ഉരുൾദുരന്തത്തിന് ആറുമാസം; ഉപജീവനമാർഗം കണ്ടെത്താൻ സർക്കാർ സഹായമില്ല
text_fieldsമുണ്ടക്കൈ (വയനാട്): ഒറ്റരാത്രി പുലരുംമുമ്പേ രണ്ടു പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ഉരുളെടുത്തിട്ട് ഇന്നേക്ക് ആറുമാസം. കഴിഞ്ഞ ജൂലൈ 30നാണ് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയുടെയും ചൂരൽമലയുടെയും ജനങ്ങൾക്കുമേൽ ഉരുൾ പൊട്ടിയൊഴുകിയത്. പ്രിയപ്പെട്ടവരുടെ വേർപാടിന്റെ കദനഭാരമൊഴിയാതെ കഴിയുകയാണ് ആ മഹാദുരന്തത്തിലെ അതിജീവിതർ. ഇപ്പോഴും വാടകവീടുകളിൽ കഴിയുന്ന അവർ ഉപജീവനമാർഗമില്ലാതെ ഉഴലുകയാണ്. മലവെള്ളപ്പാച്ചിലിൽ വീടടക്കം സമ്പാദ്യങ്ങളെല്ലാം നശിച്ചപ്പോൾ കൃഷിഭൂമിയടക്കം ഉപജീവനമാർഗങ്ങളും ഇല്ലാതായി.
വരുമാനമാർഗമായ വാഹനങ്ങളും കടകളും തകർന്ന ചിലർക്ക് സന്നദ്ധസംഘടനകൾ ബദൽ സൗകര്യങ്ങൾ ഒരുക്കി. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിൽനിന്ന് ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല. ആദ്യത്തെ രണ്ടുമാസം കുടുംബത്തിലെ രണ്ടുപേർക്ക് ദിവസം 300 രൂപ വീതം മാസം 9000 രൂപ സർക്കാർ നൽകിയിരുന്നു. എന്നാൽ, ഇത് നിലച്ചതോടെ ഭാവിജീവിതത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണിവർ. ദിവസവേതനം തുടരാൻ ആലോചിക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
കൃഷി- അനുബന്ധ തൊഴിലുകൾ, തേയിലത്തോട്ടം പണികൾ, വാഹനമോടിക്കൽ എന്നിവയായിരുന്നു ഉരുളെടുത്ത 10, 11, 12 വാര്‍ഡുകളിലുള്ള ഭൂരിഭാഗം പേരുടെയും ജീവിതമാർഗം. തദ്ദേശവകുപ്പ് തയാറാക്കിയ സമഗ്ര മൈക്രോ പ്ലാൻ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചത്. 1879 പേരുടെ ഉപജീവനമാർഗം പൂർണമായി ഇല്ലാതായി. ആരോഗ്യം, പോഷകാഹാരം, ഉപജീവനം, നൈപുണി വികസനം, വിദ്യാഭ്യാസം എന്നീ മേഖലകളിലായി ആകെ 5987 സേവനങ്ങള്‍ ദുരന്തമേഖലയിൽ ആവശ്യമാണെന്നാണ് കണ്ടെത്തിയത്. എന്നാൽ, ചിലയിടങ്ങളിൽ സ്ത്രീകൾക്ക് തയ്യൽ യന്ത്രങ്ങൾ നൽകിയതല്ലാതെ മറ്റൊന്നും സർക്കാർ ചെയ്തിട്ടില്ല. നിർമാണ യൂനിറ്റുകളടക്കം 84 സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ പാടേ ഇല്ലാതായതായും കെട്ടിടം ഒഴികെ ഈ മേഖലയിൽ 12.36 കോടിയുടെ നഷ്ടമുണ്ടെന്നുമാണ് ജില്ല വ്യവസായകേന്ദ്രത്തിന്റെ കണക്ക്.
സ്വകാര്യ തേയിലത്തോട്ടങ്ങളിൽ 150ഓളം തൊഴിലാളികളുണ്ടായിരുന്നു. ഇപ്പോൾ 30ഓളം പേർമാത്രമാണ് ഇവിടെ പണിക്കെത്തുന്നത്. ബാക്കിയുള്ളവർ ദൂരസ്ഥലങ്ങളിൽ വാടകക്ക് കഴിയുന്നതിനാൽ എസ്റ്റേറ്റ് ഉടമകൾ ഇതരസംസ്ഥാനതൊഴിലാളികളെ പകരം ദിവസക്കൂലിക്ക് ഏർപ്പെടുത്തി. മിക്ക അതിജീവിതരും കൂലിപ്പണിക്ക് പോവുകയാണിപ്പോൾ. മറ്റാരും സഹായത്തിനില്ലാത്തതിനാൽ തൊഴിലുറപ്പ്, നിർമാണതൊഴിലുകൾ ചെയ്തിരുന്ന പ്രായമായവർ തീരാദുരിതത്തിലാണ്.
ദുരന്തത്തിൽ നശിക്കാത്ത തോട്ടങ്ങളിൽ കൃഷിപ്പണിക്കായുള്ള സഹായവും സർക്കാർ ചെയ്യുന്നില്ല. മറ്റിടങ്ങളിലെ മിച്ചഭൂമികൾ കൃഷി ചെയ്യാൻ പാട്ടത്തിന് നൽകണമെന്ന അതിജീവിതരുടെ ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല. നിലവിൽ 983 കുടുംബങ്ങൾ വാടകവീടുകളിലാണ് കഴിയുന്നത്. ഇവർക്ക് 6000 രൂപ വീതം മാസവാടക സർക്കാർ നൽകുന്നു എന്നതാണ് ആശ്വാസം.
പുനരധിവാസം: അന്തിമപട്ടിക ഇനിയും വന്നില്ല
മുണ്ടക്കൈ ഉരുൾദുരന്തം നടന്ന് നാളേക്ക് ആറുമാസം പൂർത്തിയാകുമ്പോഴും പുനരധിവാസ ടൗൺഷിപ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ അന്തിമപട്ടിക ഇനിയും പുറത്തുവന്നില്ല. നേരത്തേ തയാറാക്കിയ കരട് പട്ടികയില്‍ 388 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ, 70ഓളം പേരുടെ വിവരങ്ങൾ ഇതിൽ ആവർത്തിച്ചതടക്കം നിരവധി തെറ്റുകൾ ഉണ്ടായിരുന്നു. ഇതിനുശേഷം സർക്കാർ പറഞ്ഞ സമയം കഴിഞ്ഞിട്ടും അന്തിമപട്ടിക പുറത്തിറക്കാനായിട്ടില്ല. അതേസമയം, അതിജീവിതരുടെ ജനകീയസമിതി 531 പേരുടെ പട്ടിക തയാറാക്കിയതായും കുറ്റമറ്റ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധപരിപാടികൾ നടത്തുമെന്നും സമിതി കൺവീനർ ജെ.എം.ജെ. മനോജ് പറഞ്ഞു.