സിൽവർ ലൈൻ: ദക്ഷിണ റെയിൽവേയും ഉടക്കിട്ടതായി രേഖകൾ
text_fieldsമലപ്പുറം: സിൽവർ ലൈൻ അർധ അതിവേഗ റെയിൽപാതയുടെ അലൈൻമെൻറ് മാറ്റണമെന്നും പലയിടങ്ങളിലും നിലവിലെ രീതിയിൽ നടപ്പാക്കാനാവില്ലെന്നും ദക്ഷിണ റെയിൽവേ ഒരുവർഷം മുമ്പുതന്നെ അറിയിച്ചതായി രേഖകൾ. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഗുരുതര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ അധികൃതർ കെ-റെയിൽ കമ്പനിക്ക് കത്ത് നൽകിയത് പറയുന്നത്.
2020 ജൂൺ 10, 15 തീയതികളിൽ അയച്ച കത്തുകളിൽ റെയിൽവേ ഉന്നയിച്ച പ്രധാന തടസ്സങ്ങൾ ഇവയാണ്: ആലുവ-അങ്കമാലി റൂട്ടിൽ സിൽവർ ലൈൻ പാത നിർമിക്കാനുദ്ദേശിക്കുന്നത് നിലവിലെ ട്രാക്കിെൻറ പടിഞ്ഞാറ് ഭാഗത്ത് കൂടെയാണ്. നിലവിൽ റെയിൽവേ നാലാമതൊരു പാത കൂടി നിർമിക്കാൻ തീരുമാനിച്ചതും ഇതേ ഭാഗത്താണ്. എതിർഭാഗത്ത് നെടുമ്പാശ്ശേരി വിമാനത്താവളമായതിനാൽ മറ്റൊരു സ്ഥലം ലഭ്യമല്ല. അതിനാൽ അലൈൻമെൻറ് മാറ്റണം. തൃശൂരിൽ സ്റ്റേഷൻ നിർമിക്കുമെന്ന് പറയുന്നത് നിലവിലെ സ്റ്റേഷന് എതിർവശത്താണ്. ഇതിനായി തൃശൂർ-പൂങ്കുന്നം റെയിൽവേ ലൈൻ വഴി തിരിച്ചുവിടണമെന്നാണ് െക-റെയിലിെൻറ ആവശ്യം. എന്നാൽ, ഇത് സ്വീകാര്യമെല്ലന്ന് റയിൽവേ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ലഭ്യമായ മുഴുവൻ ഭൂമിയും തൃശൂരിൽ റെയിൽവേ ഉപയോഗത്തിലാണ്. സിൽവർലൈൻ പദ്ധതിക്കായി മാറ്റിവെക്കാൻ ഭൂമി ലഭ്യമല്ല. തിരൂർ- കോഴിക്കോട്, കോഴിക്കോട്-കണ്ണൂർ, കണ്ണൂർ-കാസർകോട് സെക്ഷനുകളിൽ നിരവധി സ്ഥലങ്ങളിൽ സിൽവർ ലൈൻ ട്രാക്കുകൾ നിലവിലെ റെയിൽവേ ട്രാക്കുകൾക്ക് കുറുകെയോ സമാന്തരമായോ ആണ് പോകുന്നത്. റെയിൽവേ നാല് ലൈനുകൾ നിർമിക്കാൻ പദ്ധതിയിട്ട പ്രദേശങ്ങളാണിതൊക്കെ. അതിനാൽ നിലവിലെ അലൈൻമെൻറുകൾ മാറ്റണം. ഇതിനുപുറമെ പദ്ധതിയുടെ അധിക ചെലവ്, വയലുകൾക്കും ജലാശയങ്ങൾക്കും മുകളിലൂടെ ട്രാക്ക് നിർമിക്കുേമ്പാൾ സ്വീകരിക്കേണ്ട സുരക്ഷ തുടങ്ങി നിരവധി പ്രശ്നങ്ങളും റെയിൽവേ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
റെയിൽവേക്ക് സമർപ്പിച്ച റിേപ്പാർട്ട് അനുസരിച്ച് സിൽവർലൈൻ പദ്ധതിയുെട കോട്ടയം സ്റ്റേഷൻ വരുന്നത് കോടൂർ നദി തീരത്ത് ചിങ്ങവനം ഭാഗത്ത് മുട്ടമ്പലം ലെവൽ ക്രോസിന് സമീപമാണ്. കോട്ടയം നഗരത്തിൽനിന്ന് അകലെയാണിത്. പരിസരത്തൊന്നും പ്രധാന റോഡുകൾ പോലുമില്ലെന്നും റെയിൽവേ റിപ്പോർട്ടിലുണ്ട്. ഇതിന് മറുപടിയായി കെ റെയിൽ അധികൃതർ നൽകിയ റിപ്പോർട്ട് ദക്ഷിണ റെയിൽവേയുടെ നിർദേശങ്ങൾ കൂടി ചേർത്ത് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുകയാണ്. ഇതിെൻറ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതേസമയം, മുകളിൽ പരാമർശിച്ച കത്തിൽ ദക്ഷിണ റെയിൽവേക്കുവേണ്ടി പേരെഴുതി ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ കെ-റെയിലിെൻറ ഡയറക്ടർമാരിൽ ഒരാൾ എന്നത് ശ്രദ്ധേയമാണ്.