യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം; നിശ്ശബ്ദത സുരക്ഷക്ക് നൽകുന്ന വില -ശ്വേത ഭട്ട്
text_fieldsകൊച്ചി: രാജ്യത്ത് സത്യം പറയുകയെന്നത് വളരെ അപകടകരമാണെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്. അധികാര സ്ഥാനത്തിനെതിരെ ചോദ്യങ്ങൾ ഉയർത്താൻ ഭയപ്പെടുന്ന സ്ഥിതിയാണ്. വിയോജിപ്പുകളെ ഭരണകൂടം കൈകാര്യം ചെയ്യുന്ന അവസ്ഥയാണെന്നും നിശ്ശബ്ദത സുരക്ഷക്ക് നൽകുന്ന വിലയാണെന്നും ശ്വേത ഭട്ട് പറഞ്ഞു. എറണാകുളം ടൗൺ ഹാളിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ രണ്ടാം ദിനത്തിലെ പ്രതിനിധി സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
നീതി ഏകപക്ഷീയമാകരുത്. നീതി നടപ്പാക്കുമ്പോൾ അധികാരത്തിന്റെ ഇടപെടലും അധികാരം ഉള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള വേർതിരിവും പാടില്ല. ഭരണഘടനാപരമായ ചോദ്യങ്ങളാണ് നമ്മുടെ ജനാധിപത്യം ഇന്ന് അഭിമുഖീകരിക്കുന്നത്. രാജ്യത്ത് ധ്രുവീകരണവും ഭയത്തിന്റെ അന്തരീക്ഷവും വർധിച്ചു വരുന്ന സാഹചര്യത്തിൽ, സത്യാവസ്ഥ വിളിച്ചുപറയുന്ന യുവതലമുറയിലാണ് പ്രതീക്ഷ. ചോദ്യങ്ങൾ ചോദിക്കുന്നതും ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കുന്നതുമാണ് യഥാർഥ രാജ്യസ്നേഹം. അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാൻ ആരംഭിക്കുന്ന ദിവസം, സ്വന്തം സ്വാതന്ത്ര്യത്തെ അടിയറവെക്കാൻ തുടങ്ങുന്ന ദിനമായി മാറും. സഞ്ജീവ് ഭട്ടിന്റെ തടവറയും നിയമപോരാട്ടവും എട്ടു വർഷം പിന്നിടുകയാണ്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ല. തടവറയുടെ നാലു ചുവരുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ വീര്യത്തെ ഇല്ലാതാക്കാനാവില്ല. 2019ൽ സഞ്ജീവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോൾ യൂത്ത് ലീഗ് കോഴിക്കോട്ട് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും മികച്ച മാതൃകയാണിതെന്നും ശ്വേത ഭട്ട് കൂട്ടിച്ചേർത്തു.
ഹിറ്റ്ലർക്കും മുസോളിനിക്കും ഉണ്ടായ അതേ ഗതി തന്നെ ട്രംപിനും നെതന്യാഹുവിനും ഉണ്ടാകുമെന്ന് ലോകം ഉച്ചത്തിൽ പറയുകയാണെന്നും അതേ ആഘാതം തന്നെയാണ് ഇന്ത്യയിൽ നരേന്ദ്ര മോദിയും അഭിമുഖീകരിക്കുകയെന്നും യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ഭരണപരിഷ്കാര കമീഷൻ ചെയർമാനുമായ എം.കെ. മുനീർ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മോദി കൂട്ടിലടച്ച തത്തയായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഊർധശ്വാസം വലിക്കുകയാണ്. ഗാന്ധിഹത്യക്കുശേഷം നടന്ന വലിയ സംഭവമാണ് വോട്ട്ഹത്യ എന്നും ഇതിനെതിരെ യുവത ഉണരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നീതിക്കു വേണ്ടിയുള്ള സമരത്തിൽ യൂത്ത് ലീഗ് തെരുവിൽ ഉണ്ടാകുമെന്ന് അധ്യക്ഷത വഹിച്ച സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. തെക്കൻ കേരളത്തിൽ മുസ് ലിം ലീഗ് ശക്തിപ്പെടുകയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി. യൂത്ത് ലീഗ് പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് സംഘടന അകന്നുപോകരുതെന്നും ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ ചൂണ്ടിക്കാട്ടി. യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ കഴിഞ്ഞ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിമാരായ പി. അബ്ദുൽ ഹമീദ്, റഫീഖ് മണിമല, എം.എൽ.എമാരായ നജീബ് കാന്തപുരം, ടി.പി അഷ്റഫലി എം.എൽ.എ, യൂത്ത് ലീഗ് നേതാക്കളായ ഷിബു മീരാൻ, ഫാത്തിമ തഹ്ലിയ, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട്, എം.പി അഷ്റഫ് മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു. മൂന്ന് ദിവസത്തെ സമ്മേളനം ഞായറാഴ്ച റാലി, വൈറ്റ് ഗാർഡ് പരേഡ്, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.


