സിൽവർ ലൈനിൽ മുങ്ങിയത് 56 കോടി
text_fieldsതിരുവനന്തപുരം: സ്വപ്ന പദ്ധതിയായ സിൽവർ ലൈനിൽ നിന്ന് പുതിയ അതിവേഗത പാതയിലേക്ക് സർക്കാർ ചുവടുമാറുമ്പോൾ ഡി.പി.ആർ മുതൽ കല്ലിടലിൽ വരെ ചെലവിട്ട കോടികളിൽ ചോദ്യചിഹ്നം. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം സിൽവർ ലൈനിന്‍റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 56.36 കോടി രൂപയാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെ-റെയിൽ) ചെലവഴിച്ചത്. കൺസൾട്ടൻസി ഫീസുകൾ, വിവിധതരം സാങ്കേതിക സർവേകൾ, ഭൂമി ഏറ്റെടുക്കൽ നടപടികൾക്കുള്ള ഓഫീസ് സംവിധാനങ്ങൾ, അതിരടയാള കല്ലുകളിടൽ എന്നീ ഇനങ്ങളിലാണ് തുക ചെലവിട്ടത്.
സിൽവർ ലൈൻ പ്രായോഗികമല്ലെന്നും സാമ്പത്തിക മാതൃകയും വികസന മാതൃകയും സംസ്ഥാനത്തിന് അനുയോജ്യമല്ലെന്നും തുടക്കത്തിൽ തന്നെ ഇടതു പരിസ്ഥിത പ്രവർത്തകരിൽ നിന്നടക്കം അഭിപ്രായമുയർന്നിട്ടും അതൊന്നും മുഖവിലക്കെടുക്കാതെ സർക്കാർ മുന്നോട്ടുപോവുകയായിരുന്നു.
ഒടുവിൽ കാലാവധി അവസാനിക്കാൻ മൂന്ന് മാസം ശേഷിക്കേ തന്ത്രപരമായി തിരുവനന്തപുരം-കാസർകോട് അതിവേഗ പാത പ്രഖ്യാപിക്കുകയും ബജറ്റിൽ പണമനുവദിക്കുകയും ചെയ്തതിലൂടെ സിൽവർ ലൈനിൽ നിന്ന് പിൻമാറുന്നുവെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് സർക്കാർ.


