മലയിൽ കുടുങ്ങിയ ബാബുവുമായി കരസേനാംഗങ്ങൾ സംസാരിച്ചെന്ന് ഷാഫി പറമ്പിൽ
text_fieldsകോഴിക്കോട്: മലമ്പുഴ ചെറാട് മലമടുക്കിൽ കുടുങ്ങിയ ബാബുവുമായി കരസേനാംഗങ്ങൾ സംസാരിച്ചെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. ബാബുവിന് പിടിച്ച് നിൽക്കുവാൻ ആത്മവിശ്വാസം നൽകിയെന്നും നേരം പുലരുന്നതോടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കുമെന്നും ഷാഫി പറമ്പിൽ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മലമ്പുഴ ചെറാടിൽ കുറച്ച് നേരം മുൻപ് ബാബുവിന്റെ മാതാവിനെയും കുടുംബാംഗങ്ങളെയും നേരിൽ കണ്ടു സംസാരിച്ചു. കരസേനയുടെ രണ്ട് ടീമും ഏതാനും മിനിട്ടുകൾക്ക് മുൻപും ബാബുവുമായി സംസാരിച്ചിട്ടുണ്ട് എന്നത് ഏറെ ആശ്വാസകരമാണ്.
അവർ അയച്ച ദൃശ്യങ്ങളിൽ ബാബുവിന്റെ ശബ്ദം കേൾക്കാം. വെള്ളം ഉൾപ്പടെ പെട്ടെന്ന് എത്തിക്കാമെന്നും അവിടെ നിന്ന് നേരം പുലരുന്നതോട് കൂടി രക്ഷാപ്രവർത്തനം തുടങ്ങാമെന്നും അറിയിച്ച് ബാബുവിന് പിടിച്ച് നിൽക്കുവാൻ ആത്മവിശ്വാസം നൽകിയതായാണ് ടീമുകളുടെ ഒപ്പമുള്ള പ്രദേശത്തെ ആളുകൾ ഫോണിൽ അറിയിച്ചത്.
മുകളിൽ നിന്നും താഴെ നിന്നുമായി ബാബുവിന്റെ അടുക്കലേക്ക് എത്താനുള്ള തീവ്രശ്രമത്തിലാണ് കരസേനയുടെ വ്യത്യസ്ത ടീമുകൾ.