മാനനഷ്ടകേസിൽ ഷാഫി പറമ്പിൽ ജാമ്യമെടുത്തു
text_fieldsതലശ്ശേരി: മാനനഷ്ടകേസിൽ ഷാഫി പറമ്പിൽ എം.പി ബുധനാഴ്ച തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരായി ജാമ്യമെടുത്തു. ഷാഫി പറമ്പിൽ നടത്തിയ വാർത്തസമ്മേളനത്തിലെ ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ച് സംസ്ഥാന ബാലാവകാശ കമീഷൻ ചെയർപേഴ്സൻ അഡ്വ. കെ.വി. മനോജ് കുമാർ നൽകിയ മാനനഷ്ട കേസിലാണ് ഷാഫി പറമ്പിൽ കോടതിയിൽ ഹാജരായത്.
അഡ്വ. ഒ.ജി. പ്രേമരാജൻ മുഖേന നൽകിയ ഹരജിയിലാണ് നടപടി. 2020 ആഗസ്റ്റ് 30 നാണ് ഷാഫി പറമ്പിൽ വാർത്തസമ്മേളനം നടത്തിയത്. സ്വഭാവദൂഷ്യത്തിന് ബാർ കൗൺസിൽ അഡ്വ. കെ.വി. മനോജ് കുമാറിനെതിരെ 2017 ഡിസംബർ എട്ടിന് നടപടിയെടുത്തെന്നായിരുന്നു ആരോപണം.
ഇതിനെതിരെ മാനനഷ്ടത്തിന് ഷാഫിക്ക് നോട്ടീസ് അയച്ചപ്പോൾ മറുപടി നൽകിയില്ല. തുടർന്ന് ഷാഫിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് 2021 മാർച്ച് 25ന് നൽകിയ ഹരജിയിൽ സമൻസ് അയച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരായത്. കേസ് 25 ലേക്ക് മാറ്റി.