അന്തിയുറങ്ങാൻ ഷെഡ്, ദുരിത ജീവിതവുമായി സുലോചനയും കുടുംബവും
text_fieldsഅടച്ചുറപ്പില്ലാത്ത ഷെഡിൽ സുലോചന
പൊഴുതന: അന്തിയുറങ്ങാൻ വാസയോഗ്യമായ വീടില്ലാതെ ദുരിതം പേറുകയാണ് സുലോചനയും കുടുംബവും. പൊഴുതന പഞ്ചായത്തിലെ അമ്മാറ പാപ്പാല പ്രദേശത്തെ പുറമ്പോക്ക് ഭൂമിയിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കെട്ടിയ കൂരയിലാണ് സുലോചനയും ഭർത്താവും രണ്ടു മക്കളും അടങ്ങുന്ന കുടുംബം കഴിയുന്നത്. കേൾവി ശക്തി പൂർണമായി നഷ്ടമാവുകയും കാഴ്ച മങ്ങുകയും ചെയ്ത സുലോചന നിത്യരോഗിയാണ്. കൂലിപ്പണിക്കാരനായ ഭർത്താവ് സലിംകുമാറാണ് ഏക ആശ്രയം. രോഗിയായ ഭാര്യക്ക് മരുന്നു വാങ്ങാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇദ്ദേഹം.
ചെറിയ മഴ ചാറിയാൽ ഷെഡ് ചോർച്ചയിൽ മുങ്ങും. പൊഴുതന ചുണ്ടേൽ റൂട്ടിൽ വൈത്തിരി പൊഴുതന പഞ്ചായത്തുകളോട് അതിർത്തി പങ്കിടുന്ന പുറമ്പോക്ക് ഭൂമിയിലാണ് ഇവരുള്ളത്. കൂരയിൽ ശുചിമുറി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ല. വയൽ പ്രദേശമായതിനാൽ മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കും. ഭൂരഹിതരായ ഈ കുടുംബം ഒരു പതിറ്റാണ്ടായി വീടിനും സ്ഥലത്തിനുമായി പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ കയറിയിറങ്ങിയിട്ടും നടപടിയുമുണ്ടായിട്ടില്ല.