18 പ്രതികളെ വെറുതെവിട്ട വിധി അംഗീകരിക്കില്ല; നിയമപോരാട്ടം തുടരാൻ ഷുക്കൂറിന്റെ കുടുംബം
text_fieldsഅരിയിൽ ഷുക്കൂർ, ഷുക്കൂറിന്റെ മാതാവ് ആത്തിക്ക
കണ്ണൂർ: 2012 ഫെബ്രുവരി 20ന് മകൻ ഷുക്കൂർ കൊല്ലപ്പെട്ട അന്നുമുതൽ നിയമ പോരാട്ടത്തിലായിരുന്നു മാതാവ് പി.സി. ആത്തിക്ക. ഗൂഢാലോചന നടത്തിയവരെല്ലാം ജാമ്യത്തിലിറങ്ങി നടന്നതോടെയാണ് സി.ബി.ഐ അന്വേഷണത്തിനായി ഇവർ പോരാട്ടം തുടങ്ങിയത്. ഇപ്പോൾ 18 പ്രതികളെ വെറുതെ വിട്ട സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെയും പോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.
2013 മുതൽ 2017 വരെയായിരുന്നു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ പോരാട്ടം. ആദ്യം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടു.
2013 ഡിസംബർ 10ന് ഉമ്മൻ ചാണ്ടി സർക്കാർ കേസ് സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിട്ടു. എന്നാൽ, കേസ് ഏറ്റെടുക്കാൻ സി.ബി.ഐ സന്നദ്ധമായില്ല.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് 2013 ഡിസംബറിൽ ഹൈകോടതിയെ സമീപിച്ചു. 2016 ഫെബ്രുവരി എട്ടിന് ജസ്റ്റിസ് കെമാൽ പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു.
2016 ഏപ്രിൽ നാലിന് സി.ബി.ഐ അന്വേഷണം ആരംഭിച്ചു. കേസ് തുടരാൻ വീണ്ടും പല നിയമപോരാട്ടങ്ങൾ. 2019 ഫെബ്രുവരി 11ന് പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതക ഗൂഢാലോചനക്കുറ്റം ചുമത്തി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
2020ൽ വിചാരണ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റി. 2025ൽ എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ വിചാരണ തുടങ്ങി.
അപൂർവങ്ങളിൽ അപൂർവം -പ്രോസിക്യൂഷൻ
കൊച്ചി: ഷുക്കൂറിനെ കൊന്ന പ്രതികൾക്ക് വധശിക്ഷതന്നെ നൽകണമെന്ന വാദമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ഏറെ ഭാവിയുള്ള യുവാവിനെ ഇതുവരെയില്ലാത്തവിധം ആൾക്കൂട്ട വിചാരണ നടത്തി കൊപ്പെടുത്തിയത് അപൂർവ സംഭവമാണ്.
അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ് പ്രതികളിൽ നിന്നുണ്ടായത്. അതിനാൽ, പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. സീനിയർ പബ്ലിക് പ്രോസിക്യുട്ടർ എം. നവാസ്, പബ്ലിക് പ്രോസിക്യുട്ടർ ടി.പി. നീതീഷ്, അഡ്വ. കെ. പത്മനാഭൻ, അഡ്വ. കെ.എ. ലത്തീഫ് എന്നിവരാണ് പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഹാജരായത്.



