‘അമ്മത്താരാട്ടി’ലുണ്ട് ഷെഫീഖ്; നിഴലായി രാഗിണിയമ്മയും
text_fieldsതൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ‘അമ്മത്താരാട്ട്’ എന്ന മുറിയിൽ ഷെഫീഖും രാഗിണിയും
തൊടുപുഴ: തണലാകേണ്ടവരുടെ കൈകളിൽനിന്നേറ്റ ക്രൂര മർദനത്താൽ ഒന്നെഴുന്നേൽക്കാൻപോലുമാവാതെ ഷെഫീഖ് ഇന്നും ജീവിതത്തോട് പോരാടുകയാണ്. താൻ കടന്നുവന്ന വേദനയുടെ രാപ്പകലുകളെക്കുറിച്ചോ തന്നെ ഈ ഗതിയിലാക്കിയവർക്ക് കോടതി നൽകിയ ശിക്ഷയെക്കുറിച്ചോ തിരിച്ചറിയാൻ അവന്റെ ഓർമകൾക്ക് ഇന്ന് ആവതില്ല. ഇതൊന്നും അറിയിക്കാതെ പെറ്റമ്മയായി സ്നേഹം പകർന്ന് അവന്റെ രാഗിണിയമ്മ ഇപ്പോഴും കൂട്ടായി ‘അമ്മത്താരാട്ടി’ലുണ്ട്.
പ്രതികളായ ഷെഫീഖിന്റെ പിതാവും രണ്ടാനമ്മക്കുമെതിരെ പുറപ്പെടുവിച്ച വിധി ഒരു പൊട്ടിക്കരച്ചിലോടെയാണ് രാഗിണി കേട്ടത്. 2013 ജൂലൈ 15ന് പരിക്കേറ്റ നിലയിൽ കട്ടപ്പനയിലെ ആശുപത്രിയിൽ ആറര വയസ്സുകാരനെ എത്തിക്കുമ്പോൾ ജീവന്റെ ചെറിയൊരു തുടിപ്പ് മാത്രമാണ് ആ ശരീരത്തിൽ അവശേഷിച്ചിരുന്നത്. പൊള്ളലിന്റെയും മുറിവുകളുടെയും പാടുകളായിരുന്നു ശരീരം നിറയെ.
പരിശോധനയിൽ ഇരുമ്പുവടികൊണ്ട് തലക്ക് അടിയേറ്റതാണെന്ന് മനസ്സിലായി. കാലുകൾ ഒടിഞ്ഞുതൂങ്ങിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞുഷെഫീഖ് നേരിട്ട ഞെട്ടിക്കുന്ന പീഡന വിവരം പുറംലോകമറിയുന്നത്. ഷെഫീഖിന്റെ വേദന കേരളക്കരയാകെ ഏറ്റെടുത്തു. സർക്കാർ ഇടപെടലുണ്ടായി.
വിദഗ്ധ ഡോക്ടർമാരുടെ സംഘം ഷെഫീഖിനെ പരിചരിക്കാനെത്തി. ഒടുവിൽ ദിവസങ്ങൾക്ക് ശേഷം ഷെഫീഖ് കണ്ണുതുറന്നു. പിന്നീട് കൂടുതൽ ചികിത്സക്ക് വെല്ലൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആ സമയത്താണ് മരുന്നിനൊപ്പം അമ്മയുടെ സ്നേഹവും കരുതലുമായി രാഗിണി എത്തുന്നത്.
ഇടുക്കിയിൽ അംഗൻവാടി ഹെൽപറായിരുന്ന രാഗിണിയെ സാമൂഹികക്ഷേമ വകുപ്പാണ് ഷെഫീഖിനെ പരിപാലിക്കാനായി നിയമിച്ചത്. അവിവാഹിതയായ രാഗിണി മരുന്നിനൊപ്പം സ്നേഹവും നൽകി അവനെ പതിയെ പതിയെ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വേദനകൾക്കൊടുവിൽ ജീവിതത്തിലേക്ക് തിരിച്ച് മടങ്ങിയെങ്കിലും ഓടിച്ചാടി നടക്കേണ്ട ഈ പ്രായത്തിലും കിടക്കയിലും വീൽചെയറിലുമാണ് ഷെഫീഖ് ജീവിതം തള്ളിനീക്കുന്നത്.
17 വയസ്സിലെത്തി നിൽക്കുമ്പോഴും അവന്റെ ബുദ്ധിവളർച്ച ഒരു കുഞ്ഞിന്റേതിന് സമാനമാണ്. തൊടുപുഴ അൽ-അസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയാണ് സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ ഷെഫീഖിനും രാഗിണിക്കുമായി ‘അമ്മത്താരാട്ട്’ എന്ന പേരിൽ ഒരുമുറി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഇതാണ് ഇരുവരുടെയും ലോകം.
തലയിലടക്കം ഏറ്റ മുറിവുകൾ മൂലം ഷെഫീഖിന്റെ തലച്ചോറിന്റെ വളർച്ച വളരെ പിന്നിലാണെന്ന് െഷഫീഖിനെ പരിചരിക്കുന്ന ഡോ. ഷിയാസ് പറഞ്ഞു. നേരത്തേ, എഴുന്നേൽപിച്ചിരുത്താൻ ശ്രമിക്കുേമ്പാൾ ഒരുവശത്തേക്ക് ചരിഞ്ഞ് പോകുമായിരുന്നു. ഇപ്പോൾ മാറ്റം വന്നു. സംസാരിക്കാനൊക്കെ പഠിച്ചുവരുന്നു.
വാവാച്ചിയെ വിട്ട് താനെങ്ങും പോകാറില്ലെന്ന് രാഗിണി പറഞ്ഞു. വർഷത്തിലൊരിക്കൽ അച്ഛനെയും അമ്മയെയും കാണാൻ കോലാഹലമേട്ടിലെ വീട്ടിൽ പോകും. അതും വാവാച്ചിയെയും കൊണ്ട്. രണ്ട് മണിക്കൂറിനുള്ളിൽ തിരിച്ചും വരും. ഇടക്ക് സ്കൂളിലാക്കിയെങ്കിലും ഏറെസമയം വീൽചെയറിലിരിക്കാൻ കഴിയാത്തതിനാൽ മുറിയിൽ വന്ന് അധ്യാപകർ ക്ലാസ് എടുക്കുന്നുണ്ട്.
എങ്ങിനെയെങ്കിലും ഷെഫീഖിനെ എഴുന്നേൽപിച്ച് നിർത്തി അവന്റെ കാര്യങ്ങൾ സ്വന്തമായി ചെയ്യുന്ന രീതിയിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും രാഗിണി പറഞ്ഞു. ആശുപത്രി കോമ്പൗണ്ടിനോട് ചേർന്ന് രാഗിണിക്കും ഷെഫീഖിനുമായി ഒരുവീട് നിർമിച്ച് നൽകാനാണ് തീരുമാനിച്ചതെന്നും ഇനിയുള്ള കാലവും ഇവരെ സംരക്ഷിക്കുമെന്നും ആശുപത്രി എം.ഡി അഡ്വ. കെ.എം. മിജാസ് പറഞ്ഞു.