പ്രതികളുടെ ഓണാഘോഷത്തിന് സ്റ്റേഷനിൽ നിന്ന് ഒത്താശ! എസ്.എച്ച്.ഒക്കും പൊലീസിനും ഗുരുതര വീഴ്ചയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിൽ ഓണം ആഘോഷിച്ചത് എസ്.എച്ച്.ഒയുടെ അറിവോടെയെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവസമയം എസ്.എച്ച്.ഒ സ്റ്റേഷനിലുണ്ടായിരുന്നു.
ഓണാഘോഷത്തിന് പൊലീസുകാർക്ക് വാങ്ങിയതിനൊപ്പം ഒരേ നിറമുള്ള ഷർട്ട് മൂന്നെണ്ണം അധികം വാങ്ങി. ഇത് ഒരു കോൺസ്റ്റബിൾ വഴിയാണ് ഐ.പി. ബിനുവിന് ലഭിച്ചതെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഇടത് അനുകൂല പൊലീസ് സംഘടന നേതാവാണ് എസ്.എച്ച്.ഒ ആർ. പ്രശാന്ത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് എസ്.ഐ.ടിയുടെ ഭാഗമായി അന്വേഷിച്ചിരുന്നത് പ്രശാന്താണ്. പിന്നീട് ഇദ്ദേഹത്തെ ചുമതലയിൽനിന്നു നീക്കി തൃശൂരിലേക്ക് സ്ഥലം മാറ്റിയിരുന്നു. അടുത്ത ദിവസമാണ് മാറുക.
ശനിയാഴ്ചയാണ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷനുമുന്നിൽ ഓണം ആഘോഷിച്ചത്. കേസിലെ 25 പ്രതികൾ ശനിയാഴ്ച സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസമായിരുന്നു. ഒപ്പിടാനെത്തിയ മുൻ കൗൺസിലറും പ്രതിയുമായ ഐ.പി. ബിനു ഉൾപ്പെടെ ചിലർ സ്റ്റേഷനുമുന്നിൽ ഊഞ്ഞാലാടിയും ചെണ്ട കൊട്ടിയും ആഘോഷിച്ചു. പൊലീസുകാർ ധരിച്ചിരുന്ന അതേ നിറത്തിലുള്ള ഷർട്ട് ആണ് ബിനു അടക്കമുള്ളവർ ധരിച്ചിരുന്നത്. തുടർന്ന് ആഘോഷം റീൽ ആക്കി ബിനു സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇവരെ തടയാൻ പൊലീസുകാർ ശ്രമിച്ചില്ല.
എസ്.എച്ച്.ഒക്കും പൊലീസിനും ഗുരുതര വീഴ്ച സംഭവിച്ചതായാണ് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തൽ. സ്റ്റേഷനകത്ത് പ്രതികളുമായി ഉദ്യോഗസ്ഥർ സൗഹൃദം പങ്കുവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും സ്പെഷൽ ബ്രാഞ്ചിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജാമ്യ വ്യവസ്ഥ ലംഘനം ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാൻ പൊലീസ് നീക്കം തുടങ്ങി. സംഭവത്തിൽ എ.ഡി.ജി.പി പി. വിജയൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറോട് അടിയന്തിര റിപ്പോർട്ട് തേടിയിരുന്നു. അതേസമയം, തങ്ങൾ സ്റ്റേഷനു പുറത്ത് ഓണാഘോഷത്തിന്റെ ഭാഗമാവുക മാത്രമാണ് ചെയ്തതെന്നാണ് പ്രതികളുടെ വാദം.
പിന്നിൽ കോൺഗ്രസുകാരെ തല്ലിയ വിദ്വാൻ -കെ. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറിയതറിയാത്ത പൊലീസുകാരുണ്ടെന്നും അതിന്റെ ദോഷമാണ് പൊലീസ് സ്റ്റേഷനു മുന്നിലെ റീൽസ് ചിത്രീകരണമെന്നും മന്ത്രി കെ. മുരളീധരൻ.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് കോൺഗ്രസുകാരെ സ്റ്റേഷനിലിട്ടു തല്ലിയ വിദ്വാനാണ് ആഘോഷങ്ങൾക്ക് പിറകിലെ ശക്തി. കഴിഞ്ഞ 10 വർഷം മ്യൂസിയം സ്റ്റേഷനിൽ കോൺഗ്രസുകാരെ തല്ലലായിരുന്നു ആ പൊലീസുകാരന്റെ ജോലി. ആ വിദ്വാൻ പറഞ്ഞിട്ടാണ് പഴയ കൗൺസിലർക്ക് മുണ്ടും ഷർട്ടും വാങ്ങിക്കൊടുത്തത്. വിഷയത്തിൽ ആഭ്യന്തരവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.


