതിനും സാധിക്കുന്നില്ല.
ആധാരങ്ങളുടെ രജിസ്ട്രേഷനുവേണ്ടി ഓണ്‍ലൈനിൽ പണമടച്ച നിരവധി പേർക്ക് അക്കൗണ്ടില്‍നിന്നും പണം പോയിട്ടും വീണ്ടും പണം അടയ്ക്കാനുള്ള നിർദേശവും വരുകയാണ്. മിക്ക സബ് രജിസ്ട്രാർ ഓഫിസുകളിലും ഇ-ഗഹാന് രജിസ്ട്രേഷന് താറുമാറായിട്ടും ദിവസങ്ങളായി. ഇതുകാരണം സഹകരണ ബാങ്കുകളിലെ വായ്പവിതരണവും നിലച്ചു. വകുപ്പിന് കിട്ടേണ്ടതായ എല്ലാഫീസും നല്കിയ ശേഷമാണ് ഇടപാടുകാര്‍ക്ക് സേവനം നല്‍കാതെ മടക്കി വിടുന്നത്. സെര്‍വര്‍ ശേഷി കൂട്ടുന്നതിനുള്ള പ്രവൃത്തികളുടെ ഭാഗമാണ് ഈ തടസ്സം. 10 ദിവസം കൂടി ഈ അവസ്ഥ തുടരുമെന്നാണ് സൂചന.


