Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാന്യമായ കരോൾ അല്ലേൽ...

‘മാന്യമായ കരോൾ അല്ലേൽ അടി കിട്ടും’ -ഷോൺ ജോർജ്; കരോൾ കുട്ടികളെ ബിജെ.പി ആക്രമിച്ചതിന് വിചിത്ര ന്യായീകരണം

text_fields
bookmark_border
‘മാന്യമായ കരോൾ അല്ലേൽ അടി കിട്ടും’ -ഷോൺ ജോർജ്; കരോൾ കുട്ടികളെ ബിജെ.പി ആക്രമിച്ചതിന് വിചിത്ര ന്യായീകരണം
cancel

ന്യൂഡൽഹി: പാലക്കാട് പുതുശ്ശേരിയിൽ കുട്ടികളുടെ കരോൾ സംഘത്തെ ബി.ജെ.പിക്കാർ ആക്രമിച്ചതിനെ ന്യായീകരിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. താൻ അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോൾ ആയിരുന്നില്ല. അവിടെ മദ്യപിച്ചതടക്കമുള്ള കാര്യങ്ങൾ നടന്നു. മാന്യമായ കരോൾ അല്ലെങ്കിൽ അടി കിട്ടും. അതാണ് അവിടെ പ്രശ്നമുണ്ടായതെന്നും ഷോണ്‍ ജോര്‍ജ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെ കരോൾ സംഘത്തെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചതിനെയാണ് വിചിത്രമായ വാദങ്ങളിലൂടെ അദ്ദേഹം ന്യായീകരിച്ചത്.

"മാന്യമായ ഒരു കരോൾ ആയിരുന്നില്ല അത്. മാന്യമായ കരോൾ ആണെങ്കിൽ പള്ളി അറിയണ്ടേ? രൂപത അറിയണ്ടേ? നടത്തുന്ന കരോൾ മാന്യമായിരിക്കണം. അല്ലാതെ നാട്ടുകാർക്ക് പ്രശ്നം ഉണ്ടാക്കുന്ന രീതിയിൽ, നാട്ടുകാരെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ഒരു കരോളാണ് അവിടെ നടന്നതെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. അവിടെ മദ്യപിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നു. അറിഞ്ഞിടത്തോളം അത് ഒരു മാന്യമായ കരോൾ ആയിരുന്നില്ല. അതാണ് അവിടെ പ്രശ്നമുണ്ടായത്’- ഷോൺ പറഞ്ഞു.

വ്യാജപ്രചരണങ്ങളിലൂടെ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ‘ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഈ ക്രൈസ്തവ സ്നേഹം. കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും വിവിധ സഭാനേതൃത്വങ്ങളുമായി നല്ലനിലയില്‍ പോകുന്നത് കോണ്‍ഗ്രസിന് സഹിക്കുന്നില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വടക്കുനോക്കി യന്ത്രങ്ങളാകുകയാണ്. കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ അക്രമങ്ങളുണ്ടായപ്പോള്‍ നിശബ്ദത പാലിച്ചവരാണ് ഇവര്‍’ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ബി.ജെ.പി -ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിനിരയായ കരോൾ സംഘത്തിലെ കുട്ടികളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറും രംഗത്തെത്തിയിരുന്നു. മദ്യപിച്ച് സി.പി.എമ്മിന്റെ ബാൻഡ് സെറ്റുമായി പോകുന്നവരെ കരോൾ സംഘമെന്നാണോ പറയേണ്ടതെന്ന് എന്നായിരുന്നു വാർത്ത സമ്മേളനത്തിൽ സി. കൃഷ്ണകുമാർ ചോദിച്ചത്. കരോൾ ഭക്തിയോടെ ചെയ്യേണ്ട കാര്യമാണെന്നും പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് പുതുശ്ശേരി കുരുടിക്കാട് കാളാണ്ടിത്തറയിൽ വിദ്യാർഥികളായ പത്തു പേര്‍ ക്രിസ്മസ് കരോളും ബാൻഡ്‌ വാദ്യങ്ങളുമായി എത്തിയപ്പോൾ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ തടഞ്ഞ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകൻ പുതുശ്ശേരി കാളാണ്ടിത്തറ അശ്വിൻ രാജ് (24) റിമാൻഡിലാണ്.

Show Full Article
TAGS:Shone George BJP carol Crime News 
News Summary - Shone George Justifying BJP attack on Carol's children
Next Story