കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർമാരുടെ കുറവ്; കോഴിക്കോട്-തിരുവനന്തപുരം ട്രിപ്പുകൾ മുടങ്ങി
text_fieldsകോഴിക്കോട്: ബസ് ഓടിക്കാൻ ഡ്രൈവറില്ലാത്തതിനാൽ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബൈപാസ് റൈഡർ സർവിസുകൾ മുടങ്ങി. ഇത് യാത്രക്കാരെ പെരുവഴിയിലാക്കി. 10 സർവിസുകളാണ് ഞായറാഴ്ച മുടങ്ങിയത്. രണ്ടാഴ്ച മുമ്പുവരെ ടിക്കറ്റ് ബുക്ക് ചെയ്തവരാണ് അവസാന നിമിഷം യാത്രമുടങ്ങി ദുരിതത്തിലായത്. യാത്രക്കാരിൽ ചിലർ എക്സ്പ്രസ്, ഡീലക്സ് ബസുകളിൽ പുറപ്പെട്ടു. ഭൂരിഭാഗം പേരും സ്വകാര്യ സർവിസുകളെയും ട്രെയിനിനെയും ആശ്രയിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ 6.30ന് എ.സി ലോഫ്ലോർ ബസ് പുറപ്പെട്ടതിനുശേഷം 12.30നാണ് അടുത്ത ട്രിപ് പുറപ്പെട്ടത്. ഉച്ചക്കുശേഷവും അഞ്ചു ട്രിപ്പുകൾ മുടങ്ങി. ഡ്രൈവർ കം കണ്ടക്ടർ പരിശീലനം ലഭിച്ചവർ ഞായറാഴ്ച ഡ്യൂട്ടിയിൽ വിരളമായതാണ് പ്രശ്നമായത്. തിരുവനന്തപുരത്തേക്ക് 10 മണിക്കൂറാണ് നിശ്ചിത സമയമെങ്കിലും ഗതാഗതക്കുരുക്ക് കാരണം അത് 15 മണിക്കൂർ വരെ നീളും.
ഏതാനും മണിക്കൂർ വിശ്രമത്തിനുശേഷം തിരിച്ചും ബസ് ഓടിക്കണം. ഇത് അപകടസാധ്യത വർധിപ്പിക്കുമെന്നതിനാൽ, ഒരു ഡ്രൈവർ മാത്രമായി വാഹനം ഓടിക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു.
കണ്ടക്ടർമാരും ബസും സജ്ജമായിരുന്നെങ്കിലും ഡ്രൈവർമാർ ഇല്ലാത്തതിനാലാണ് സർവിസ് മുടങ്ങിയതെന്നാണ് ഓപറേറ്റിങ് വിഭാഗത്തിന്റെ വിശദീകരണം. ആവശ്യത്തിന് ജീവനക്കാരില്ലാതെ കോഴിക്കോട്-തിരുവനന്തപുരം ബൈപാസ് റൈഡർ സർവിസ് നടപ്പാക്കിയതാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
നേരത്തേ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് 12 എ.സി ലോഫ്ലോർ സർവിസാണ് ഉണ്ടായിരുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ ഇത് 24 ആക്കി ഉയർത്തിയതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. അതിനിടെ, ലോഫ്ലോർ ബസ് ഡ്രൈവർ കം കണ്ടക്ടർ സർവിസ് പരിശീലനം ലഭിച്ച പലരെയും മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റിയതും തിരിച്ചടിയായി.