ജീവിതം പച്ചയാക്കിയ ശോഭീന്ദ്രൻ മാഷ്
text_fieldsമാഷ്
കക്കോടി: പരിസ്ഥിതിദിനാചരണങ്ങളിലെ വലിയൊരു പ്രയാസം, ആ ദിവസം പരിസ്ഥിതി നാശത്തെക്കുറിച്ചുമാത്രം സംസാരിക്കേണ്ടിവരുന്നുവെന്നതാണെന്ന് പ്രഫ. ടി. ശോഭീന്ദ്രൻ മാസ്റ്റർ 2021ലെ പരിസ്ഥിതി ദിനാചരണത്തിൽ പറഞ്ഞിരുന്നു. വളർന്നുവലുതാകുന്ന പരിസ്ഥിതിയെയും കാലാവസ്ഥയെയും ജീവജാലങ്ങളെക്കുറിച്ചും പറയേണ്ടതിനുപകരം നാശത്തിന്റെ ഓർമപ്പെടുത്തലുകൾ വേണ്ടിവരുന്നത് നല്ലതിന്റെ ലക്ഷണമേയല്ലെന്നും അരനൂറ്റാണ്ടിലേറെ പ്രകൃതിക്കുവേണ്ടി ജീവിതം മാറ്റിവെച്ച അദ്ദേഹം പരിതപിച്ചിരുന്നു. പ്രകൃതിക്കിണങ്ങാത്തതൊന്നും ജീവിതത്തിൽ പാടില്ലെന്നതിനാൽ ശോഭീന്ദ്രൻ മാസ്റ്ററുടെ ജീവിതത്തിലെ സകലതിനും നിറം പച്ചയായിരുന്നു. പ്രകൃതിക്ക് തണലാകാൻ വെച്ചുപിടിപ്പിച്ച മരങ്ങൾക്കോ പ്രകൃതിദോഷത്തിനെതിരെ നടന്ന സമരങ്ങളിൽ പങ്കെടുത്തതിനോ കണക്കുണ്ടായിരുന്നില്ല.
മണ്ണും വെള്ളവും വായുവും മലിനമാക്കപ്പെടുന്നുവെന്നറിയുമ്പോഴേക്കും ശോഭീന്ദ്രൻ മാസ്റ്റർ കൊടുങ്കാറ്റായി പറന്നടുക്കുമായിരുന്നു. അധ്യാപകജീവിതത്തിലും അല്ലാതെയുമായി പകർന്ന പാഠങ്ങളിൽ ഏറെയും മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമായിരുന്നു. ഏറ്റവും വലിയ സമ്പത്ത് ഏതാണെന്ന് കൂടക്കൂടെ ഓർമപ്പെടുത്തിയിട്ടും പരിസ്ഥിതി പ്രവർത്തകർക്കുപോലും മടുത്തുപോകുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
വ്യവസായിക വികസനത്തിലൂടെയോ ടൂറിസത്തിലൂടെയോ പണം എത്ര വേണമെങ്കിലും കൂട്ടിയെടുക്കാൻ കഴിഞ്ഞേക്കാം. പക്ഷേ, നശിപ്പിച്ചാൽ ഒരിക്കലും തിരിച്ചുണ്ടാക്കാൻ കഴിയാത്തതാണ് ഭൂമിയുടെ രൂപം. ടൂറിസം വികസനത്തിന്റെ പേരിലാണ് പ്രകൃതി കൊല്ലപ്പെടുന്നത്. കാലാവസ്ഥയുടെ സുസ്ഥിരത മറഞ്ഞുകൊണ്ടിരുന്നിട്ടും അതിനെക്കുറിച്ച് സർക്കാറുകൾക്ക് വേവലാതികളില്ലാതെ വികസനത്തിനു പിന്നാലെ പായുന്നതിൽ അദ്ദേഹം തീർത്തും നിരാശനായിരുന്നു. വീട്ടുകാർ ഉണരില്ല എന്നുറപ്പുള്ള കള്ളന്റെ മാനസികാവസ്ഥയിലാണ് സർക്കാർ. സമൂഹം തെറ്റുചെയ്യുന്നത് തുടരുകയാണെന്നും മാസ്റ്റർ പറഞ്ഞുവെച്ചിരുന്നു. പ്രകൃതിയെ സ്നേഹിച്ച്, ഭൂമിയുടെ സുസ്ഥിരത സ്വപ്നം കണ്ട് ജീവിച്ച അപൂർവം മനുഷ്യരിലൊരാളാണ് നമ്മിൽനിന്ന് വിടപറഞ്ഞത്.