മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറി: എസ്.പി സുജിത്ത് ദാസിനെതിരെ പരാതി നല്കിയ എസ്.ഐ ജോലി ഉപേക്ഷിച്ചു
text_fieldsഎസ്.പി സുജിത്ത് ദാസ്
മലപ്പുറം: മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറിയില്‍ മുൻ എസ്.പി സുജിത്ത് ദാസിനെതിരെ പരാതി നല്കിയ എസ്.ഐ എൻ. ശ്രീജിത്ത് ജോലി ഉപേക്ഷിച്ചു. ജോലി ഉപേക്ഷിക്കുന്നതായി അറിയിച്ച് പൊലീസ് മേധാവിക്ക് കത്തയച്ചു. പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും തനിക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുകയാണെന്നും കത്തിലുണ്ട്. 2023 ഡിസംബർ 23 മുതൽ ശ്രീജിത്ത് അന്വേഷണവിധേയമായി സസ്പെൻഷനിലാണ്.
തനിക്കെതിരായ അച്ചടക്കനടപടികളിലേക്ക് നയിച്ച സാഹചര്യങ്ങളറിയാനും സംവിധാനത്തിലെ കള്ളന്മാരെ പുറത്തുകൊണ്ടുവരാനും വിവരാവകാശ നിയമമടക്കം നിരവധി അപേക്ഷകളും പരാതികളും നൽകിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് ശ്രീജിത്ത് കത്തിൽ പറയുന്നു. ‘‘കള്ളനെ ചൂണ്ടിക്കാട്ടിയവനെ കൊലപാതകിയാക്കുന്ന സംവിധാനമാണിത്. അധികാരസ്വാധീനമുപയോഗിച്ച് സേനയിലെ ഒരു വിഭാഗം ഔദ്യോഗികവും അനൗദ്യോഗികവുമായ എല്ലാ കുറ്റകൃത്യങ്ങളിൽനിന്നും രക്ഷപ്പെടുകയും വേണ്ടപ്പെട്ടവരെ സംരക്ഷിക്കുകയും ദുർബല വിഭാഗത്തെ അടിച്ചമർത്തുകയും ചെയ്യുന്നുവെന്നും കത്തിൽ പറയുന്നു.
മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരം മുറിയുമായി ബന്ധപ്പെട്ട പരാതി ആദ്യഘട്ടത്തില്‍ ഉന്നയിക്കുന്നത് ശ്രീജിത്താണ്. സുജിത് ദാസിന്റെ പങ്കടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും അന്ന് പരാതി നല്കി. പക്ഷേ, ഈ പരാതി ആദ്യം ഫയലില്‍ സ്വീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. പകരം തനിക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുകയാണ് ഉണ്ടായതെന്നും ശ്രീജിത്ത് കത്തിൽ വ്യക്തമാക്കുന്നു.


