പി.എം ശ്രീ നടപ്പാക്കാമെന്ന് കേന്ദ്രത്തിന് ഉറപ്പുനൽകിയശേഷവും പദ്ധതി നടപ്പാക്കില്ലെന്ന് ശിവൻകുട്ടി വാർത്തസമ്മേളനം നടത്തി പറഞ്ഞത് ആറുതവണ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പി.എം ശ്രീ നടപ്പാക്കാമെന്ന് രേഖാമൂലം കേന്ദ്ര സർക്കാറിന് ഉറപ്പുനൽകിയശേഷവും പദ്ധതി നടപ്പാക്കില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്തസമ്മേളനം നടത്തി പറഞ്ഞത് ആറുതവണ. ഏറ്റവും ഒടുവിൽ ആഗസ്റ്റ് 31ന് തിരുവനന്തപുരത്ത് പി.ആർ ചേംബറിൽ നടത്തിയ വാർത്തസമ്മേളനത്തിലും പ്രധാനവിഷയം പി.എം ശ്രീയായിരുന്നു. പി.എം ശ്രീ വേണ്ടെന്ന് പറഞ്ഞ മന്ത്രി, കേരളത്തിന്റെ തടഞ്ഞുവെച്ച 1158 കോടി രൂപ വിട്ടുതരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫണ്ട് തടഞ്ഞുവെച്ചതിൽ തുടർനടപടി ചർച്ചചെയ്യാൻ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൺവെൻഷൻ വിളിക്കുമെന്നും പ്രഖ്യാപിച്ചു. കൺവെൻഷൻ നടത്തിയില്ലെന്നുമാത്രമല്ല ഒന്നര മാസം കഴിഞ്ഞപ്പോൾ, എതിർത്ത പദ്ധതിയിൽ രഹസ്യമായി ഒപ്പിടുന്നതാണ് കണ്ടത്.
അതേസമയം 2024 മാർച്ച് 30ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന റാണി ജോർജ് കേന്ദ്ര സ്കൂൾ വിദ്യാഭ്യാസവും സാക്ഷരതയും വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിന് നൽകിയ കത്തിൽ പി.എം ശ്രീ നടപ്പാക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. കേരളത്തിൽ പി.എം ശ്രീ സ്കൂളുകൾ സ്ഥാപിക്കുന്നത് പരിഗണിക്കുന്നെന്നും ഇതിനായി പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാനതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ 2024-25 അധ്യയന വർഷത്തിന് മുമ്പ് സ്കൂളുകൾ സ്ഥാപിക്കാനുള്ള ധാരണപത്രത്തിൽ സംസ്ഥാനം ഒപ്പുവെക്കുമെന്നും കത്തിൽ പറയുന്നു. ഈ കത്ത് നൽകിയശേഷമാണ് മന്ത്രി വാർത്തസമ്മേളനങ്ങളിൽ പി.എം ശ്രീക്ക് എതിരായ നിലപാട് ആവർത്തിച്ചുകൊണ്ടിരുന്നത്. 2024 ഒക്ടോബറിലും 2025 ഏപ്രിലിലും പി.എം ശ്രീയിൽ ഒപ്പിടുന്നത് സംബന്ധിച്ച അജണ്ട മന്ത്രിസഭ യോഗത്തിൽ വന്നെങ്കിലും സി.പി.ഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് മാറ്റി.
നയപരമായ തീരുമാനമെടുക്കേണ്ട വിഷയം എന്ന നിലയിൽ മാറ്റിവെച്ചതാണ് പിന്നീട് മന്ത്രിസഭയും ഇടതുമുന്നണിയും അറിയാതെ രഹസ്യമായി ഒപ്പിടുന്നതിൽ എത്തിയത്.


