പച്ചപ്പിന്റെ ഹൃദയം തൊട്ട പ്രകൃതിസ്നേഹി
text_fieldsകോഴിക്കോട്: ശോഭീന്ദ്രൻ മാഷിന്റെ നിറം പച്ചയാണ്, പ്രകൃതിയുടെ പച്ച. ശോഭീന്ദ്രന് മാഷിന് പരിസ്ഥിതി പ്രവര്‍ത്തനം ജീവിതത്തിന്റെ ഒരു ഭാഗമല്ല, ജീവിതം തന്നെയായിരുന്നു. ഫിദൽ കാസ്ട്രോയെ അനുസ്മരിപ്പിക്കുന്ന പ്രത്യേകതരം പച്ച ഷർട്ടും പച്ച പാന്റ്സും പച്ച തൊപ്പിയും ധരിച്ച് പച്ച നിറമുള്ള വാഹനത്തിൽ അദ്ദേഹം സഞ്ചരിച്ചു. പുറമേക്ക് കാണുന്ന പച്ചപ്പ് മാത്രമല്ല, പ്രകൃതിക്കുവേണ്ടി മിടിക്കുന്ന ശോഭീന്ദ്രൻ മാഷിന്റെ ഹൃദയത്തിന്റെ നിറംപോലും പച്ചയാണെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. തോൽപെട്ടി കാടുകളില്‍ കുളം നിർമിച്ച് കാട്ടാനകളുടെ ദാഹമകറ്റുന്നതിലും പൂനൂര് പുഴയെ രക്ഷിക്കുന്നതിലും ജില്ലയിലാകെ ലക്ഷക്കണക്കിന് മരം വെച്ചുപിടിപ്പിക്കുന്നതിലും പുതുതലമുറക്ക് പ്രകൃതിപാഠങ്ങള്‍ പകര്ന്നുനല്കുന്നതിലുമെല്ലാം ഈ പച്ചമനുഷ്യനെ കാണാം. കോഴിക്കോട് നഗരത്തിലെ ബൈപാസ് റോഡിലെ മരങ്ങള്‍ക്കും 110 ഏക്കര്‍ വരുന്ന ഗുരുവായൂരപ്പന് കോളജിലെ മരസമൃദ്ധിക്കും പ്രഫ. ശോഭീന്ദ്രന് എന്ന മഹാമനുഷ്യന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥ പറയാനുണ്ട്.
ബംഗളൂരു ആർട്സ് ആൻഡ് സയന്‍സ് കോളജ് അധ്യാപകനായിട്ടായിരുന്നു ശോഭീന്ദ്രൻ മാഷ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ചിത്രദുര്‍ഗ ജില്ലയിലെ ഒരു ഗ്രാമത്തിലേക്ക് സ്ഥലംമാറ്റം വാങ്ങി. ഭാഷയറിയാത്ത, സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലാത്ത മാഷിന്റെ സുഹൃത്തുക്കളായത് അവിടത്തെ കുട്ടികളായിരുന്നു. തന്നിലെ പരിസ്ഥിതിസ്നേഹിയെ വളർത്തിയെടുത്തത് ഈ കാലമാണെന്ന് മാഷ് പിന്നീട് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൂന്നുവര്‍ഷത്തെ കര്‍ണാടകയിലെ ജീവിതത്തിന് ശേഷം താന്‍ പഠിച്ച ഗുരുവായൂരപ്പന് കോളജിലേക്ക് അധ്യാപകനായി അദ്ദേഹം തിരിച്ചുവന്നു. ഇതിനിടെ പ്രകൃതിയും മാഷും തമ്മിൽ അഭേദ്യമായ ബന്ധം വികസിച്ചുവന്നുകഴിഞ്ഞിരുന്നു. 32 വര്‍ഷക്കാലത്തെ ഗുരുവായൂരപ്പന് കോളജിലെ ഔദ്യോഗിക ജീവിതകാലത്ത് അദ്ദേഹം ചെയ്ത പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്.
കാടും കാട്ടാറുകളും നിലനില്ക്കാന് കവിത പാടിയാല്‍ മാത്രം പോരെന്ന് അദ്ദേഹം ഉറപ്പിച്ചു പറയും. പരിസ്ഥിതി പ്രവർത്തനത്തിന് മൂന്നാമത് ഇന്ദിരാഗാന്ധി പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡും കേരള സർക്കാറിന്റെ വനമിത്ര അവാര്‍ഡും സഹയാത്രി പുരസ്കാരവും മാഷിനെ തേടിയെത്തി. കോഴിക്കോട് നഗരത്തിലെ ഫുട്പാത്തിലെ പൊട്ടിയ സ്ലാബുകളെക്കുറിച്ച് പഠിച്ച് ചതിക്കുഴികളെക്കുറിച്ച് പഠന റിപ്പോര്‍ട്ട് തയാറാക്കി മേയര്‍ക്ക് സമര്‍പ്പിച്ചു. ഇതിന്റെ ഫലമായി 100 സ്ലാബുകള്‍ നിർമിച്ച് ഫുട്പാത്തിന്റെ പ്രശ്നങ്ങള്‍ കോര്പറേഷന് പരിഹരിച്ചു. ജോൺ എബ്രഹാം, ജോയ് മാത്യു എന്നിവരുടെ സുഹൃത്തായ അദ്ദേഹം അമ്മ അറിയാൻ, ഷട്ടർ, കൂറ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഗുരുവായൂരപ്പന് കോളജില്‍ ശിൽപകല ക്യാമ്പ് സംഘടിപ്പിച്ച് കാമ്പസ് മുഴുവന്‍ ശിൽപങ്ങള് സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്തത് മാഷാണ്. ബോധിച്ചുവട്ടിലെ ബുദ്ധപ്രതിമയും ഉരുളൻ കല്ലുകളടുക്കി നിർമിച്ച ചൂണ്ടുവിരലുയര്‍ത്തിയ കൈയുടെ ശിൽപവും വായിക്കുന്ന വിദ്യാർഥിയുടെ ചിന്താശിൽപവും പ്രതിമകളിൽ ഏറെ പ്രസിദ്ധമാണ്.