കോട്ട പിടിച്ചെടുത്ത് യു.ഡി.എഫ്; കൽപറ്റയുടെ സുൽത്താനായി സിദ്ദീഖ്
text_fieldsകൽപറ്റ: കഴിഞ്ഞ തവണ കൈവിട്ട കൽപറ്റ സീറ്റ് ടി. സിദ്ദീഖിലൂടെ തിരിച്ചുപിടിച്ച് യു.ഡി.എഫ്. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷനും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം.വി. ശ്രേയാംസ് കുമാറിനെ പരാജയപ്പെടുത്തി കെ.പി.സി.സി വൈസ് പ്രസിഡൻറ് കൂടിയായ സിദ്ദിഖ് ആദ്യമായി എം.എൽ.എ കുപ്പായമണിയുന്നത്. ആവേശകരമായ പോരാട്ടത്തിൽ തുടക്കം മുതൽ ലീഡ് പിടിച്ചെടുത്ത സിദ്ദീഖ് എതിരാളിയെ ഒരു ഘട്ടത്തിൽപോലും മുന്നിലെത്താൻ വിടാതെയാണ് ജയത്തിലെത്തിയത്. ഒടുക്കം 4886 വോട്ടിന്‍റെ ഭൂരിപക്ഷം നേടിയാണ് സിദ്ദീഖ് നിയമസഭയിലേക്ക് ചുരമിറങ്ങുന്നത്.
ഒറ്റക്കെട്ടായുള്ള പ്രചാരണത്തിലൂടെ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ആധിപത്യം ഉറപ്പിക്കാനായതും നിഷ്പക്ഷ വോട്ടുകൾ സ്വാധീനിക്കാനായതും അനുകൂല ഘടകങ്ങളായി. യു.ഡി.എഫിന് വേരോട്ടമുള്ള പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മുട്ടിൽ, മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ നേടിയ ഭൂരിപക്ഷമാണ് വിജയം എളുപ്പമാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയെങ്കിലും ഉറച്ച സീറ്റായാണ് കൽപറ്റയെ യു.ഡി.എഫ് കണ്ടിരുന്നത്.
വയനാട് മെഡിക്കൽ കോളജ്, റെയിൽവേ, ബഫർ സോൺ, കാർഷിക മേഖലയുടെ തകർച്ച ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയായിരുന്ന സിദ്ദീഖിെൻറ പ്രചാരണം. ശ്രേയാംസ്കുമാർ പ്രചാരണത്തിൽ നേരത്തെ കളംനിറഞ്ഞെങ്കിലും, വൈകിയെത്തിയ സിദ്ദിഖ് പരമാവധി വോട്ടർമാരെ നേരിട്ടു കാണാനും വോട്ടു ചോദിക്കാനും സമയം കണ്ടെത്തി. രാഹുൽ ഗാന്ധിയുടെ സാന്നിധ്യവും യു.ഡി.എഫിന് മുതൽക്കൂട്ടായി.
പുറത്തുനിന്നുള്ള സ്ഥാനാർഥിയെ കെട്ടിയിറക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തിയതും പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ കൊഴിഞ്ഞുപോക്കും സഭയ്ക്ക് താൽപര്യമുള്ള ആളെ പരിഗണിക്കണമെന്ന സമ്മർദവും ആദ്യഘട്ടത്തിൽ സ്ഥാനാർഥി നിർണയം പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവിൽ സ്ഥാനാർഥികളാവാൻ രംഗത്തു വന്ന അര ഡസനോളം നേതാക്കളിൽനിന്നാണ് രാഹുൽ ഗാന്ധിയുടെ ഇടപെടൽ ഉൾപ്പെടെ പരിഗണിച്ച് സിദ്ദീഖിന് സീറ്റ് നൽകിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശക്തനായ അനുയായി എന്ന നിലയിലും രാഹുൽ ഗാന്ധിക്കു വേണ്ടി വയനാട് ലോക്സഭ മണ്ഡലം ഒഴിഞ്ഞു കൊടുത്ത നേതാവ് എന്ന നിലയിലും സിദ്ദീഖിന് നറുക്ക് വീഴാൻ കാരണമായി.
