ആദിവാസി യുവതിക്ക് അടിമവേല; ശിവക്ക് എന്തു സംഭവിച്ചെന്ന് അറിയണമെന്ന് ബന്ധുക്കൾ
text_fieldsകോഴിക്കോട്: നഗരത്തിലെ വീട്ടിൽ 33 വർഷമായി അടിമവേല ചെയ്യുന്ന അട്ടപ്പാടി സ്വദേശിനി ശിവയുടെ ബന്ധുക്കൾ കോഴിക്കോട്ടെത്തി ജില്ല ട്രൈബൽ ഡവലപ്മെന്റ് ഓഫിസറെ സന്ദർശിച്ചു. ശിവയെ അടിമവേല ചെയ്യിക്കുകയാണെന്ന് കാണിച്ച് പിതാവ് പളനിസ്വാമി ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തതിനെ തുടർന്ന് റിപ്പോർട്ട് നൽകാൻ ട്രൈബൽ ഓഫിസറോടും പൊലീസിനോടും ഹൈകോടതി നിർദേശം നൽകിയിരുന്നു.
പന്നിയങ്കര ഗീതാലയത്തിൽ പരേതനായ പി.കെ. ഗിരീഷിന്റെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയാണ് യുവതി. ശിവയെ സന്ദർശിക്കാനോ ടെലിഫോണിൽ ബന്ധപ്പെടാനോ കഴിയാത്തതിന്റെ വിഷമം പിതാവും സഹോദരങ്ങളും പങ്കുവെച്ചു.
മകൾ വരുകയാണെങ്കിൽ തന്റെയൊപ്പം താമസിക്കാമെന്നും ഒരേക്കറോളം ഭൂമി ശിവയുടെ പേരിൽ നൽകാൻ തയാറാണെന്നും പിതാവ് പളനിസ്വാമി ‘മാധ്യമ’ത്തോട് പറഞ്ഞു. മാതാവിനോടും രണ്ടാനച്ഛനോടും ഒപ്പമാണ് ശിവ ജീവിച്ചിരുന്നത്. അട്ടപ്പാടിയിൽ തന്നെ താമസിച്ചിരുന്ന താൻ വിവരങ്ങൾ അറിഞ്ഞപ്പോൾ വൈകി. അറിഞ്ഞതിനു ശേഷമാണ് ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തതെന്നും പളനിസ്വാമി പറഞ്ഞു.
അടിമവേലയെക്കുറിച്ച് ‘മാധ്യമം’ വാർത്ത നൽകിയതിന് പിന്നാലെ ശിവയെ അടിമവേലയിൽനിന്ന് മോചിപ്പിക്കണമെന്നും 8.86 ലക്ഷം രൂപ വേതനം നൽകണമെന്നും 2019ൽ ജില്ല കലക്ടർ ഉത്തരവിട്ടിരുന്നു.
പിന്നീട് എന്താണ് സംഭവിച്ചതെന്ന് കുടുബാംഗങ്ങൾക്ക് അറിയില്ല. ശിവക്ക് സ്വന്തമായി മൊബൈൽ ഫോൺ ഉണ്ടായിരുന്നില്ല. ബന്ധപ്പെടാനായി ലാൻഡ് ഫോൺ നമ്പറാണ് നൽകിയിരുന്നത്. വീട്ടുകാർ അടുത്തുതന്നെയുണ്ടാകാറുള്ളതിനാൽ ശിവക്ക് സ്വതന്ത്രമായി സംസാരിക്കാൻ കഴിയാറില്ല. ശിവയെ കാണാനായി അമ്മാവനും അമ്മായിയും പന്നിയങ്കരയിലെ വീട്ടിലേക്ക് പോയപ്പോൾ പട്ടിയെ തുറന്നുവിടുന്ന സാഹചര്യമുണ്ടായെന്ന് പരാതി പറഞ്ഞതായി സാമൂഹികപ്രവർത്തക അമ്മിണി വയനാട് പറഞ്ഞു. പിന്നീട് ആരും അവിടേക്ക് പോയിട്ടില്ല. ഫോണിൽ ബന്ധപ്പെടാനോ നേരിട്ട് കാണാനോ കഴിയാത്ത അവസ്ഥയാണ്. രാഷ്ട്രീയസ്വാധീനം ഉള്ളവരായതിനാൽ ബന്ധുക്കൾക്ക് പേടിയുണ്ട്. ഈ സാഹചര്യത്തിലാണ് ഹേബിയസ് കോർപസ് ഹരജി ഫയൽ ചെയ്തതെന്ന് ശിവയുടെ സഹോദരി മസാനി പറഞ്ഞു. സഹോദരൻ മുരുകനും രണ്ടാനച്ഛൻ രാമനും ഇവരോടൊപ്പം ട്രൈബൽ ഡെവലപ്മെന്റ് ഓഫിസറെ സന്ദർശിക്കാൻ എത്തിയിരുന്നു.
കലക്ടറുടെ നിർദേശമനുസരിച്ച് ഒമ്പതു ലക്ഷത്തോളം രൂപ ശിവയുടെയും ഗിരീഷിന്റെ ഭാര്യ ഗീതയുടെയും പേരിൽ ജോയന്റ് അക്കൗണ്ടിൽ ഇടാമെന്നായിരുന്നു വീട്ടുടമ അറിയിച്ചത്. ശിവയുടെ പേരിൽ ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയവ ഇല്ലാത്തതിനാൽ അക്കൗണ്ട് തുടങ്ങുന്നത് പ്രായോഗികമായിരുന്നില്ല. പോസ്റ്റ് ഓഫിസിൽ ശിവയുടെ പേരിൽ തുടങ്ങിയ അക്കൗണ്ടിന്റെ പാസ്ബുക്ക് കണ്ടിരുന്നതായും 400 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും അമ്മിണി വയനാട് പറഞ്ഞു.
ശിവക്ക് എന്തുസംഭവിച്ചുവെന്നറിയാതെ ഇത്തവണ പിൻമാറില്ലെന്ന ഉറച്ച നിലപാടിലാണ് ബന്ധുക്കൾ.
മാതാവിന്റെയും രണ്ടാനച്ഛന്റെയും കൂടെ താമസിക്കുമ്പോഴായിരുന്നു പ്രാദേശിക നേതാവ് വഴി ശിവ 11ാം വയസ്സിൽ പന്നിയങ്കരയിൽ ജോലിക്കെത്തിയത്. സി.പി.എം അനുകൂല വ്യാപാരി വ്യവസായി സമിതിയുടെ നേതാവായിരുന്നു വീട്ടുടമ.