‘തെറി വിളിച്ചാൽ പേടിച്ചോടുമെന്ന് കരുതിയോ? അതിന് വേറെ ആളെ നോക്കണം, നിങ്ങളെന്താ ചെയ്യുക?’ -കാർ തടഞ്ഞ് തെറിവിളിച്ച ഡി.വൈ.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എം.പി
text_fieldsവടകര: ‘ഓണം വൈബ്’ ഉദ്ഘാടനം ചെയ്ത് മടങ്ങുന്നതിനിടെ വടകര ടൗൺഹാളിന് സമീപം കാർ തടഞ്ഞ് തെറിവിളിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ റോഡിലിറങ്ങി വെല്ലുവിളിച്ച് ഷാഫി പറമ്പിൽ എം.പി. തെറി വിളിച്ചാൽ പേടിച്ചോടുമെന്ന് കരുതിയോ എന്നും അതിന് വേറെ ആളെ നോക്കണമെന്നും ഷാഫി പറഞ്ഞു. നിങ്ങളെന്താണ് ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്ക് സംരക്ഷണ കവചമൊരുക്കുന്നുവെന്നാരോപിച്ചാണ് വടകരയിൽ ഷാഫി പറമ്പിൽ എം.പിയുടെ കാർ തടഞ്ഞ് ഡിവൈ.എഫ്.ഐ പ്രതിഷേധിച്ചത്. കെ.കെ. രമ എം.എൽ.എയുടെ വിദ്യാഭ്യസ പരിപാടിയായ വൈബിന്‍റെ നേതൃത്വത്തിൽ ഭിന്ന ശേഷി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഓണം വൈബ്’ ഉദ്ഘാടനം ചെയ്ത് വടകര ടൗൺ ഹാളിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് സംഭവം. ബാനറും കൊടിയുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഷാഫിയുടെ കാർ തടയുകയായിരുന്നു. അതിനിടെ, പ്രതിഷേധക്കാരിൽ ചിലർ തെറി വിളിച്ചതായി ഷാഫി ആരോപിച്ചു.
ഇതോടെ കാർ നിർത്തി പുറത്തിറങ്ങി ഇക്കാര്യം പിണറായിയോട് പോയി പറയണമെന്ന് പറഞ്ഞ ഷാഫി തെറി വിളിച്ചാൽ പേടിച്ചോടുമെന്ന് കരുതിയോ എന്നും ചോദിച്ചു. ‘സമരം ചെയ്തോ, അല്ലാതെ നായ് പട്ടി തുടങ്ങിയ വിളിയൊന്നും വേണ്ട. നിങ്ങൾ എന്താ ചെയ്യുക? ചെയ്യൂ. അതൊന്ന് കാണണമല്ലോ?
കാറിന് മുന്നിൽ കിടന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ മാറ്റാൻ പൊലീസ് ശ്രമിച്ചെങ്കിലും മാറാൻ തയ്യാറായില്ല. ഏറെ പണിപെട്ടാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രകോപിതനായ ഷാഫിയെ പൊലീസ് അനുനയിപ്പിച്ച് കാറിൽ തിരികെ കയറ്റുകയായിരുന്നു.