ഒടുവിൽ സിദ്ദീഖ് തന്നെ സ്ഥാനാർഥിയായി എത്തിയതോടെ ഭിന്നതകളെല്ലാം ഉൾവലിയുന്നതാണ് കണ്ടത്. ലീഗ് മണ്ഡലത്തിനായി ചരടുവലികൾ നടത്തിയിരുന്നെങ്കിലും പിന്നീട് പിന്നാക്കം പോയി. അതേസമയം, സിദ്ദീഖിെൻറ സ്ഥാനാർഥിത്വത്തോടെ ലീഗ് ക്യാമ്പുകൾ ഉണർന്നു. കോൺഗ്രസിനേക്കാൾ ചടുലമായി മണ്ഡലത്തിൽ സിദ്ദീഖിനുവേണ്ടി പ്രചാരണം കൊഴുപ്പിക്കുന്നതിൽ ലീഗ് മുൻപന്തിയിൽനിന്നു. പരമ്പരാഗതമായി മുന്നണിക്കൊപ്പംനിന്ന വോട്ടുകളിൽ പലതും ഇക്കുറി നഷ്ടമായെന്നത് യു.ഡി.എഫിനുള്ളിൽ ചർച്ചയാവും.
സിറ്റിങ് സീറ്റ് ഘടകകക്ഷിയായ എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കുന്നതിൽ സി.പി.എം പ്രവർത്തകരിൽ അമർഷം പ്രകടമായിരുന്നു. പരമ്പരാഗത സി.പി.എം വോട്ടുകളിൽ ഇത് ചോർച്ചയുണ്ടാക്കിയിട്ടുണ്ട്. യു.ഡി.എഫിന് അനുകൂലമായി മണ്ഡലത്തിൽ മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നു. അതോടൊപ്പം കാലങ്ങളായി കോൺഗ്രസിനെ പിന്തുണക്കുന്ന ക്രിസ്ത്യൻ വോട്ടുകളിൽ കാര്യമായ ചോർച്ചയും ഉണ്ടായില്ല. യു.ഡി.എഫിന്‍റെ കരുത്തായ ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കി ജയിച്ചുകയറാനുള്ള തന്ത്രങ്ങളാണ് ഇടതുപക്ഷം ആവിഷ്കരിച്ചതെങ്കിലും ഐക്യമുന്നണി അതിനെ ഫലപ്രദമായി ചെറുത്തുനിന്നത് തകർപ്പൻ വിജയത്തിന് വഴിയൊരുക്കുകയായിരുന്നു.
2014ല്‍ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിച്ച സിദ്ദീഖ് ഇടതുകോട്ടയിൽ എതിരാളിയെ വിറപ്പിച്ചാണ് കീഴടങ്ങിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടു. 2016 മുതല്‍ 2020 വരെ കോഴിക്കോട് ഡി.സി.സി പ്രസിഡൻറായിരുന്നു. 2019ല്‍ വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കപ്പെട്ടെങ്കിലും രാഹുല്‍ഗാന്ധിക്കുവേണ്ടി മാറിക്കൊടുത്തു.
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിലെ പെരുമണ്ണയില്‍ പന്നീര്‍ക്കുളം തുവ്വക്കോട്ട് വീട്ടില്‍ കാസിം-നബീസ ദമ്പതികളുടെ മകനായി 1974 ജൂണ്‍ ഒന്നിന് ജനിച്ചു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷട്രീയപ്രവേശം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ്, ദേവഗിരി കോളജ് യൂനിയന്‍ ചെയര്‍മാന്‍, കോഴിക്കോട് ഗവ. ലോ കോളജ് യൂനിറ്റ് പ്രസിഡൻറ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെനറ്റ് അംഗം, സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍, 2007 മുതല്‍ 2009 വരെ യൂത്ത്് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടുണ്ട്. ബികോം എല്‍.എല്‍.ബി ബിരുദധാരി. ഭാര്യ: ഷറഫുന്നിസ. മക്കള്‍: ആദില്‍, ആഷിഖ്, സില്‍ യസ്ദാന്‍.