തരൂരിന്റേത് കരുതിക്കൂട്ടിയുള്ള നീക്കം; കോൺഗ്രസിൽ കടുത്ത അമർഷം
text_fieldsതിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കിയ ശശി തരൂരിനെതിരെ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം. ആസന്നമായ പൊതുതെരഞ്ഞെടുപ്പുകളുടെ ഡ്രസ് റിഹേഴ്സലായി വിശേഷിപ്പിക്കുന്ന നിലമ്പൂരിൽ പാർട്ടിയൊന്നടങ്കം വിയർപ്പൊഴുക്കി നിൽക്കെ, സംസ്ഥാന നേതൃത്വത്തോട് അഭിപ്രായ വ്യത്യാസമുണ്ടെന്നും പ്രചാരണത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും തരൂർ തുറന്നടിച്ചത് കരുതിക്കൂട്ടിയാണെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്.
പഹൽഗാമുമായി ബന്ധപ്പെട്ട കേന്ദ്രദൗത്യസംഘ വിഷയത്തിൽ ഹൈകമാൻഡ് താൽപര്യങ്ങൾ മറികടന്ന തരൂരിന്റെ ഇടപെടലുകൾ കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തി സൃഷ്ടിച്ചതിന് പിന്നാലെയാണ് കേരളത്തിലെത്തിയുള്ള വെടിപൊട്ടിക്കൽ.
‘ക്ഷണിക്കാൻ അവിടെ നടന്നത് വിവാഹമൊന്നുമല്ലെന്ന’തടക്കം പ്രവർത്തകസമിതി അംഗമെന്ന പരിഗണന പോലും നൽകാതെയുള്ള രൂക്ഷ മറുപടിയുണ്ടായതും ഈ സാഹചര്യത്തിലാണ്. 40 പേരടങ്ങുന്ന താരപ്രചാരകരുടെ കൂട്ടത്തിൽ എട്ടാമനായി തരൂരിനെ ഉൾപ്പെടുത്തിയ പട്ടിക കൂടി കെ.പി.സി.സി പുറത്തുവിട്ടതോടെ, ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾക്ക് ചുമതല നൽകിരുന്നില്ല. ഓരോരുത്തരുടെയും സൗകര്യമനുസരിച്ച് പരിപാടി നിശ്ചയിക്കുകയായിരുന്നു. കേന്ദ്രദൗത്യത്തിന്റെ ഭാഗമായി തരൂർ വിദേശത്തായിരുന്നതിനാൽ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ലെന്നാണ് സംസ്ഥാന നേതൃത്വം വിശദീകരിക്കുന്നത്.
ജൂൺ 12ന് മടങ്ങിയെത്തിയ തരൂരാകട്ടെ, ഇക്കാര്യങ്ങളിൽ മുൻകൈയെടുത്തതുമില്ല. പിന്നാലെ, പരാതി പറയാൻ തെരഞ്ഞെടുപ്പ് ദിനം തെരഞ്ഞെടുക്കുകയും ചെയ്തു. ഇതിനിടെ, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കാണാനുള്ള നീക്കത്തിലാണ് തരൂർ. കൂടിക്കാഴ്ചക്കുള്ള സമയം തേടിയെന്നും വിവരമുണ്ട്.
തരൂരിന്റെ വിമർശനത്തിനുപിന്നിൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ക്ഷണമില്ലായ്മ മാത്രമല്ലെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. പുതിയ കെ.പി.സി.സി ഭാരവാഹികൾ ചുമതലയേറ്റ ചടങ്ങിൽ നിന്ന് തരൂർ വിട്ടുനിന്നിരുന്നു. കെ. സുധാകരൻ അധ്യക്ഷനായിരുന്ന ഘട്ടത്തിലും നേതൃത്വത്തോട് അത്ര രസത്തിലായിരുന്നില്ല.