അട്ടപ്പാടിയിൽ ഊര് ഭൂമി സർവേ ചെയ്യാൻ സെറ്റിൽമെന്‍റ് രജിസ്റ്റർ പരിശോധിക്കണം -ലാൻഡ് റവന്യൂ കമീഷണർ
text_fieldsലാൻഡ് റവന്യൂ മൂൻ കമീഷണർ ഡോ. എ. കൗശികൻ
തൃശൂർ: അട്ടപ്പാടിയിൽ ഊര് ഭൂമി സർവേ ചെയ്യുന്നതിന് സെറ്റിൽമെൻറ് രജിസ്റ്റർ പരിശോധിക്കണമെന്ന് ലാൻഡ് റവന്യൂ മൂൻ കമീഷണർ ഡോ. എ. കൗശികൻ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി സംബന്ധമായ പ്രശ്നങ്ങൾ ചർച്ച ചെയ്ത മെയ് അഞ്ചിലെ യോഗത്തിലാണ് കമീഷണർ നിർദേശം നൽകിയത്. ഈ നിർദേശം ഇപ്പോഴും ചുവപ്പ് നാടയിലാണ്.
അതേസമയം, അട്ടപ്പാടി തഹസിൽദാർ ഈ നിർദേശം അംഗീകരിക്കാൻ തയാറല്ല. തഹസിൽദാർ സെറ്റിൽമെൻറ് രജിസ്റ്റർ പരിശോധിക്കാൻ പോലും തയാറാല്ല. ഊര് ഭൂമി സർവേ ചെയ്യുന്നത് പ്രാഥമികമായി എ ബി രജിസ്റ്ററിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. എ ആൻഡ് ബി രജിസ്റ്ററിൽ ഭൂമി പട്ടികവർഗ വിഭാഗക്കാരുടെ പേരിലാണെങ്കിൽ അതിന്‍റെ അടിസ്ഥാനത്തിൽ സർവേ ചെയ്യണം. എ ആൻഡ് ബി രജിസ്റ്ററിൽ ഭൂമി നോൺ ട്രൈബിന്‍റെ പേരിലാണെങ്കിൽ സെറ്റിൽമെൻറ് രജിസ്റ്റർ പരിശോധിച്ച് അയതിന്‍റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് യോഗത്തിൽ തീരുമാനിച്ചു.
എ ആൻഡ് ബി രജിസ്റ്ററിലോ സെറ്റിൽമെന്‍റ് രജിസ്റ്ററിലോ ഉൾപ്പെടാത്തതും പട്ടികവർഗ വിഭാഗക്കാരുടെ കൈവശത്തിലുള്ളതുമായ ഭൂമി, ഊര് ഭൂമിയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും വില്ലേജ് ഓഫീസറിൽ നിന്നും റിപ്പോർട്ട് ലഭ്യമാക്കി ഡിജിറ്റൽ സർവെയിൽ ഊര് ഭൂമി എന്ന് രേഖപ്പെടുത്തണമെന്നും നിർദേശിച്ചു. ഊര് ഭൂമിയിൽ ഉൾപ്പെട്ട എല്ലാ സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളും പ്രത്യേകം സബ് ഡിവിഷൻ ചെയ്ത് ഇനം ഊര് ഭൂമിയായി നിലനിർത്തി റമാർക്സ് കോളത്തിൽ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തണം.
ഊര് ഭൂമിയിൽ അവകാശ രേഖയുള്ള കൈവശക്കാർ പട്ടികവർഗ വിഭാഗക്കാരാണെങ്കിൽ അത് പ്രകാരം സർവേ ചെയ്യണം. കൈവശക്കാർ നോൺ പട്ടികവർഗ ലൈബ് വിഭാഗക്കാർ ആണെങ്കിൽ സബ് ഡിവിഷൻ ചെയ്യേണ്ടതില്ല. ഊര് ഭൂമി ഒരു മൈനർ സർക്യൂട്ടായി സർവെ ചെയ്ത് ഈര് ഭൂമിയിൽ ഉൾപ്പെടുന്ന ട്രൈബ്സിന്‍റെ പേരുകളിൽ സബ് ഡിവിഷൻ ചെയ്താൽ മതിയെന്ന് കമീഷണർ അറിയിച്ചു. നോൺ ടൈബ് വിഭാഗക്കാരുടെ ഭൂമി സബ് ഡിവിഷൻ ചെയ്യേണ്ടതില്ല. അത്തരം സാഹചര്യത്തിൽ ടി.എൽ.എ കേസുകളുടെ ആവശ്യകത ഉണ്ടോയെന്ന് ആർ.ഡി.ഒ പരിശോധിക്കേണ്ടതാണ്.
