ശത്രുസ്തുതിയും സെൽഫ് ഗോളും; തരൂരിന് ‘തെരഞ്ഞെടുപ്പ് ഡ്യൂട്ടി’യില്ല
text_fieldsതിരുവനന്തപുരം: സ്വന്തം പാളയത്തിൽ നിരന്തരം വെടി പൊട്ടിക്കുകയും എതിരാളികൾക്ക് ഒളിഞ്ഞും തെളിഞ്ഞും വിസിലടിക്കുകയും ചെയ്യുന്ന ശശി തരൂരിനെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറ്റിനിർത്താൻ കോൺഗ്രസിൽ അനൗദ്യോഗിക ധാരണ.
ഏതാനും നാളുകളായി വെടിനിർത്തൽ സൂചന നൽകിയ തരൂർ പാർട്ടിയിലെ കുടുംബവാഴ്ചക്കെതിരെ ലേഖനമെഴുതുകയും പിന്നാലെ എൽ.കെ. അദ്വാനിയുടെ 98ാം ജന്മദിനത്തിൽ അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തതാണ് സംസ്ഥാന നേതാക്കളുടെ കടുത്ത അമർഷത്തിന് ഇടയാക്കിയത്. തരൂരിനെയടക്കം നേതാക്കളെ ലോക്സഭയിലെത്തിക്കാൻ വിയർപ്പൊഴുക്കിയ സാധാരണ പ്രവർത്തകരുടെ അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഈ ഘട്ടത്തിൽ മുന്നും പിന്നും നോക്കാതെ പാർട്ടിയെയും പ്രവർത്തകരെയും വെട്ടിലാക്കും വിധം പരാമർശം നടത്തുന്ന തരൂരിനോട് അനുനയവും വിട്ടുവീഴ്ചയും വേണ്ടെന്നതാണ് പൊതു ലൈൻ.
എ.ഐ.സി.സി അംഗമാണെന്നതിനാൽ തരൂരിനെതിരെ ഹൈകമാന്റാണ് നിലപാടെടുക്കേണ്ടത് എന്നതാണ് സംസ്ഥാന നേതാക്കളുടെ സമീപനം. കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിൽ ‘‘തരൂർ അടുത്ത കാലത്തായി ചെയ്യുന്നതിൽ അധികവും തെറ്റാണെന്നും പക്ഷേ നടപടിയെടുക്കേണ്ടത് നേതൃത്വമാ’ണെന്നും കെ. മുരളീധരൻ തുറന്നുപറഞ്ഞിരുന്നു. പാർട്ടി പുറത്താക്കിയാൽ ലഭിക്കുന്ന രക്തസാക്ഷി പരിവേഷം രാഷ്ട്രീയ മൂലധനമാക്കാൻ കാത്തിരിക്കുന്ന തരൂരിനെ വിമർശിച്ചും പരാമർശിച്ചും വലുതാക്കേണ്ടെന്നാണ് ഹൈകമാൻഡ് വാക്കാൽ നൽകിയ നിർദേശം.
തദ്ദേശ തെരഞ്ഞെടുപ്പിനായി സുപ്രധാന തീരുമാനങ്ങളും തന്ത്രങ്ങളും ആവിഷ്കരിക്കാൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ കൺവീനറാക്കി ഹൈകമാൻഡ് രൂപംനൽകിയ 17 അംഗം പാർട്ടി കോർ കമ്മിറ്റിയിൽ തരൂരും ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, അത് സാങ്കേതികമാണെന്നും കേരളത്തിൽനിന്നുള്ള പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് തരൂരും ഉൾപ്പെട്ടതെന്നുമാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ പ്രധാനമന്ത്രിയെ പുകഴ്ത്തിയും അടിയന്തരാവസ്ഥ മുൻനിർത്തി ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചും കോൺഗ്രസിൽനിന്ന് അകന്ന തരൂർ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി വിളിച്ച യോഗങ്ങളിൽ എത്തിയിരുന്നു. പിന്നാലെ സംസ്ഥാന സര്ക്കാറിനെതിരെ ജെബി മേത്തർ എം.പി നയിച്ച മഹിള സാഹസ് യാത്രയുടെ സമാപന ചടങ്ങിൽ പ്രതിപക്ഷ നേതാവിനും കെ.പി.സി.സി പ്രസിഡന്റിനുമൊപ്പം വേദി പങ്കിട്ടതും മഞ്ഞുരുക്കത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെട്ടത്. പിന്നാലെയാണ് വിവാദ പരാമർശങ്ങൾ.