ട്രൈബൽ ഭൂമിയുടെ അതിർത്തി റീഫിക്സ് ചെയ്യേണ്ടതാണെന്നും, കൈയേറ്റം ഉണ്ടെങ്കിൽ ആയത് സംബന്ധിച്ച് കെ.എസ്.ടി ആക്ട് പ്രകാരം നടപടി സ്വീകരിക്കുന്നതിന് സബ് കലക്ടർക്കും, തഹസിൽദാർക്കും റിപ്പോർട്ട് ചെയ്യണം. ഒരു സർവെ നമ്പറിൽ ഒന്നിലധികം അവകാശ രേഖകൾ ഉള്ള കേസുകളിൽ ഭൂമി കൈവശം അനുസരിച്ച് കൂട്ടായി സബ് ഡിവിഷൻ ചെയ്യേണ്ടയാണ്. നോൺ ടൈബിന്‍റെ കൈവശമുള്ള ഭൂമിയിൽ പട്ടികവർഗ്ഗ വിഭാഗക്കാർ രേഖകൾ സഹിതം അവകാശമുന്നയിക്കുന്ന കേസുകളിൽ റിമാർക്സിൽ ടി.എൽ.എ എന്ന് രേഖപ്പെടുത്തണമെന്നും, അത്തരം കേസുകളുടെ വിവരങ്ങൾ സബ് കലക്ടർക്ക് റിപ്പോർട്ടു ചെയ്യണം.
അട്ടപ്പാടിയിലെ എല്ലാ വില്ലേജുകളിലും രേഖകൾ പരിശോധിച്ച് പട്ടികവർഗക്കാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്തി മാത്രം സ്ഥിര തണ്ടപ്പേർ അനുവദിക്കുവാൻ വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകാൻ തഹസിൽദാർക്ക് നിർദേശങ്ങൾ നൽകി. സെറ്റിൽമെൻറ് രജിസ്റ്ററിൽ പുറമ്പോക്കായി രേഖപ്പെടുത്താത്ത ഭൂമി എ ആൻഡ് ബി രജിസ്റ്റർ പ്രകാരം നാളത് പുറമ്പോക്കായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിന്‍റെ അടിസ്ഥാനത്തിൽ പുറമ്പോക്ക് നിർണയിക്കണമെന്ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ അറിയിക്കണം.
പുറമ്പോക്ക് എ ആൻഡ് ബി രജിസ്റ്ററിന്‍റെ അടിസ്ഥാനത്തിൽ സർവെ ചെയ്ത് സബ് ഡിവിഷൻ ചെയ്യണമെന്നും കമീഷണർ അറിയിച്ചു. നിലവിൽ കാണുന്ന എല്ലാ പൊതുവഴികളും റോഡുകളും പുറമ്പോക്കായി സർവെ ചെയ്യണമെന്നും കമീഷണർ നിർദേശം നൽകിയിരുന്നു. നിർദേശമെല്ലാം കടലാസിൽ ഒതുങ്ങി. ഇപ്പോഴും സെറ്റിൽമെൻറ് രജിസ്റ്റർ പരിശോധിക്കാതെയാണ് ഡിജിറ്റൽ സർവേ നടത്തുന്നത്. ഈ അട്ടമറിക്ക് നേതൃത്വം നൽകുന്നതാകട്ടെ അട്ടപ്പാടിയിലെ തഹസിൽദാർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥരാണ്.


